തിരക്കിനിടയിൽ അല്പസമയം സൂപ്പർ മാർക്കറ്റുകളിലെ ചെക്ക് ഔട്ട് പോയിന്റിൽ വിശേഷങ്ങൾ പങ്ക് വെച്ച് ചിലവഴിച്ചാലോ? ഏയ്… ഞങ്ങൾക്കതിനൊന്നും സമയമില്ല, പോയിട്ട് തിരക്കുണ്ട് എന്ന് പറയുന്ന ആളുകൾക്ക് വേണ്ടിയല്ല ഈ ഏർപ്പാട്. സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും ആരുമില്ലാതായിപോയ കുറെ മനുഷ്യർക്ക് വേണ്ടിയാണ്. മക്കളുടെയും കൊച്ചുമക്കളുടെയും തിരക്കുകൾക്കിടയിൽ ഒറ്റക്കാവുന്ന രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വേണ്ടി സ്ലോ ചെക്ക് ഔട്ട് പോയിന്റുകൾ സ്ഥാപിച്ചിരിക്കുകയാണ് നെതെർലാൻഡ്‌സിലെ ജമ്പോ സൂപ്പർ മാർക്കറ്റ്. 

200 ജമ്പോ സ്റ്റോറുകളിലാണ് ക്ലെറ്റ്സ്കാസ എന്ന പേരിൽ ചാറ്റ് ചെക്ക് ഔട്ടുകൾ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് 75 വയസിന് മുകളിലുള്ള 1.3 മില്യൺ ആളുകൾ ഉണ്ടെന്നും അതിൽ 33 % പേരും ഏകാന്തത അനുഭവിക്കുന്നു എന്നും പഠനങ്ങളിലൂടെ തെളിഞ്ഞതിനാലാണ് സർക്കാർ സ്ലോ ലൈനുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. ജമ്പോ സ്റ്റോറുകൾ അതേറ്റെടുത്തതോടെ സംഭവം 100 % വിജയിക്കുകയും ചെയ്തു. നമ്മുടെ നാട്ടിലും വേണ്ടേ ഇത് പോലെ ഒറ്റപ്പെട്ടു പോകുന്നവർക്ക് വേണ്ടി സ്ലോ കൗണ്ടറുകൾ?