എബി തരകന്‍

എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍

ഒരു ജേര്‍ണലിസ്റ്റിന്റെ മനസ്സില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു ചോദ്യമുണ്ട്: വായനക്കാര്‍ക്ക് ഇനി എന്ത് നല്‍കാന്‍ സാധിക്കും? പത്രമാധ്യമങ്ങളില്‍ ആണ് തൊഴില്‍ ചെയ്യുന്നതെങ്കില്‍ -ഒരു റിപ്പോര്‍ട്ടര്‍ ആകട്ടെ, എഡിറ്റര്‍ ആകട്ടെ -ആ പതിനാറോ പതിനെട്ടോ പേജുകളില്‍ എന്തൊക്കെ നല്‍കാന്‍ കഴിയും? ഇനി മാധ്യമം ടെലിവിഷന്‍ ആണെന്നിരിക്കട്ടെ, 24 മണിക്കൂറുകളില്‍ എന്തൊക്കെ കൊടുക്കുവാന്‍ കഴിയും? ഇവിടെയെല്ലാം വാര്‍ത്തകള്‍ക്ക്, അഥവാ സംഭവങ്ങള്‍ക്ക്, പ്രാധാന്യം കല്പിക്കുന്ന, ഏതു തിരഞ്ഞെടുത്ത് ഏതിനെ ഒഴിവാക്കണം എന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്.

പത്രം സ്‌പേസ് അഥവാ കോളങ്ങള്‍ നിര്‍ണ്ണയിക്കുന്ന സ്ഥലനിബന്ധിതമാണെങ്കില്‍ ടെലിവിഷന്‍ സമയനിബന്ധിതമാണ്. കാലം പോയതിനനുസരിച്ച് പത്രത്തെ അപേക്ഷിച്ച് ടെലിവിഷന് പ്രാധാന്യമാര്‍ജ്ജിച്ചു വന്നു. എന്നാലും പ്രോഗ്രാമുകള്‍ ഒരു വ്യക്തമായ ഘടന പാലിക്കുന്നു, പ്രഭാതവാര്‍ത്ത മുതല്‍ പ്രൈം ടൈമും ക്രൈമും വരെ. ചട്ടക്കൂടുകള്‍ക്കുള്ളില്‍ തന്നെ. സീമാബന്ധിതമാണ് ഈ മാധ്യമങ്ങളെങ്കില്‍ അതു തന്നെയാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് സ്‌ഫോടനാത്മകമായ ഒരു പ്രചാരം നല്‍കിയത് – അവയ്ക്കൊരു അതിര് അഥവാ ലിമിറ്റേഷന്‍ ഇല്ല. വാര്‍ത്തകള്‍ക്ക് എണ്ണത്തിന്റെയോ അളവിന്റെയോ നിയമങ്ങളില്ല.

ഒരു ജേര്‍ണലിസം വിദ്യാര്‍ത്ഥി ഏറ്റവും ആദ്യം പഠിക്കുന്ന ഒന്നായ ഇന്‍വെര്‍ട്ടഡ് പിരമിഡ് എന്നത് തന്നെ രൂപീകരിച്ചത് ഈ നിബന്ധനകള്‍ ഉണ്ടായിരുന്നതിനാലാണ്. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത് സമയ പരിധി ഇല്ല, സ്ഥലത്തിന്റെ പരിമിതികളുമി. ആകെ നിര്‍ണ്ണായകമാകുന്ന ഒരേ ഒരു ബിന്ദു വായനക്കാരന്റെ താത്പര്യമാണ്. മറ്റൊരു പ്രധാന വസ്തുത മൊബൈല്‍ ഫോണുകള്‍ മനുഷ്യ ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമായി തീര്‍ന്നിരിക്കുന്നു എന്നതാണ്. ഒരു നിമിഷം അത് കൈയില്‍ ഇല്ലെങ്കില്‍ പിരിമുറുക്കങ്ങള്‍ നേരിടുന്ന ഒരു ജനതയാണ് ഇന്ന് നമ്മുടേത്.

