വർഷത്തിന്റെ ഭൂരിഭാഗം സമയത്തും മഞ്ഞ് മൂടിക്കിടക്കുന്ന,  ഗഡ്വാളിലെ രൂപ്കുണ്ഡ് തടാകത്തിൽ വേനൽക്കാലത്ത് മഞ്ഞുരുകി കഴിയുമ്പോൾ കുറെയധികം അസ്ഥികൂടങ്ങൾ ഇങ്ങനെ തെളിഞ്ഞ് വരും. ഏതെന്നോ, എന്തെന്നോ, ആരുടേതെന്നോ, എത്ര വർഷം പഴക്കമുണ്ടെന്നോ തുടങ്ങിയ കാര്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ലാത്ത കുറെയധികം മനുഷ്യാസ്ഥികൂടങ്ങൾ. 

SKELETON LAKE

സമുദ്രനിരപ്പിൽ നിന്നും 5029 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ ഈ തടാകത്തിൽ ഓരോ വർഷവും മഞ്ഞുരുകുമ്പോൾ ഏകദേശം 300 ഓളം അസ്ഥികൂടങ്ങൾ ഉയർന്നു വരും. 1940 കളിലാണ് ഈ സംഭവം ആദ്യമായി ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. അതും ഈ ഒരു പ്രദേശത്ത് പട്രോളിംഗ് നടത്തിയ ബ്രിട്ടീഷ് റേഞ്ചർമാരാണ് ആദ്യമായി ഈ ഒരു കാഴ്ച കാണുന്നത്. അന്ന് മുതൽ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി, ശാസ്ത്രജ്ഞന്മാരും, നരവംശ ശാസ്ത്രജ്ഞരുമൊക്കെ ഈ അസ്ഥികൂടങ്ങൾക്ക് പിന്നിലൊളിഞ്ഞിരിക്കുന്ന രഹസ്യം തേടിയുള്ള പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. 

 

രൂപ്കുണ്ഡ് തടാകത്തിന്റെ നിഗൂഢതകൾക്ക് പിന്നിലെ കാരണങ്ങളായി ഒരുപാട് കഥകൾ ആളുകൾക്ക് പറയാനുണ്ട്. പുരാണങ്ങളിലെ ഒരു മിത്തിനെ ചുറ്റിപ്പറ്റിയുള്ളതാണ് ഒന്ന്. അതിങ്ങനെയാണ്. ഹിമാലയത്തിലെ വളരെ ആഴത്തിലുള്ള ഒരു തടാകമാണ് രൂപ്കുണ്ഡ്. അതിന് ആ പേര് വരാൻ കാരണം, അസുരന്മാരുമായുള്ള വിജയകരമായ യുദ്ധത്തിന് ശേഷം ശിവനും നന്ദാദേവിയും ഇതുവഴി കടന്നുപോയി എന്നും, പോകുന്ന സമയത്ത് നന്ദാദേവിക്ക് ദാഹിച്ചുവെന്നും, ദാഹം തീർക്കാൻ ശിവൻ തടാകം നിർമിച്ചു എന്നുമാണ് കഥ, തടാകത്തിലേക്ക് നോക്കിയപ്പോൾ നന്ദാദേവിക്ക് അവരുടെ കൃത്യവും വ്യക്തവുമായ പ്രതിബിംബം കാണാൻ കഴിഞ്ഞുവത്രേ. 

SKELETON LAKE

അന്ന് നന്ദാദേവി തന്റെ തന്നെ രൂപം കണ്ടാസ്വദിച്ച ഇടമായതുകൊണ്ടാണത്രെ അതിന് രൂപ കുണ്ഡ് എന്ന പേര് വന്നത്. ഇനിയാണ് എങ്ങനെ ഈ അസ്ഥികൂടങ്ങൾ അവിടെ വന്നു എന്ന കഥ വരുന്നത്. ഒരിക്കൽ നന്ദാദേവിയുടെ ക്ഷേത്രത്തിൽ സന്ദർശനത്തിനായി പോയ ഒരു രാജാവും, റാണിയും അവരുടെ പരിവാരങ്ങളും കുതിരകളുമടക്കം, ഹിമപാതമുണ്ടായി മരണപ്പെട്ടു എന്നും അവരുടേതാണ് ഈ അസ്ഥികൂടങ്ങൾ എന്നുമാണ് ആ കഥ. രാജാവിനെയും പരിവാരങ്ങളെയും തന്റെ പരിസരം അശുദ്ധമാക്കിയതിന് പ്രകൃതിക്ഷോഭമുണ്ടാക്കി നന്ദാദേവി കൊന്നുകളഞ്ഞതാണ് എന്നും കഥകളുണ്ട്. 

