ആതിര ഗോപിനാഥ്‌

PERSISTENCE CAN CHANGE FAILURE INTO EXTRAORDINARY ACHIEVEMENT

അഖില്‍ എന്ന ചെറുപ്പക്കാരന്റെ ബ്ലോഗ് കുറിപ്പില്‍ ഈ വരികള്‍ കാണാം. ഈ വരികളുടെ ജീവനുള്ള അര്‍ത്ഥമാണ് അഖില്‍ ജി. എന്ന പേരിന്. തിരുവനന്തപുരത്തെ മരുതമല എന്ന ഉള്‍ഗ്രാമത്തില്‍ സാധാരണ കുടുംബത്തില്‍ ഒരു ഓട്ടോഡ്രൈവറുടെ മകനായി ജനിച്ച കെമിസ്ട്രി ബിരുദധാരിയായ ഒരു ചെറുപ്പക്കാരന്റെ ശരാശരി ജീവിതം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.എങ്കിലിതൊന്നു കേള്‍ക്കുക.

മാസം നാലു ലക്ഷം രൂപ വരുമാനം. തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി രണ്ട് ഓഫീസുകള്‍. ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം എന്ന അംഗീകാരം .ഇവയെല്ലാം അഖിലിനു സ്വന്തമായത് persistence അഥവാ സ്ഥിരപരിശ്രമം കൊണ്ടാണ്. നാലു വര്‍ഷം മുന്‍പ് ഒരു ന്യൂസ് പോര്‍ട്ടലില്‍ വിന്‍ഡോസ് ഫോണിനെപ്പറ്റി തെറ്റായി വന്ന വാര്‍ത്തയാണ് അഖിലെന്ന സാധാരണക്കാരന്റെ ജീവിതത്തെ ഗതിമാറ്റിയത്. വാര്‍ത്ത തെറ്റാണെന്ന് അഖില്‍ ആ പോര്‍ട്ടലില്‍ കമന്റ് ചെയ്തു. അടുത്ത ദിവസം പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ തന്റെ ടീമില്‍ ചേരാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് അഖിലിനു മെയില്‍ അയച്ചു. ബ്ലോഗെഴുത്ത് എന്താണെന്ന് പോലും അന്ന് അറിയില്ലായില്ലായിരുന്നെങ്കിലും ആ ഓഫര്‍ സ്വീകരിച്ചു.

അവിടെ നിന്ന് ബ്ലോഗെഴുത്തിനെകുറിച്ചും കണ്ടെന്റ് മാനേജ്‌മെന്റിനെകുറിച്ചും ഓണ്‍ലൈന്‍ സാധ്യതകളെകുറിച്ചും കൂടുതല്‍ അറിഞ്ഞു. സ്വന്തമായി ഒരു ബ്ലോഗ് എന്ന ആഗ്രഹം അപ്പോഴാണ് തോന്നുന്നത്. അങ്ങനെ ആദ്യ വെബ്‌സൈറ്റ് ആരംഭിച്ചു. പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ബ്ലോഗിങ് മേഖലയിലെ മത്സരം അത്ര കടുപ്പമുള്ളതായിരുന്നു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അത് അടച്ചു പൂട്ടേണ്ടിവന്നു. അത് കടുത്ത നിരാശ നല്കിയെങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാതെ എന്തൊക്കെയോ പരതിക്കൊണ്ടിരുന്നു. പക്ഷേ, എന്തു ചെയ്യണമെന്ന് അറിയുകയും ഇല്ല.

തോല്‍വി വകവെയ്ക്കാതെ പോരാടുന്നവനു മുന്നില്‍ സാധ്യതകള്‍ വന്നുചേരുക തന്നെ ചെയ്യും. ന്യൂയോര്‍ക്കുകാരനായ ഒരു പുതിയ സുഹൃത്തിന്റെ രൂപത്തിലാണ് ഇത്തവണ അതു സംഭവിച്ചത്. മൈക്രോസോഫ്ട് ബ്ലോഗിലെ ഔദ്യോഗിക എഴുത്തുകാരനായിരുന്ന അയാളിലൂടെ പുതിയ എഴുത്തു ശൈലികളും ടെക്‌നിക്കുകളും മനസ്സിലാക്കി. ആ സുഹൃത്ത് നല്‍കിയ ആത്മവിശ്വാസത്തില്‍ വീണ്ടും ബ്ലോഗ് തുടങ്ങി. പുതിയ രീതികള്‍ വിജയിച്ചു. വെറും ബ്ലോഗ് മാത്രമായിരുന്നവ പിന്നീട് വാര്‍ത്താ പോര്‍ട്ടലായി വളര്‍ന്നു. പിന്നെ മറ്റ് ബ്ലോഗുകളും ആരംഭിച്ചു.

