പ്രളയത്തില്‍ തകര്‍ന്നടിഞ്ഞവര്‍ക്ക് സഹായം ആവശ്യമാണെന്ന തിരിച്ചറിവാണ് അതിലേക്കു നയിച്ചത്.
സ്വന്തമായി സമ്പാദിച്ചതെല്ലാം വെള്ളമെടുത്ത്, നികത്താനാകാത്ത നഷ്ടക്കണക്കുകള്‍ മാത്രം ബാക്കിയായ ചില മനുഷ്യ ജന്മങ്ങളുണ്ടവിടെ.
ഏക മനസ്സോടെ മലയാളികള്‍ നെഞ്ച് വിരിച്ചു നിന്നതുകൊണ്ടു മാത്രം രക്ഷപ്പെട്ട ജീവനുകള്‍.
ഇനി ഇവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരണം.
പകര്‍ച്ചവ്യാധികള്‍ തടയണം.
ഇനിയുള്ള ജീവിതം ദുരന്തമാകാതെ അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
ഈ ചിന്തയില്‍ നിന്നാണ് Kerala Flood Rehab എന്ന പദ്ധതി രൂപമെടുക്കുന്നത്. 2018 ഓഗസ്റ്റ് 24 മുതല്‍ 29 വരെ.
ലക്ഷ്യം
- സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന 100 വീടുകള്‍ ശുചീകരിക്കുക.
- പകര്‍ച്ചവ്യാധികളുടെ പ്രതിരോധവും ആരോഗ്യജീവനത്തിന്റെ ബോധവത്ക്കരണവും നടത്തുക.
NowNext മുന്നോട്ടുവെച്ച പദ്ധതിക്ക് പിന്തുണ നല്‍കാന്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തയ്യാറായി.
പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലുവ, പറവൂര്‍ പ്രദേശത്തെ പ്രളയം ബാധിച്ച വീടുകള്‍ ശുചീകരിക്കുന്നതായിരുന്നു പദ്ധതി.
6 ദിവസങ്ങളിലായുള്ള ക്യാമ്പ്.
അതിലേക്ക് സേവനസന്നദ്ധരായുള്ള എല്ലാ യുവതീയുവാക്കളേയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിച്ചു.
പ്രതികരണം അഭൂതപൂര്‍വ്വമായിരുന്നു.
Personal Protective Equipment (for a volunteer)
- Dress (T Shirt and Pants)
- Rubber Boot -1 pair
- Thick Gloves -5 pair
- N95 Mask Box -12 nos
- Spectacles -1
- Cap -1
- Ear plug -2
Cleaning Kit (for a home)
- Bleaching Powder -1 packet
- Washing Powder -5L
- Insecticide -2 L
- Brush – 6 (various types)
- Scrubber -6 nos of various sizes
- Broom, Dustpan & Mop -6 nos
- Plastic Trash Bags -6 nos (100 Litre each)
- Rat poison -2 bottles
- Mosquito Repellent -3
For a family
- Standard medical kit including insecticide
- Mosquito Repellent & Mosquito nets -2 each
സേവനസന്നദ്ധരായ യുവതീയുവാക്കള്‍ ഒരേ മനസ്സോടെ അണിചേര്‍ന്നപ്പോള്‍ അതൊരു പുതിയ കരുത്തായി. സേവനത്തിന്റെ പുതിയ ചരിത്രമായി. ചെറിയൊരു ശ്രമം എന്ന നിലയിലാണ് തുടങ്ങിയത്. പക്ഷേ, ഈ ശ്രമത്തോടുള്ള അഭൂതപൂര്‍വ്വമായ പ്രതികരണം ഇതിനെ വളരെ വലുതാക്കി.
ഒരു വാട്ട്‌സാപ്പ് സന്ദേശമായിരുന്നു എല്ലാത്തിനും തുടക്കം. ‘നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ?’ എന്ന സന്ദേശം മാത്രമാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളവരെ എന്തിന് മഹാരാഷ്ട്രക്കാരന്‍ പര്‍വ്വീതിനെ വരെ ശുചീകരണ യത്നത്തില്‍ ഒരുമിച്ച് നിര്‍ത്തിയത്. അതില്‍ 11കാരനായ ജഗനും 14കാരനായ അർണ്ണവും മുതല്‍ 50 പിന്നിട്ട ആശാ-ശശികുമാര്‍ ദമ്പതിമാര്‍ വരെ ഉണ്ടായിരുന്നു. പലരും നിത്യജീവിതത്തിൽ അധികമൊന്നു മേലനങ്ങേണ്ടി പോലും വന്നിട്ടില്ലാത്തവര്‍. ഇവിടെ എല്ലു മുറിയെ പണിയെടുക്കേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു.എങ്കിലും ഈ ഘട്ടത്തില്‍, ദുരിതമനുഭവിച്ചവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് അല്പമെങ്കിലും ആശ്വാസമാകുമെങ്കില്‍ സന്തോഷമായി എന്ന് കരുതിയവര്‍ ആലുവയില്‍ ഒത്തുകൂടി.