പത്രവും ടെലിവിഷനും ഒക്കെ ഒരു പൊതുജന സ്വഭാവം പുലര്‍ത്തി വന്ന മാധ്യമങ്ങള്‍ ആണ്. ഒരു മേശപ്പുറത്ത് ടിവി ഉണ്ടെങ്കില്‍ കുറച്ച് മാറിയിരുന്നു തന്നെയാണ് നമ്മള്‍ അത് കണ്ടുകൊണ്ടിരുന്നതും, കാണുന്നതും. എന്നാല്‍ മൊബൈല്‍ ഫോണ്‍ എന്നത് ഒരു വ്യക്തിയുടെ കരങ്ങളില്‍, അദ്ദേഹത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ച് നീങ്ങുന്ന ഒരു യന്ത്രമാണ്. കേവലമൊരു യന്ത്രമെന്നതിനുപരി, അതാ മനുഷ്യശരീരത്തിന്റെ ഒരു അവയവമെന്നതിനു തുല്യമായി തീരുന്ന ഒരു സാഹചര്യമാണ്. മൊബൈല്‍ ഫോണ്‍ എന്നതാണല്ലോ ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപകരണം. ആയതിനാല്‍ തന്നെ അതിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍,പേഴ്സണല്‍ അഥവാ വ്യക്തിപരമായിരിക്കും. ഓരോ വ്യക്തിക്കും തന്റേതായ ലോകം തുറന്നു കൊടുക്കപ്പെടുമ്പോള്‍, വാര്‍ത്തകളുടെ സ്വഭാവവും രൂപവും മാറുന്നു.

നിര്‍ണ്ണായകമായ മറ്റൊരു കാര്യം, കൂടുതല്‍ പ്രേക്ഷകര്‍ക്കായുള്ള പന്തയത്തില്‍ ഒരു മലയാളം പത്രമാകട്ടെ, ടെലിവിഷന്‍ ചാനലാകട്ടെ, നേരിടുന്നത് മറ്റു മലയാളം മാധ്യമങ്ങളെയാണെന്നതിനു സംശയമില്ല. എന്നാല്‍, ഒരു മൊബൈല്‍ ഉപഭോക്താവിന്മുന്നില്‍ ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമം ലോകത്തിലെ കോടിക്കണക്കിനു വെബ്‌സൈറ്റുകളില്‍ ഒന്ന് മാത്രമാണ്. ഒരു വായനക്കാരന്‍ ആ വെബ്‌സൈറ്റ് തിരഞ്ഞെടുത്ത് അത് വായിക്കണമെങ്കില്‍, ആ വ്യക്തിക്ക് ഏറ്റവും താത്പര്യമുള്ള മേഖലകളായിരിക്കണം ചര്‍ച്ചാവിഷയം.

സമൂഹമാധ്യമങ്ങളുടെ സ്വാധീനവും ഇപ്പോള്‍ വെല്ലുവിളിയാണ്. ഫേസ്ബുക്കിലെയും മറ്റും അല്‍ഗോരിതങ്ങള്‍ക്കുമുണ്ട് ഒരു സുപ്രധാന പങ്ക് വഹിക്കാന്‍. നമ്മുടെ ന്യൂസ് ഫീഡില്‍ നമ്മുടെ സുഹൃത്തുക്കള്‍ അഥവാ ഫ്രണ്ട്‌സിന്റെതോ, നമ്മള്‍ ലൈക്ക് അല്ലെങ്കില്‍ ഫോളോ ചെയ്യുന്ന പേജുകളുടേതോ ഗ്രൂപ്പുകളുടേതോ ആയ, ഏതൊക്കെ പോസ്റ്റുകള്‍ ഏതു ക്രമത്തില്‍ വരുന്നു എന്നൊക്കെ തീരുമാനിക്കുന്നത് അല്‍ഗോരിതങ്ങളും ഓണ്‍ലൈന്‍ ബോട്ടുകളും ആണ്. അങ്ങനെയിരിക്കെ, ഫേസ്ബുക്കില്‍ ഒരു വ്യക്തി എന്ത് കാണുന്നു, എന്ത് കാണുന്നില്ല എന്നൊക്കെ വിധിയെഴുതുന്നത് ഫേസ്ബുക്ക് മാത്രമാണ്. ഉദാഹരണത്തിന്, 40,000 വരിക്കാറുള്ള ഒരു പത്രം പ്രതിദിനം 40,000 പേര്‍ വായിക്കുമെന്ന് കണക്കുകൂട്ടാം. എന്നാല്‍, 40,000 പേര്‍ ഓണ്‍ലൈനില്‍ വരിക്കാരാവുന്ന ഒരു മാധ്യമത്തിന്റെ പേജ്, അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന വ്യക്തികളാണ് വായിക്കുന്നത്.