ബ്ലോഗിനൊപ്പം ഗൂഗിള്‍ ആഡ്‌സെന്‍സും അഫിലിയേറ്റും ചെയ്യാന്‍ തുടങ്ങി. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രശസ്തനായ ടെക്‌നോളജി ജേര്‍ണലിസ്റ്റും വിശ്വാസതയുള്ള ഗാഡ്‌ജെറ്റ് നിരൂപകനും ആയി വളരാന്‍ കഠിന പ്രയത്‌നത്തിലൂടെ അഖിലിന് സാധിച്ചു. ഏതെങ്കിലും ഇലക്ട്രോണിക്‌സ് ഉപകരണത്തെപ്പറ്റി എഴുതുന്നതിന് മുമ്പ് ഒരാഴ്ചയെങ്കിലും അത് ഉപയോഗിച്ച് നോക്കും. തന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് നിരൂപണം നടത്തുക. അതുകൊണ്ടു തന്നെ വായനക്കാരുടെ വിശ്വാസം നേടിയെടുക്കാന്‍ അഖിലിന് കഴിഞ്ഞു. തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള ഓഫീസിനു പുറമെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒരുപാട് പേര്‍ അഖിലിന് വേണ്ടി എഴുതുന്നുണ്ട്.

കഥ അവിടെ തീരുന്നില്ല. ഏതൊരു ബഗ്ഗ് ഹണ്ടറുടെയും സ്വപ്നമാണ് ഐ.ടി. അതികായന്‍മാരായ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം അംഗീകാരം ലഭിക്കുക എന്നത്. പ്രശസ്ത കമ്പനികളുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യുക, എന്നിട്ട് അങ്ങനെയൊരു സുരക്ഷാവീഴ്ചയുള്ളതായി അതേ കമ്പനിയെ അറിയുക്കുക എന്നത് അഖിലിന്റെ വിനോദമായിരുന്നു. ഇത്തരം ബഗ്ഗുകള്‍ ഗൂഗിളിലും കണ്ടുപിടിക്കുക അത് അവരുടെ ശ്രദ്ധയില്‍പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.ഗൂഗിളിന്റെ സുരക്ഷ അത്ര ശക്തമായതിനാല്‍ അതത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കഠിനപ്രയത്‌നത്തിനൊടുവില്‍ ആദ്യ ബഗ്ഗിനെപ്പറ്റി ഗൂഗിളിനെ അറിയിച്ചു. പക്ഷേ, അത് ഡൂപ്ലിക്കേറ്റ് ആണെന്നായിരുന്നു ഗൂഗിളിന്റെ മറുപടി.

പിന്നെയും നിരന്തരശ്രമം. ഒടുവില്‍ അടുത്ത് ഒന്നിനെ കൂടെ കിട്ടി. വീണ്ടും നിരാശയായിരുന്നു ഫലം. ഗൂഗിള്‍ അതിനെയും ഡൂപ്ലിക്കേറ്റ് ആയി സ്ഥിരീകരിച്ചു. കഠിനപ്രയത്‌നം തുടര്‍ന്നു. മാസങ്ങള്‍ക്കുശേഷം അടുത്ത ബഗ്ഗിനെ കൂടെ കിട്ടി. പക്ഷേ ഗൂഗിളിന്റെ നിലപാടിന് മാറ്റമുണ്ടായില്ല. ഇത്തവണ കണ്ടുപിടിച്ചതിനെ ഡൂപ്ലിക്കേറ്റ് ചെയ്യാന്‍ ആകില്ലെന്ന് അഖിലിന് ഉറപ്പുണ്ടായിരുന്നു. Persistent can change failure into extraordinary achievement എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ഈ ബഗ്ഗുുകളെ ഗൂഗിള്‍ സുരക്ഷാ വിഭാഗത്തിന് അയച്ചുകൊടുത്തു. ഈ മൊഴിയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇത്തവണ ഗൂഗിളിന്റെ മറുപടി. അവര്‍ അഖില്‍ കണ്ടെത്തിയ സുരക്ഷാവീഴ്ചയുടെ പുതിയ സാധ്യതയെ അംഗീകരിച്ചിരിക്കുന്നു. ഒപ്പം ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം എന്ന അംഗീകാരവും.

അഖില്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ ഇന്ന് സാധിക്കില്ല. ആന്‍ഡ്രോയിഡ് ഹിറ്റ്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒ. വിന്‍ഡോസ് ലേറ്റസ്റ്റിന്റെ മാനേജിംഗ് എഡിറ്റര്‍. വണ്‍ ടെക് സ്റ്റോപ്പ്, ടെക് മെസ്റ്റോ തുടങ്ങിയ ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും കോളമിസ്‌ററും. www.akhilg.info തുറന്നാല്‍ സുരക്ഷാഗവേഷകനും ഡിജിറ്റല്‍ കണ്‍സള്‍ട്ടന്റും ആയ അഖിലിനെയാവും കാണുക. ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഓണ്‍ലൈന്‍ വൊളണ്ടിയര്‍ കൂടെയാണ് അഖില്‍.

ഓണ്‍ലൈന്‍ മാര്‍ക്കെറ്റിങ്ങിന്റെയും പണം സമ്പാദിക്കുന്നതിന്റെയും പുതിയ സാധ്യതകള്‍ മാത്രമല്ല, പരാജയം എന്നെന്നേക്കുമുള്ള തകര്‍ച്ചയല്ലെന്നും വിജയം ഒന്നിന്റെയും അവസാനമല്ലെന്നുകൂടെയാണ് അഖിലിന്റെ നേട്ടങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്തു സംഭവിക്കുന്നു എന്നതല്ല ഏത് അവസ്ഥയിലും മുന്നോട്ട് പോകുക എന്ന വലിയ പാഠത്തിന് നമ്മുടെ ജീവിതത്തിലും ഒരുപക്ഷേ ഇതുപോലെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും.

 

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here