പ്രളയം ബാധിച്ചവശയായ ആലുവയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവോണ നാളില്‍പ്പോലും അവധിയുമുണ്ടായില്ല. ആഘോഷിക്കാന്‍ പോയിട്ട് വിശ്രമിക്കാന്‍ പോലും യുവതീയുവാക്കള്‍ തയ്യാറായില്ല. കോളേജുകളിലും കമ്പനികളിലും കസവുമുണ്ടും ഷര്‍ട്ടുമിട്ട് ഓണപ്പൂക്കളവും ആഘോഷവുമൊരുക്കി ഫേസ്ബുക്കില്‍ പോസ്റ്റുന്ന പതിവ് ചങ്കന്‍മാര്‍ ഇക്കുറി തിരുത്തി. യൂണിഫോമായ കറുത്ത ടീഷര്‍ട്ടിട്ട്, ബ്രഷുകളും കൈയുറകളും ബൂട്ട്സും അടുക്കി ‘പൂക്കളം’ ഒരുക്കി. അതായിരുന്നു ഇത്തവണത്തെ ഓണച്ചിത്രം. മുഖംമൂടിയും കൈയുറയും ധരിച്ച്, കാലുറ കൊണ്ട് ചെളിയെ വകഞ്ഞുമാറ്റി പണി തുടങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സംവിധായകന്‍ ജിയോ ബേബിയും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയും അദ്ധ്യാപകനായ അനസും മുതല്‍ ഐ.ടി കമ്പനികളുടെ സി.ഇ.ഒമാരും സി.ടി.ഒമാരും തുടങ്ങി വിദ്യാര്‍ത്ഥികള്‍ വരെ ഇതിന്റെ ഭാഗമായി.
യുവാക്കളെ കൂട്ടിയോജിപ്പിച്ച അതേ വാട്സാപ്പ് സന്ദേശം മുഖവിലയ്ക്കെടുത്ത്, സ്വയം മുന്നോട്ടു വന്ന് ശുചീകരണ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയ ജോഷി ഡേവിസ്, രഘുനാഥ്, വിസ്മൽ എന്നീ സുഹൃത്തുക്കൾ ചെയ്തു തന്ന സഹായം എടുത്തുപറയണം. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തതിനാൽ തങ്ങളാൽ കഴിയുംവിധം അവർ പിന്തുണയ്ക്കുകയായിരുന്നു. കർമ്മോത്സുകരായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് എല്ലാ ദിവസങ്ങളിലും ശീതളപാനീയങ്ങളും ലഘുഭക്ഷണവും ഒരുക്കാനും മറ്റു സഹായങ്ങൾക്കും മുന്നിൽ നിന്ന ജിജി, ജോർജ്ജ് എന്നിവർ നൽകിയ പിന്തുണയും ചെറുതല്ല. ഇതിനു പുറമെ ക്യാമ്പംഗങ്ങൾക്ക് ഭക്ഷണമൊരുക്കിയവര്‍, കിടക്കാന്‍ സ്ഥലം നല്‍കിയവര്‍ -അങ്ങനെ പിന്തുണ പലവിധത്തില്‍ വന്നു.
ആലുവയിൽ നിന്ന് എടത്തല, ആലങ്ങാട്, നീറിക്കോട് എന്നിവിടങ്ങളിലേക്കാണ് സന്നദ്ധസംഘം ശുചീകരണ പ്രവർത്തനങ്ങളുമായി നീങ്ങിയത്. 6 ദിവസം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കത്തിലുണ്ടായിരുന്നത് 30 പേര്‍. എന്നാല്‍, ആറാം ദിവസം ദൗത്യസംഘത്തിന്റെ അംഗബലം 128 ആയി. ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലേറെ -കൃത്യമായി പറഞ്ഞാൽ 207 വീടുകള്‍ ശുചീകരിച്ചു താമസയോഗ്യമാക്കി. ഇതിനു പുറമേ 81 കിണറുകള്‍ വൃത്തിയാക്കി സൂപ്പർ ക്ലോറിനേഷൻ അടക്കം നടത്തി. 3 ക്ഷേത്രങ്ങൾ, 1 ക്രൈസ്തവ ദേവാലയം, 3 അങ്കണവാടികൾ, 1 ലൈബ്രറി, 1 സ്കൂൾ, 1 ആസ്പത്രി എന്നിവയും പൂർണ്ണമായി ശുചീകരിച്ചു നൽകി. ചില വീടുകൾ ഭാഗികമായിട്ടാണെങ്കിലും ചായം പൂശി.