40 മീറ്റർ മാത്രമാണ് രൂപ്കുണ്ഡ് തടാകത്തിന്റെ വ്യാസം. മാത്രമല്ല കടുത്ത ഹിമപാതവും ആലിപ്പഴ വീഴ്ചയുമുണ്ടാവാറുള്ള ഇടം കൂടിയാണ് രൂപ്കുണ്ഡ് തടാക പ്രദേശം. അതുകൊണ്ട് തന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള നിഗമനങ്ങളും കഥകളുമാണ് ഏറെയും കേൾക്കാൻ കഴിയുക. 1841 ൽ ടിബറ്റ് ആക്രമിക്കാൻ ശ്രമിച്ച ഇന്ത്യൻ സൈനികരുടേതാണ് ഈ അസ്ഥികൂടങ്ങൾ എന്നാണ് പ്രബലമായ മറ്റൊരു കഥ. പ്രത്യാക്രമണം നേരിട്ടപ്പോൾ ഹിമാലയത്തിന് മുകളിലേക്ക് വഴി കണ്ടെത്താൻ ശ്രമിച്ചു എന്നും അതിനിടയിൽ പ്രതികൂലമായ കാലാവസ്ഥ കാരണം കൊല്ലപ്പെട്ടതാകാം എന്നുമൊക്കെയാണ് പറയപ്പെടുന്നത്. 

SKELETON LAKE

അക്കാലത്ത്, 9 ആം നൂറ്റാണ്ടിലോ മറ്റോ, പടർന്നുപിടിച്ച ഏതോ പകർച്ച വ്യാധിയുടെ ഇരകളുടേതായിരിക്കാം ഈ അസ്ഥികൂടങ്ങൾ എന്നും, അന്ന് അവരെ അടക്കം ചെയ്ത സെമിത്തേരിയാവാം ഈ പ്രദേശം എന്നും ഊഹാപോഹങ്ങളുണ്ട്. അര നൂറ്റാണ്ടുകാലത്തെ പഠനത്തിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെ എന്നുകൂടി നോക്കാം. മരിച്ചവരിൽ ഭൂരിഭാഗവും ശരാശരിയിൽ കൂടുതൽ ഉയരമുള്ളവരായിരുന്നത്രെ. 35 നും 40 നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരാണ് കൂടുതലും, കുട്ടികളോ ശിശുക്കളോ ഉണ്ടായിരുന്നില്ല പോലും. ചിലർ പ്രായമായ സ്ത്രീകളായിരുന്നു, കൂടാതെ എല്ലാവരും നല്ല ആരോഗ്യമുള്ളവരുമായിരുന്നു. 

പഠനത്തിന്റെ ആദ്യകാലത്തെ നിഗമനം, പകർച്ചവ്യാധികളിൽ ഒറ്റയടിക്ക് കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങൾ എന്ന് തന്നെ ആയിരുന്നെങ്കിലും പിന്നീട് അങ്ങനെ അല്ല എന്ന് തെളിഞ്ഞു. ഇന്ത്യ, യു എസ്, ജർമനി എന്നിവടങ്ങളിൽ നിന്നുള്ള 16  സ്ഥാപനങ്ങളിലെ 28 ഗവേഷകർ ഉൾപ്പെടുന്ന ടീം നടത്തിയ അഞ്ച് വർഷം നീണ്ട പഠനത്തിൽ, ഈ അനുമാനങ്ങളൊന്നും ശരിയല്ലെന്ന് കണ്ടെത്തി. 15 സ്ത്രീകളുടേതുൾപ്പെടെ 38 അസ്ഥികൂടങ്ങൾ അവർ പരിശോധിച്ചു. അതിൽ പക്ഷെ 1200 വർഷം വരെ പഴക്കമുള്ള അസ്ഥികൂടങ്ങൾ ഉണ്ടെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. അതിൽ തന്നെ ജനിതക വൈവിധ്യവും കണ്ടെത്താൻ കഴിഞ്ഞു. ദക്ഷിണ ഏഷ്യയിലെ ജനങ്ങളുമായി സമാനതകളുള്ളവരും, യൂറോപ്പിലെ, ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ താമസിക്കുന്നവരുമായി ജനിതകമായ സമാനത പുലർത്തുന്നവരുമൊക്കെ ഉണ്ടെന്ന് കണ്ടെത്തി. 

SKELETON LAKE

പക്ഷെ ഇവരൊക്കെ എങ്ങനെ ഇവിടെ എത്തിപ്പെട്ടു? മെഡിറ്ററേനിയൻ പ്രദേശത്തെ ആളുകൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള പർവതനിരകളിലെ ഈ വിദൂര തടാകത്തിലേക്ക് എന്തിനു വന്നു? അതോ അവരിവിടത്തെ താമസക്കാരായിരുന്നോ? ദേശ കാല ഭേദങ്ങളില്ലാതെ ആളുകൾ തീർത്ഥാടനം നടത്തിയിരുന്ന ഏതെങ്കിലും ആരാധനാ കേന്ദ്രം ഇവിടെ ഉണ്ടായിരുന്നോ? ഇതുവരെ ആർക്കും ഉത്തരമില്ല. പഠനങ്ങളൊന്നും വ്യക്തമായ ഒരു ഉത്തരത്തിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടുമില്ല.നിരവധി ആൽപൈൻ വനങ്ങൾ ഉള്ള, പച്ച പുൽമേടുകൾ ഉള്ള, മഞ്ഞുമൂടിയ പർവതങ്ങൾ കാണപ്പെടുന്ന ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ് രൂപ്കുണ്ഡ് തടാകം അഥവാ സ്കെലിട്ടൺ തടാകം. 600 മുതൽ 800 വരെ ആളുകളുടെ അസ്ഥികൂടങ്ങൾ ഇവിടെ നിന്നും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക സർക്കാർ, ടുറിസം പ്രമോഷനുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ അന്നും ഇന്നും നിഗൂഢതയാണ് രൂപ്കുണ്ഡ് തടാകത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം.