മഹേഷ് ഹരിലാല്‍
ഫോട്ടോ ജേര്‍ണലിസ്റ്റ് / പ്രൊഫഷണല്‍ ആര്‍ട്ട് ഫൊട്ടോഗ്രാഫര്‍
മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം എല്ലാവരും ഫൊട്ടോഗ്രാഫര്‍മാരാണ്. പക്ഷേ, മികച്ച ഫോട്ടോ ഉണ്ടാകുന്നത് ചുറ്റുമുള്ളത് പകര്‍ത്തുക എന്നതിലുപരി ഭാവനയും മനസ്സിലുള്ളത് പകര്‍ത്താന്‍ ക്യാമറ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതും അനുസരിച്ചാണ്. സാധാരണ എല്ലാവരും jpeg ഫോര്‍മാറ്റിലോ tiff ഫോര്‍മാറ്റിലോ ആണ് ഫോട്ടോ സേവ് ചെയ്യാറ്. പക്ഷേ ഞാന്‍ raw ഫോര്‍മാറ്റിലാണ് ഫോട്ടോ എടുക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല ഷൂട്ടിംഗ് ഫോര്‍മാറ്റ് raw ആണ്. ചിത്രത്തിന്റെ സൂക്ഷ്മമായ വിവരണത്തോടൊപ്പം മികച്ച നിറം കിട്ടാനും വസ്തുക്കളെ ഹൈലേറ്റ് ചെയ്യാനും റോയോളം വരില്ല മറ്റൊന്നും..
പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് വൈറ്റ് ബാലന്‍സും എക്സ്പോഷറും മാറ്റാനാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ വെളിച്ചം കുറഞ്ഞ അവസ്ഥയിലും ഫോട്ടോയെടുക്കാം. വൈറ്റ് ബാലന്‍സ് ശരിയാക്കാന്‍ സമയമില്ലാത്ത അവസരങ്ങളിലും റോയില്‍ എടുക്കുന്നതാണ് സുരക്ഷിതം. എഡിറ്റ് ചെയ്തതിനു ശേഷവും ഒറിജിനല്‍ ചിത്രത്തിലേക്ക് തിരിച്ചുവരാം എന്നതും ഇതിനെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്നു.
Compressed file അല്ലാത്തതും ഫോട്ടോഷോപ്പില്‍ raw plug-in ഇല്ലാത്തതുമാണ് പലരെയും റോ ഫോര്‍മാറ്റ് ഉപയോഗിക്കുന്നതില്‍ നിന്നു പിന്‍തിരിപ്പിക്കുന്നത്. പക്ഷേ, ഇന്ന് ടെക്‌നോളജി മാറി. പല മൊബൈല്‍ ഫോണിലും റോ ഫോര്‍മാറ്റ് ഉണ്ട്. ഫയല്‍ സൈസ് കൂടുന്നതിനെ കുറിച്ച് വ്യാകുലപ്പെടേണ്ട കാലമല്ലിത്. അതുകൊണ്ട് റോ ഫോര്‍മാറ്റില്‍ തന്നെ ഷൂട്ട് ചെയ്യുക. വ്യത്യാസം നിങ്ങള്‍ക്ക് തന്നെ അറിയാനാകും.
അതുപോലെ തന്നെയാണ് ഫ്ലാഷിന്‍റെ ഉപയോഗം. ഞാന്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ആയതിനു ശേഷം പല വിലപ്പെട്ട പാഠങ്ങളും പഠിച്ചത് മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നാണ്. അവര്‍ പറയുന്ന ഒന്നാണ് ‘never use flashes, it will destroy the picture’ എന്ന്. പണ്ട് ഇരുണ്ട പ്രതലങ്ങള്‍ പ്രകാശിപ്പിക്കാനായിരുന്നു ഫ്ലാഷ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത് വളരെ ക്രിയാത്മകമായി മിതത്വത്തോടെ ഉപയോഗിക്കുന്ന ഒന്നാണ്. ആവശ്യമനുസരിച്ചുവേണം ഫ്ലാഷ് തിരഞ്ഞെടുക്കാന്‍.