ശുചീകരിച്ച വീടുകളിലെ വൈദ്യുതോപതകരണങ്ങളും മറ്റു യന്ത്രസാമഗ്രികളും നന്നാക്കി, പ്രവര്‍ത്തനസജ്ജമാക്കി. കുറ്റ്യാടിയില്‍ നിന്നു ഷംസീറിന്റെ നേതൃത്വത്തിൽ വന്ന ഇലക്ട്രീഷ്യന്മാരും പ്ലംബര്‍മാരുമടങ്ങുന്ന 39 പേരുടെ സംഘം ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 500 കുടുംബങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് കിടക്കപ്പായകള്‍ കുറ്റ്യാടി ടീം വാങ്ങി നല്‍കി. ക്യാമ്പ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും കോഴിക്കോടന്‍ ബിരിയാണി വെച്ച് നല്‍കിയാണ് അവര്‍ വയനാട്ടിലേക്ക് അടുത്ത ഘട്ടം സേവനത്തിന് പോയത്.
ആശ -ശശികുമാര്‍ ദമ്പതിമാര്‍ പല വീടുകളിലേക്കും കിടക്കയും കട്ടിലും വാങ്ങി നല്‍കി. Family Friend from Flood ആയി 2 കുടുംബങ്ങളെ ദത്തെടുക്കുകയും ചെയ്തു. ദുരിതാശ്വാസ -ശുചീകരണ പ്രവർത്തനങ്ങളിൽ സാധാരണ വനിതാപ്രാതിനിധ്യം കുറവാണ് എന്ന പ്രതീതിയാണ് എന്തുകൊണ്ടോ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇതിൽ നിന്നു തീർത്തും വിഭിന്നമായിരുന്നു ആലുവ -പറവൂരിലെ യുവയത്നം. പെൺകുട്ടികളുടെ വൻതോതിലുള്ള പങ്കാളിത്തം ഈ പ്രയത്നത്തിന്റെ മാറ്റുകൂട്ടി.
ശുചീകരണത്തിനായി വീടുകൾ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പദ്ധതി ആവിഷ്കരിക്കുന്ന ഘട്ടത്തിൽ തന്നെ നിശ്ചയിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വീടുകൾ മാത്രമേ വൃത്തിയാക്കൂ എന്ന തീരുമാനം കർശനമായിത്തന്നെ നടപ്പാക്കി. ഇത് ടീം ലീഡർമാർ പ്രത്യേകം ശ്രദ്ധിച്ചു. ജനപ്രതിനിധികൾ അടക്കം പ്രദേശത്തെ പ്രമുഖരുമായി ബന്ധപ്പെട്ട് ആദ്യമേ തന്നെ ഗുണഭോക്താക്കളെ നിശ്ചയിച്ചിരുന്നു. ചില വീടുകളിൽ ശുചീകരണത്തിന് എത്തുമ്പോൾ അവിടെ ആരോഗ്യപ്രശ്നം നേരിടുന്നവരെ കാണാനിടയായി. അത്തരക്കാർക്ക് ഡോക്ടറെ സ്ഥലത്തെത്തിച്ച് ചികിത്സിപ്പിക്കുന്നത് അടക്കമുള്ള വൈദ്യസഹായം ലഭ്യമാക്കി.
പങ്കെടുത്ത മുഴുവൻ സന്നദ്ധപ്രവർത്തകരും പ്രതിരോധ കുത്തിവെയ്പുകളും രോഗപ്രതിരോധ മരുന്നുകളും സ്വീകരിച്ച ശേഷമാണ് പ്രവർത്തനത്തിനിറങ്ങിയത്. വീടുകളിലേക്കുള്ള ഗ്രൂപ്പുകളായി തിരിക്കമ്പോൾ പ്ലംബിങ്, വയറിങ് തുടങ്ങിയ പ്രായോഗിക പരിജ്ഞാനമുള്ളവരെ ഓരോ ഗ്രൂപ്പിലും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചു. അതിനാൽത്തന്നെ ശുചീകരിക്കുന്ന വീടുകളിലെ അനുബന്ധ സാങ്കേതിക പ്രവർത്തനങ്ങളും ഒപ്പം തീർക്കാനായി. പലയിടത്തും വൃത്തിയാക്കുന്നതിനിടെ സ്വർണ്ണവും പണവുമെല്ലാം കണ്ടെത്തി. അതെല്ലാം തത്സമയം തന്നെ ഉടമസ്ഥനെ കണ്ടെത്തി കൈമാറി.
അങ്ങനെ ഓരോരുത്തരും വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നാലാവും വിധം ചെയ്ത് ചുറ്റുമുള്ളവരുടെ ഹൃദയവും കണ്ണും നിറച്ച് സംതൃപ്തിയുള്ള ‘ശരീരവേദന’കളുമായി മടങ്ങി. കേവല ശുചീകരണത്തിനപ്പുറം നിര്‍ലോഭ സ്നേഹത്തിന്റെ പുതിയ മാതൃകകള്‍ ലോകത്തിന് കൂടെ കാണിച്ചു കൊടുത്തുകൊണ്ട്! ഒരു പുഞ്ചിരി പോലും തിരിച്ച് പ്രതീക്ഷിക്കാതെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ‘പ്രതീക്ഷകള്‍’ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വന്ന് ദിവസങ്ങളോളം താമസിച്ച് ചെളിയും മണ്ണും മാലിന്യങ്ങളും നീക്കി. താമസസ്ഥലങ്ങളും സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും റോഡും വൃത്തിയാക്കി ജനജീവിതം പഴയ പോലെയാക്കാന്‍ ആത്മാര്‍ത്ഥമായി പണിയെടുത്തു.
ഈ കൈകളില്‍ ഈ നാടിന്റെ ഭാവി ഭദ്രം.
NowNextന് അഭിമാനം.
തുടരുന്ന പ്രവർത്തനങ്ങൾ
ശുചീകരണ യത്നം വൻ വിജയമായത് ഈ പ്രവർത്തനങ്ങൾ തുടരാൻ പ്രചോദനമായി. ആലുവ ഗവ. ഗേൾസ് ഹൈസ്കൂളിലെയും ആലുവ ഗവ. എൽ.പി. സ്കൂളിലെയും കുട്ടികളുടെ പാഠപുസ്തകങ്ങൾ പ്രളയത്തിൽ നഷ്ടപ്പെട്ടിരുന്നു. ഈ 2 സ്കൂളുകളിലെയും കുട്ടികൾക്ക് പുസ്തകങ്ങളും ബാഗുകളും അടക്കമുള്ള പഠനോപകരണങ്ങൾ നൽകി.
പറവൂർ നീറിക്കോട് മേഖലയിലെ മാലോത്ത് ഗ്രാമത്തിൽ ഇപ്പോഴും സഹായം തുടരുന്നു. അവിടെ ഗ്യാസ് അടുപ്പുകളും തുണിത്തരങ്ങളുമെല്ലാം ഏർപ്പാടാക്കി നൽകി. അങ്കണവാടി, ആസ്പത്രി, സ്കൂൾ എന്നിവിടങ്ങളിലെല്ലാം ജലശുദ്ധീകരണ സംവിധാനത്തിന്റെ അപര്യാപ്തതയ്ക്ക് പ്രളയം വഴിവെച്ചിട്ടുണ്ട്. അത് ഏർപ്പെടുത്തി നൽകാനും ശ്രമം തുടരുന്നു.
യുവാക്കളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവുമായി ധാരാളം പേർ എത്തിയത് ആത്മവിശ്വാസം പകർന്നു. നിവിൻ പോളി, ജയസൂര്യ, നൈല ഉഷ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങി ഒട്ടേറെ പേർ പറഞ്ഞ നല്ല വാക്കുകൾ ആഹ്ലാദം പടർത്തുന്നതായി. സന്നദ്ധപ്രവർത്തനത്തിന് എത്തിയ മുഴുവൻ യുവതീയുവാക്കളെയും സാക്ഷ്യപത്രവും പുരസ്കാരവും നല്കി ആദരിക്കാൻ സംസ്ഥാന യുവജനക്ഷേമ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
അതിജീവിച്ചേ മതിയാകൂ.
നമുക്ക് രചിക്കാം പുതു ചരിത്രം…