ഇങ്ങനെ വരുമ്പോള്‍ വാര്‍ത്തകളുടെ പ്രധാന സ്രോതസ്സ്, നമ്മുടെ സുഹൃത്തുക്കളും, കുടുംബവുമായി തീരുന്നു. അപ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ വാര്‍ത്തകള്‍ വായനക്കാരനിലെത്തിക്കുക എന്നത് പ്രയാസം തന്നെ. ഇതുകൊണ്ടൊക്കെ തന്നെ, ക്ലിക്ക് ബൈറ്റുകളുടേതാണ് ഇന്നത്തെ ഇന്റര്‍നെറ്റ് ഭൂപടം. ക്ലിക്ക് ബൈറ്റുകള്‍ എന്നാല്‍, ഒരു വ്യക്തിയെ ഒരു ലിങ്ക് അഥവാ സൈറ്റ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കും വിധം ആകര്‍ഷകമായ, എന്നാല്‍ പലപ്പോഴും വാര്‍ത്തയ്ക്ക് അപ്രസക്തമായതോ, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കും വിധമോ ആയ തലക്കെട്ടുകള്‍ കൊടുത്ത് അതിനെ മാര്‍ക്കറ്റ് ചെയ്യുക എന്നതാണ്. ഗൂഗിള്‍ അനലിറ്റിക്‌സ് മുതലായ സംവിധാനങ്ങള്‍ വഴി ഇന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം ഏതു പ്രായത്തിലും രാജ്യത്തിലുമുള്ള എത്ര പേര്‍ വായിക്കുന്നു എന്നും, ഏതു ലേഖനം എത്രനേരമെടുത്ത് വായിക്കുന്നു എന്നും, എത്രയെത്ര പേര്‍ക്ക് എന്തൊക്കെ വിഷയങ്ങളിലാണ് താത്പര്യമെന്നുമെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കും. ബോട്ടുകളും കുക്കികളുമൊക്കെ ഉള്ളത് കൊണ്ട് തന്നെ.

ഇന്ത്യന്‍ ഡിജിറ്റല്‍ സ്‌പേസില്‍ ഏറ്റവും വിപണി 3 ഇകള്‍ക്കാണ് -ക്രിക്കറ്റ്, ക്രൈം, കോമഡി. വാര്‍ത്താമാധ്യമങ്ങള്‍ ഒരു വിപണിയായി തീര്‍ന്നിരിക്കെ, വാര്‍ത്തകള്‍ കാഴ്ചക്കാരിലേക്കെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇവിടെയാണ് ധര്‍മ്മം, അല്ലെങ്കില്‍ എത്തിക്‌സ്, പ്രൈവസി അല്ലെങ്കില്‍ സ്വകാര്യത, എന്നിവ ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യത എന്നത് കേവലമൊരു സങ്കല്പമാണെന്നു വേണം കരുതാന്‍. ഓരോ ചെറിയ വസ്തുതകളും ഡാറ്റകളും മേല്‍പ്പറഞ്ഞ മട്ടില്‍ സൂക്ഷിക്കപ്പെടുകയും, നിരീക്ഷിക്കപ്പെടുകയും, കണക്കെടുക്കപ്പെടുകയും ചെയ്യുന്ന കാലത്തില്‍, ഓണ്‍ലൈനില്‍ തന്റെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ധരിക്കുന്നത് അത്ര പന്തിയല്ല എന്ന് തന്നെ പറയാം.

