ബി.ദിലീപ് കുമാർ
മുൻ എക്സിക്യൂട്ടീവ് എഡിറ്റര്‍, ഇന്ത്യാവിഷൻ
ഒരു ജേര്‍ണലിസ്റ്റാകാന്‍ യാതൊരു വിധ കുറുക്കുവഴിയുമില്ല. നിരീക്ഷണപാടവമാണ് ഒരു ജേര്‍ണലിസ്റ്റിന് -അത് റിപ്പോര്‍ട്ടറായിക്കോട്ടെ അല്ലെങ്കില്‍ അവതാരകര്‍ക്കായിക്കോട്ടെ -ഏറ്റവും അത്യാവശ്യം. റിപ്പോര്‍ട്ടര്‍മാരാണ് പ്രസ്തുത കാര്യത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കുന്നതെങ്കിലും ആ വിഷയത്തെപ്പറ്റി പരമാവധി കാര്യങ്ങള്‍ അവതാരകരും അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ ഏറ്റവും അനുയോജ്യമായതും കാര്യമാത്ര പ്രസക്തമാകുന്നതുമായ ചോദ്യങ്ങള്‍ റിപ്പോര്‍ട്ടറോടും ബന്ധപ്പെട്ട പ്രമുഖരോടും ചോദിക്കാനാകൂ. അല്ലാതെ ചോദിക്കാന്‍ വേണ്ടി എന്തെങ്കിലും ചോദിക്കുമ്പോഴാണ് ‘ ആദ്യം വിഷയത്തെപ്പറ്റി ആദ്യം പഠിച്ചിട്ടുവരൂ, അതുകഴിഞ്ഞാകാം ചോദ്യം’ എന്ന് മറ്റുള്ളവര്‍ പറയുന്നത് അവതാരകര്‍ക്ക് കേള്‍ക്കേണ്ടി വരുന്നത്.
പെട്ടെന്ന് ചിലപ്പോള്‍ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവിചാരിത സംഭവങ്ങള്‍ നടക്കുകയും അവയെക്കുറിച്ച് ചോദ്യം ചോദിക്കേണ്ടി വരികയും ചെയ്‌തേക്കാം. ആ വിഷയം അവതാരകര്‍ നേരത്തേ പഠിച്ചുവെച്ചതായിരിക്കില്ല. പക്ഷേ, നേരത്തെ മുതല്‍ അയാള്‍ കണ്ടും നിരീക്ഷിച്ചും ആര്‍ജ്ജിച്ചുമെടുത്തിട്ടുള്ള, ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ ഉണ്ടായേക്കാവുന്ന കാര്യങ്ങളെപ്പറ്റിയുള്ള സാമാന്യ ധാരണകള്‍ അവതാരകനു നേരത്തെ ഉണ്ടായിരിക്കണം. എങ്കിലേ, അത്തരം അപ്രതീക്ഷിത ഘട്ടങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയൂ. അതിന് വായന ഉണ്ടായിരിക്കണം. ലോകത്തും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി സാമാന്യ ധാരണ ഉണ്ടായിരിക്കണം.
