“അവനൊരു കഴുതയാണ്, അവനിങ്ങനെ ഒരു കഴുതയായിപ്പോയല്ലോ” തുടങ്ങി നിരവധി കഴുത പ്രയോഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നതാണ്.

പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്ന ‘കഴുത’ യെ ബുദ്ധിയില്ലാത്ത ജീവിയായി കാണുകയും, ഇതിനെ സമീകരിച്ച് കൊണ്ട് ബുദ്ധിയില്ലായ്മയുടെ, അല്ലെങ്കില്‍ വിഡ്ഢിത്തത്തിന്റെയെല്ലാം പര്യായമായാണ് കഴുത എന്ന് ഉപയോഗിക്കുന്നതും.

സത്യത്തില്‍ കഴുത ഒരു ബുദ്ധിയില്ലാത്ത ജീവിയാണോ?

മനുഷ്യന്‍ ഒഴികെയുള്ള ജീവികളില്‍ ഏറ്റവും ബുദ്ധിയുള്ള ജീവികള്‍ സസ്തനികള്‍ ആണ്. പക്ഷെ മറ്റു സസ്തനികളെപ്പോലെ ബുദ്ധിയുണ്ടായിട്ടും വിഡ്ഢികളുടെ പട്ടികയില്‍ ഇടം പിടിച്ച മൃഗമാണ് കഴുത. വളര്‍ത്തു മൃഗമായ കഴുതയെ ഭാരം വഹിക്കാനായി മനുഷ്യന്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വര്‍ഗ്ഗത്തിലുള്ള ഈ മൃഗത്തിന് രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യന്‍ ഉപയോഗിക്കുന്നുണ്ട്.

കഴുത പ്രയോഗം പഴയ കാലത്തെ സാഹിത്യങ്ങളില്‍ നിന്ന് തുടങ്ങിയതാണ്. 160-A D യില്‍ റോമന്‍ ദാര്‍ശനികനായിരുന്ന അപൂലിയസിന്റെ ‘ദ ഗോള്‍ഡന്‍ ആസ്’ എന്ന കൃതിയിലും, ഈ സോപ്പ് കഥകളിലും കഴുതയെ ബുദ്ധി ഇല്ലാത്ത മൃഗമായി ചിത്രീകരിച്ചു. ഷേക്സ്പീയര്‍ ‘ആസ്’ അഥവാ കഴുത എന്ന വാക്ക് ബുദ്ധിയില്ലായ്മയുടെയും, വിഡ്ഢിത്തത്തിന്റെയും പര്യായമായി തന്റെ കൃതിയില്‍ പകര്‍ത്തിയപ്പോള്‍ കഴുതകള്‍ വിവരമില്ലായ്മയുടെ പട്ടികയിലേക്ക് പൂര്‍ണ്ണമായും തള്ളപ്പെട്ടു.

മനുഷ്യര്‍ ഇന്നും കരുതുന്നത് കഴുത തീരെ ബുദ്ധിയില്ലാത്ത മൃഗം എന്നാണ്. പക്ഷെ കഴുതകള്‍ കുതിരയുടെ കുടുബമാണ് അതുകൊണ്ട് തന്നെ കഴുതയ്ക്ക് കുതിരയുടെ അത്ര തന്നെ  ബുദ്ധിയുമുണ്ട് എന്നതാണ് സത്യം. കഴുതക്കും, കുതിരക്കും കൂടി ജനിക്കുന്ന ‘കോവര്‍കഴുതകളെ’ പമ്പരവിഡ്ഢി ആയിട്ടാണ് മനുഷ്യര്‍ കരുതുന്നത്. കഴുതക്കും ,കോവര്‍കഴുതക്കും കുതിരയോളം തന്നെ ബുദ്ധിയുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് കഴുത മരമണ്ടനല്ല എന്നതാണ് സത്യം.

Leave a Reply