അമേരിക്കൻ പ്രസിഡന്റും ടെഡി ബിയറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട്. പഴയ അമേരിക്കൻ പ്രസിഡന്റ് തിയോഡർ റൂസ്‌വെൽറ്റുമായി ടെഡി ബിയറിന് അഗാധമായ ബന്ധമുണ്ട്. ടെഡി എന്ന പേര് പോലും അദ്ദേഹത്തിൽ നിന്നും കടം കൊണ്ടതാണ്. കഥ ഇങ്ങനെ; വർഷം 1902; തിയോഡർ റൂസ്‌വെൽറ്റ് ടീമിനൊപ്പം ഒരു ഹണ്ടിങ് ട്രിപ്പിന് പോയി. യാത്രക്കിടയിൽ റൂസ്‌വെൽറ്റിന്റെ സഹായികൾ ഒരു കരടിയെ റൂസ്‌വെൽറ്റിനു എളുപ്പത്തിൽ ഷൂട്ട് ചെയ്യാനായി പിടിച്ച് കെട്ടിയിട്ടു. പക്ഷെ കരടിയുടെ നിസഹായത കണ്ട റൂസ്‌വെൽറ്റ് അതിനെ വെറുതെ വിട്ടു. സംഭവം വലിയ വാർത്തയായി.

READ MORE : ജതിങ്ക; പക്ഷികൾ ആത്മഹത്യ ചെയ്യാനെത്തുന്ന ഇന്ത്യൻ ഗ്രാമം

പത്രത്തിൽ കരടിയെ കൊല്ലാൻ തയ്യാറാവാതെ നിൽക്കുന്ന റൂസ്‌വെൽറ്റിന്റെ ചിത്രമടക്കമുള്ള കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. ക്ലിഫോർഡ് കെ ബാരിമാൻ വരച്ച ആ കാർട്ടൂൺ കണ്ട് കച്ചവടക്കാരായ മോറിസ് മിക്‌ടോമും ഭാര്യ റോസയും ഒരു കരടിപ്പാവയെ ഉണ്ടാക്കി കടയ്ക്ക് മുന്നിൽ വെച്ചു. ടെഡി’സ് ബിയർ എന്ന് പേരുമിട്ടു. കരടിപ്പാവ ഹിറ്റായതോടെ കൂടുതൽ ടെഡി’സ് ബിയറുകൾ മാർക്കെറ്റിലെത്തി. പേരും പതിയെ മാറി. ടെഡി ബിയർ ആയി.