ഒരു ടെലിവിഷന്‍ ന്യൂസ് റൂമില്‍ ഇന്‍പുട്ട് ഡെസ്‌ക്കും ഔട്ട്പുട്ട് ഡെസ്‌കും ഉണ്ടാകും. ബ്യൂറോകളുമായുള്ള കോര്‍ഡിനേഷന്‍ ഇന്‍പുട്ട് ഡെസ്‌കിലാണ് ചെയ്യുക. വിവിധ സ്ഥലങ്ങളിലെ വാര്‍ത്തകള്‍ ഏകോപ്പിക്കുന്നതും റിപ്പോര്‍ട്ടര്‍മാര്‍ക്ക് എന്തെങ്കിലും പ്രത്യേക വാര്‍ത്ത എടുക്കാന്‍ ചുമതലപ്പെടുത്തുന്നതും ഈ ഡെസ്‌കാണ്. ഒരു ഏരിയ റിപ്പോര്‍ട്ടര്‍ അയക്കുന്ന ന്യൂസ് മുതല്‍ PTI, UNI തുടങ്ങിയ ദേശീയ വാര്‍ത്ത ഏജന്‍സികളും REUTERS, AP, AFP പോലുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും അയക്കുന്ന വാര്‍ത്തകളെല്ലാം ഇന്‍പുട്ട് ഡെസ്‌കിലേക്കായിരിക്കും വരുക. അവയില്‍ നിന്ന് പ്രാധാന്യമനുസരിച്ച് അവയെ തരംതിരിച്ച് വിഷ്വല്‍ മീഡിയയില്‍ അര മണിക്കൂര്‍ ബുള്ളറ്റിന്‍ ആക്കി മാറ്റും.
വാര്‍ത്തകള്‍ അവതരിക്കപ്പെടുന്നതിന് ഒരു റണ്‍ഡൗണ്‍ ഓർഡറുണ്ടാകും. പുതിയ വാര്‍ത്തകള്‍ വരുന്നതനുസരിച്ച് പ്രാധാന്യമനുസരിച്ച് അവയില്‍ മാറ്റം വരുത്തി ഒരോ ബുള്ളറ്റിനിലും കൊടുക്കും. ബുള്ളറ്റിനില്‍ ആദ്യം കൊടുക്കേണ്ട വാര്‍ത്തയേത്, അവ എങ്ങനെ കൈകാര്യം ചെയ്യണം, ലൈവ് ചര്‍ച്ച വേണോ, അതോ റിപ്പോര്‍ട്ടറുടെ live ആണോ tele-in ആണോ എന്നൊക്കെ തീരുമാനിക്കുന്നത് ഔട്ട്പുട്ട് ഡെസ്ക് ആണ്.
വാര്‍ത്തയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ക്രോഢീകരിക്കുന്ന വിഷ്വല്‍ എഡിറ്റ് ഡെസ്‌കും അതിന് ആവശ്യമായ ഗ്രാഫിക്‌സ് കാര്‍ഡുകള്‍ നല്‍കുന്ന ഗ്രാഫിക്‌സ് ഡെസ്‌കും അവിടെയുണ്ടാകും. ക്യാമറ ഷേക്ക് ഇല്ലാത്ത നല്ല ദൃശ്യങ്ങള്‍ അവിടെ നിന്നാകും എഡിറ്റ് ചെയ്ത് വിടുക. ചില പ്രധാനപ്പെട്ട സംഭവങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ അവയുടെ quality നോക്കാതെ തന്നെ air ചെയ്യും. ആദ്യകാലത്തൊന്നും ദ്യശ്യങ്ങള്‍ അപ്പോള്‍ തന്നെ ന്യൂസ് റൂമില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ബസ്സിലോ ട്രെയിനിലോ എത്തിക്കും. ഡെസ്ക് ഡല്‍ഹിയിലാ ചെന്നൈയിലോ ഒക്കെ ആണെങ്കില്‍ ഫ്ലൈറ്റിലാണ് ദ്യശ്യങ്ങള്‍ കൊടുത്തയച്ചിരുന്നത്. ഏഷ്യാനെറ്റിൽ ആദ്യ കാലത്ത് വാര്‍ത്താ വായനപോലും സിംഗപ്പൂരിലും മററുമായിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് മാറിയത്.
സൂര്യ ടിവിയാണ് satellite news gathering എന്ന സംവിധാനം ആദ്യമായി കൊണ്ടുവന്നത്. തിരുവനന്തപുരത്തു നിന്നു തന്നെ ദൃശ്യങ്ങള്‍ തത്സമയം അയക്കാനും ലൈവ് ചര്‍ച്ച നടത്താനും അത് സഹായിച്ചു. ആ സമയം ഏഷ്യാനെറ്റ്, ദൂരദര്‍ശന്റെ ടവര്‍ ഉപയോഗിച്ച് ദിവസവും 10 മിനിട്ട് ദൃശ്യങ്ങള്‍ എയര്‍ ചെയ്യാന്‍ തുടങ്ങി. കൊച്ചിയിലെ bsnl ടവര്‍ വഴിയാണ് ദൃശ്യങ്ങള്‍ അയച്ചത്. വളരെ കുറച്ച് ബുള്ളറ്റിനുകളേ അന്ന് ഉണ്ടായിരുന്നുള്ളൂ. ആ ബുള്ളറ്റിനുകളില്‍ പരമാവധി ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആംബുലന്‍സില്‍ രോഗിയെ കൊണ്ടു പോകുന്ന പോലെയായിരുന്നു ദൃശ്യങ്ങളെയും കൊണ്ട് എയര്‍ ചെയ്യുന്നിടത്തേക്ക് വണ്ടികള്‍ പാഞ്ഞത്. അതിനു ശേഷം കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ അവര്‍ ക്ലിപ്പ് മെയില്‍ സംവിധാനം കൊണ്ടുവന്നു. മെയില്‍ വഴി ദൃശ്യങ്ങള്‍ ക്ലിപ്പുകളാക്കി അയക്കുന്നതായിരുന്നു ക്ലിപ്പ് മെയില്‍. അത് വാര്‍ത്തകള്‍ ഉണ്ടാകുന്ന ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും പരമാവധി ദൃശ്യങ്ങള്‍ അന്നന്നത്തെ ബുളളറ്റിനില്‍ ഉള്‍പ്പെടുത്താന്‍ ഉപകരിച്ചു.
പിന്നീട് റിലയന്‍സ് വരികയും പലയിടങ്ങളിലും ഡിജിറ്റല്‍ ഹബുകള്‍ തുടങ്ങുകയും ചെയ്തു. ഹബുകള്‍ വഴി അടുത്ത ഹബുകളിലേക്ക് ദൃശ്യങ്ങള്‍ അയക്കാം എന്നായി. അതിനു ശേഷം നേരിട്ട് ചാനലുകളിലേക്ക് റിലയന്‍സ് ലൈന്‍ വലിച്ചതോടെ ന്യൂസ് സെന്ററുകളിലേക്ക് നേരിട്ട് ദൃശ്യങ്ങൾ അയയ്ക്കാൻ പറ്റുന്ന അവസ്ഥയുണ്ടായി. അവിടെ നിന്ന് dsng യും ob വാനും ഇപ്പോള്‍ മൊബൈല്‍ വഴിവരെ തത്ക്ഷണം ദൃശ്യങ്ങള്‍ അയക്കാവുന്ന ഘട്ടത്തിലേക്ക് മാധ്യമങ്ങള്‍ എത്തി. ക്യാമറയോ ദൃശ്യങ്ങള്‍ അയക്കാനുള്ള ഉപകരണങ്ങളോ പോലും മൊബൈലിലേക്ക് ഒതുങ്ങി.
ഇങ്ങനെ ഇന്‍പുട്ട് ഡെസ്‌കിലേക്കെത്തുന്ന വാര്‍ത്തകളും മറ്റും ഔട്ട് പുട്ട് ഡെസ്‌ക് വഴി എയര്‍ ചെയ്യാന്‍ തയ്യാറാകുന്നു. pcr അഥവാ production control room വഴിയാണ് നാം ടിവിയില്‍ കാണുന്ന ബുള്ളറ്റിന്‍ ആയി ഇവ രൂപാന്തരപ്പെടുന്നത്. tele-in വിളിക്കുന്നതും ലൈവ് ടെലികാസ്റ്റ് നല്‍കുന്നതും ചര്‍ച്ചകളിലേക്കുള്ള പ്രമുഖരെ വിളിക്കുന്നതും ഇടവേളകളില്‍ പരസ്യം നല്‍കുന്നതും ഓണ്‍ എയറില്‍ ഇരിക്കുന്ന അവതാരകര്‍ക്ക്് ആവശ്യമെങ്കില്‍ നിര്‍ദേശം നല്‍കുന്നതടക്കം ബുള്ളറ്റിന്‍ നിയന്ത്രിക്കുന്നത് പി.സി.ആറില്‍ നിന്നുമാണ്. ഒരു ബുള്ളറ്റിന്‍ എത്ര നന്നായി പോകുന്നു എന്നത് പി.സി.ആറിലുള്ള ന്യൂസ് പ്രൊഡൂസര്‍ എത്ര ഫലപ്രദമായി production കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ്.
ഒരു വാര്‍ത്താമാധ്യമത്തിന്റെ അടിസ്ഥാനം റിപ്പോര്‍ട്ടര്‍മാരാണ്.അവരാണ് ഈ വാര്‍ത്തകള്‍ കണ്ടെത്തുന്നത്. അത്തരം പ്രധാന വാര്‍ത്തകള്‍ കിട്ടാന്‍ സോഴ്‌സുകള്‍ ആവശ്യമാണ്. പരമാവധി ബന്ധങ്ങള്‍ ഉണ്ടാക്കുകയാണ് അതിനു വേണ്ടത്. ആരും നമുക്ക് വാര്‍ത്തയുടെ സോഴ്‌സ് ആകാം. എവിടെയെങ്കിലും അപകടമുണ്ടായാല്‍ നമ്മളെ പരിചയമുള്ളയാള്‍ ആദ്യം വിളിച്ച് നമുക്ക് വാര്‍ത്ത പറഞ്ഞു തരും. ഇങ്ങനെ വാര്‍ത്തകള്‍ കിട്ടാന്‍ വിശ്വാസ്യത വലിയ ഘടകമാണ്. നമ്മള്‍ സോഴ്‌സ് വെളിപ്പെടുത്തില്ല എന്ന വിശ്വാസം അവര്‍ക്കുണ്ടെങ്കിലേ പല സുപ്രധാന കാര്യങ്ങളും നമുക്ക് പറഞ്ഞുതരുകയുള്ളൂ. തിരിച്ച് നമുക്കവരോടും വിശ്വാസതയും ജാഗ്രതയും വേണം.
നമുക്ക് വാര്‍ത്ത തന്ന ഒരാള്‍ മറ്റൊരാളുടെ ഇമേജ് തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് വാര്‍ത്ത തരുന്നതെങ്കില്‍ അതു തിരിച്ചറിയാനാകണം. സോഴ്സിനെ അന്ധമായി വിശ്വസിച്ച് നാം ആ വാര്‍ത്ത നല്‍കിയാല്‍ തെറ്റായ വാര്‍ത്ത നല്‍കുന്ന ജേര്‍ണലിസ്റ്റായി നമ്മള്‍ മാറും. അതല്ല സത്യമെന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ അത് ചാനലിന്റെ അടക്കം വിശ്വാസ്യതയെ ബാധിക്കും. അതുകൊണ്ട് തന്നെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതില്‍ നാം ജാഗരൂകരായിരിക്കണം.
പല വാര്‍ത്തകളും നമ്മളെ തേടിയെത്തിയേക്കാം. അവയ്ക്കു പുറകിലെ സത്യങ്ങള്‍ ഒരു ജേര്‍ണലിസ്റ്റെന്ന നിലയില്‍ അന്വേഷിച്ച് ഉറപ്പുവരുത്തിയശേഷമേ കൊടുക്കാവൂ. കാരണം വിശ്വാസ യോഗ്യമായ വാര്‍ത്തകള്‍ കൊടുക്കുക എന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണ്.
NowNext സംഘടിപ്പിച്ച UNDERSTANDING MEDIA ശില്പശാലയില്‍ നടത്തിയ പ്രഭാഷണം