എന്നാല്‍ വാര്‍ത്തകള്‍ വായനക്കാരിലെത്താന്‍ എന്താണ് മാര്‍ഗം എന്ന ഒരു ചോദ്യചിഹ്നം ഉയര്‍ന്നു നില്‍ക്കെ, അതിനുത്തരം രണ്ടുദാഹരണങ്ങളില്‍ കൂടി നല്‍കുന്നതാണ് ഉത്തമം. ഇന്ന് ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച സൈറ്റുകളില്‍ ഒന്നാണ് buzzfeed.com. ബസ്സ്ഫീഡിന്റെ ആദ്യകാലം പരിശോധിച്ചാല്‍ കാണാം, പൂച്ച വിഡിയോകളും കൊച്ചു കുട്ടികളുടെ വിഡിയോകളും മറ്റുമാണ് അധികവും. ഏറെ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ഇങ്ങനെ സൈറ്റിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ അവരുടെ ആദര്‍ശം അല്ലെങ്കില്‍ മോട്ടോ എന്നത് 60 ശതമാനം പൂച്ച വീഡിയോകളില്‍ നിന്ന് ഉണ്ടാകുന്ന ലാഭവിഹിതം 40 ശതമാനം യഥാര്‍ത്ഥ ജേര്‍ണലിസം ചെയ്യുവാന്‍ വിനിയോഗിക്കും എന്നതാണ്.

മറ്റൊരുദാഹരണം ഒത്തിരി ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന vice.com എന്ന വെബ് സൈറ്റ് ആണ്. അവരുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്ത് വൈസ് കേന്ദ്രീകരിച്ചിരുന്നത് മയക്കുമരുന്ന് -ലൈംഗിക വ്യവസായങ്ങളെയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ലഭിച്ച ലാഭം അവര്‍ ഉത്തമമായി ഉപയോഗിച്ചു. നൈജീരിയയിലെ ബോക്കോ ഹറാമിന്റെ വാര്‍ത്തകള്‍, ഐ.എസ്.ഐ.എസ്സിന്റെ മൊസൂള്‍ മേഖലയ്ക്കുള്ളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ എന്നിവ ആദ്യമായി പുറത്തു കൊണ്ട് വന്നത് തന്നെ വൈസ് ആണ്. ഇത്തരം ജേര്‍ണലിസത്തില്‍ അവര്‍ ഇന്‍വെസ്റ്റ് ചെയ്തു. ഈ ഒരു ആശയം മാത്രമേ ഇന്നത്തെ ഗ്ലോബല്‍ സമൂഹത്തില്‍ നിലനില്‍ക്കൂ.

മൈക്രോ ഡാറ്റയുടെ സമയമാണിത്. എത്തിക്‌സിന്റെ നിര്‍വ്വചനം തന്നെ മാറിയിരിക്കുന്നു. കാലം മാറി, മാധ്യമം മാറി. മോജോയുടെ കാലമാണിത്. വാര്‍ത്ത നല്‍കുവാനും കാണുവാനും എല്ലാം ഇന്ന് ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളാണ്. മാധ്യമം മാറുമ്പോള്‍, വാര്‍ത്തയുടെ സ്വഭാവവും മാറും. മാറിയേ തീരു.

 


NowNext സംഘടിപ്പിച്ച UNDERSTANDING MEDIA ശില്പശാലയില്‍ നടത്തിയ പ്രഭാഷണം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!