ഫ്ലാഷിന്റെ വലിപ്പം കൂടുന്നതുനനുസരിച്ച് ലൈറ്റ് സോഫ്റ്റ് ആകും. വലിപ്പം കുറഞ്ഞ ഫ്ലാഷാണെങ്കില്‍ harsh light ആയിരിക്കും. ഫ്ലാഷ് മുകളിലേക്ക് തിരിച്ചുവെച്ചത് ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മുകളില്‍ തട്ടി തിരിച്ചുവരുന്ന ലൈറ്റ് സോഫ്റ്റ് ആയിരിക്കും എന്നതാണ് അതിനു കാരണം. ഫോട്ടോ എടുക്കേണ്ട വസ്തുവിനോട് അടുപ്പിച്ചാണ് ഫ്ലാഷ് വെയ്ക്കുന്നതെങ്കിലും ലൈറ്റ് soft ആകും. വസ്തുവിനെ അപേക്ഷിച്ച് അടുത്തുവരും തോറും ഫ്ലാഷിന്റെ വലിപ്പം കൂടുന്നതാണ് അതിനു കാരണം.
ക്യാമറയില്‍ തന്നെ ഫ്ലാഷ് ഘടിപ്പിക്കുന്നതിനെ on camera flash എന്നും പുറത്തുനിന്ന് മറ്റ് വശങ്ങളിലൂടെ flash bounce ചെയ്യുന്നത് off camera flash എന്നും പറയും. ഓണ്‍ ക്യാമറ ഫ്ലാഷ് direct light ആയതുകൊണ്ട് harsh effect ആയിരിക്കും നല്‍കുക. ഓഫ് ക്യാമറ ഫ്ലാഷില്‍ indirect light ആയതിനാല്‍ വസ്തുവിന്റെ നിഴലും വെളിച്ചവും ഇഴചേര്‍ന്ന രൂപമായിരിക്കും ക്യാമറയില്‍ പതിയുക. അത് ചിത്രത്തിന് കൂടുതല്‍ മിഴിവേകും.
മറ്റെന്തെല്ലാം ടെക്‌നിക്കുകള്‍ ക്യാമറയില്‍ ഉണ്ടെങ്കിലും ഒരു ചിത്രം വ്യത്യസ്തമാകുന്നത് 35 mm ക്യാമറയില്‍ വസ്തുവിനെ എവിടെ place ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഫോട്ടോഗ്രാഫി അതെടുക്കുന്നവന്റെ കലയാകുന്നത് ഇവിടെയാണ്. ഫോട്ടോ എടുക്കുന്നവനാണ് വസ്തുവിനെ ഏത് കോണിലൂടെ ചിത്രീകരിക്കണമെന്ന് തീരുമാനിക്കുന്നത്. ആ കോണാണ് എടുക്കാന്‍ പോകുന്ന വസ്തുവിലൂടെ നാം പറയാന്‍
ശ്രമിക്കുന്ന കഥയ്ക്കു പൂര്‍ണ്ണത നല്‍കുക.
ഏത് തരത്തില്‍ കഥ അവതരിപ്പിക്കപ്പെടണമെന്ന് തീരുമാനിക്കുന്നതും ചിത്രത്തിന്റെ ഭംഗിയോ അര്‍ത്ഥമോ മാറുന്നതും വ്യത്യസ്തമായ ആംഗിളുകള്‍ വഴിയാണ്. ഇതിനെയാണ് composition of photography എന്ന് പറയുന്നത്.
ഫോട്ടോഗ്രാഫിയില്‍ ഇത്തരം composition of photography നിയമങ്ങള്‍ ഉണ്ട്. അതിലാദ്യത്തേതാണ് rule of thirds.
ഒരു ഫ്രയിമിനെ 9 സമഭാഗങ്ങളായി തിരിക്കുന്നു. അതില്‍ 4 intersecting point കള്‍ ഉണ്ടാകും. വസ്തുവിനെ നാല് ഛേദബിന്ദുവില്‍ എവിടെയെങ്കിലുമാണ് നിര്‍ത്തുന്നതെങ്കില്‍ ആ ചിത്രം rule of thirds നിയമം പാലിക്കുന്നതായി പറയാം. ഉദയമോ അസ്തമയമോ പ്രകൃതി ദൃശ്യമോ ആണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ ചക്രവാളം മുകളിലെ വരക്കപ്പുറമോ താഴത്തെ വരക്കിപ്പുറമോ ആകണം. ചക്രവാളം എപ്പോഴും നേരെയായിരിക്കാനും ശ്രദ്ധിക്കണം. വസ്തു ഒരിക്കലും മധ്യഭാഗത്തല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
മറ്റൊരു നിയമമാണ് golden ratio. നിങ്ങളുടെ വസ്തു ചെറുതാണെങ്കിലും background വളരെ വലുതാണെങ്കിലും ഫോട്ടോ എടുക്കുന്നത് ഗോള്‍ഡന്‍ റേഷ്യോയിലാണെങ്കില്‍ വസ്തുവിലേക്ക് തന്നെ കാണുന്നവര്‍ക്ക് നേരിട്ട് ശ്രദ്ധ പതിയും.
ലീഡിങ് ലൈന്‍സ് എന്നത് തുടര്‍ച്ചയായുള്ള വരകള്‍ പ്രത്യേക വസ്തുവിലേക്ക് ശ്രദ്ധതിരിക്കുന്നുവെങ്കില്‍ പറയുന്ന നിയമമാണ്.
S ആകൃതിയിലുള്ള വളവ് വസ്തുവിലേക്ക് ശ്രദ്ധ നയിക്കുന്നുവെങ്കില്‍ അതിനെ s curve rule എന്ന് പറയുന്നു. പ്രകൃതിയിലുള്ള പലതും സ്വാഭാവികമായി കാണപ്പെടുന്നത് നേര്‍രേഖയിലല്ല. മറിച്ച് വളഞ്ഞും പുളഞ്ഞുമാണ്. അതുകൊണ്ട് തന്നെ S curve പ്രകൃതിയിലെ സ്വാഭാവിക വടിവുകളെ പകര്‍ത്താന്‍ ഉചിതമാണ്.
ഫോട്ടോഗ്രാഫിയില്‍ repeated pattern ഉപയോഗിക്കുന്നത് ചിത്രത്തിന്റെ ആകര്‍ഷകത്വം കൂട്ടും. ചില കാഴ്കചള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതാണ് repeated pattern.
Diagonal lines നിയമവും ഇതുപോലെ ചിത്രത്തെ ആകര്‍ഷകമാക്കുന്ന മറ്റൊരു രീതിയാണ്. വസ്തുവിനെ കോണോടു കോണായി ചിത്രീകരിക്കുന്നതാണ് ഇത്.
ഇത്തരം നിയമങ്ങള്‍ പിന്‍തുടര്‍ന്നാല്‍ തന്നെ ചിത്രങ്ങള്‍ക്ക് ഭാവം വരും. ഏത് ചിത്രത്തിനും ജീവന്‍ നല്‍കുന്നത് അതില്‍ ജീവനുള്ള വസ്തുക്കള്‍ കൂടെ വരുമ്പോഴാണ്. ഇനി ഇവയൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ലെങ്കിലും ജീവിതത്തിന്റെ വിലപിടിപ്പുള്ള നിമിഷങ്ങളോ അപൂര്‍വ്വ കാഴ്ചകളോ ആണ് പകര്‍ത്തുന്നതെങ്കില്‍ കാലാനുവര്‍ത്തിയായ ആ ദൃശ്യത്തിനായിരിക്കും വില. കാരണം ഫോട്ടോഗ്രഫിയെന്നത് ഒരാളുടെ സ്വരൂപത്തെ അളക്കുന്ന കല മാത്രമല്ല അയാളുടെ ആത്മാംശത്തെക്കൂടെ ഒപ്പിയെടുക്കുന്ന ഒന്നാണ്.
NowNext സംഘടിപ്പിച്ച UNDERSTANDING MEDIA ശില്പശാലയില്‍ നടത്തിയ പ്രഭാഷണം