ജനാധിപത്യ സംവിധാനത്തില്‍ വളരെ നിര്‍ണ്ണായക സ്വാധീനമാണ് മാധ്യമങ്ങള്‍ക്കുള്ളത്. ഒരു പരിധി വരെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണ് മാധ്യമപ്രവര്‍ത്തകര്‍. അടുത്ത കാലം വരെ മാധ്യമപ്രവര്‍ത്തനം സ്ഥാപന കേന്ദ്രീകൃതമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു. സമൂഹമാധ്യമങ്ങളുടെ വരവോടെ നമ്മള്‍ ഓരോരുത്തരും മാധ്യമപ്രവര്‍ത്തകരായി മാറി.
സമൂഹത്തില്‍ അരുതാത്തത് എന്തെങ്കിലും കണ്ടാല്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ അത് പുറംലോകത്തെ അറിയിക്കുക എന്ന രീതി പഴഞ്ചനായിരിക്കുന്നു. ഇപ്പോള്‍ വിവരം അറിയുന്നയാള്‍ തന്നെ സ്വയം സമൂഹത്തെ അതറിയിക്കുകയാണ്, സമൂഹമാധ്യമങ്ങളിലൂടെ. എന്തൊക്കെ ദൂഷ്യവശങ്ങളുണ്ടെങ്കിലും ജനങ്ങളുടെ പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പറയാനുള്ളത് വ്യക്തമായും കൃത്യമായും പറയുന്നവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ വിലയാണ്.