വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളും തുരുത്തുകളും എന്നും ഒരു മനുഷ്യന് കൗതുകമാണ്. തങ്ങളുടെ രാജ്യാതിർത്തികളിൽ വരുന്ന ദ്വീപുകൾ വിനോദസഞ്ചാര യോഗ്യമാക്കി സഞ്ചാരികളെ ആകർഷിക്കുക എന്നത് ഒട്ടുമിക്ക രാജ്യങ്ങളും ചെയ്തു വരുന്ന ഒരു കാര്യമാണ്. എന്നാൽ ബ്രസീലിലെ സമുദ്രാതിർത്തിയിൽ ഉള്ള മനോഹരമായ ഈ ചെറുദ്വീപിന്‍റെ കഥ മറ്റൊന്നാണ്.

ബ്രസീലിയൻ തീരത്തു നിന്നും 25 മൈൽ മാറി സ്ഥിതി ചെയ്യുന്ന “ക്വിമാട ഗ്രാൻഡെ” എന്ന ഈ ദ്വീപ് ഇപ്പോൾ അറിയപ്പെടുന്നത് “സ്നേക്ക് ഐലൻഡ്” എന്ന പേരിലാണ്. കൊടിയ വിഷമുള്ള പാമ്പുകളും സർപ്പങ്ങളും വിരാജിക്കുന്ന ഈ ചെറുദ്വീപ് തീർത്തും വാസയോഗ്യമല്ലാത്തതാണ്. അതിനാൽ തന്നെ ഇങ്ങോട്ടേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു ബ്രസീൽ സർക്കാർ. ഈ ദ്വീപിൽ ആകെയുള്ളത് ഒരു ലൈറ്റ് ഹോബ്സ് ആണ്. അതിന്‍റെ കാവൽക്കാരൻ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദ്വീപിൽ വച്ചു തന്നെ പാമ്പുകളെ കടിയേറ്റു മരിച്ചു എന്നാണു പറയപ്പെടുന്നത്.

നാലായിരത്തോളം വരുന്ന ഇനം പാമ്പുകൾ ഇവിടെയുണ്ടെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. ബ്രസീൽ നേവി, ബൂറ്റാൻടാൻ ഇൻസ്റ്റിറ്റൂട്ടിലെ പാമ്പു ഗവേഷകർ എന്നിവർക്ക് മാത്രമാണ് പ്രത്യേക പാസിലൂടെ ദ്വീപിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ടൂറിസ്റ്റുകളോ മറ്റോ ഈ ദ്വീപിലേക്ക് പ്രവേശിച്ചാൽ പിന്നെ ഒരു തിരിച്ചുവരവുണ്ടാകില്ല എന്നത് തന്നെയാണ് കാര്യം. എന്നിരുന്നാലും അത്യപൂർവ പാമ്പുകളുടെ വിഷം മരുന്നിനായി ശേഖരിക്കാൻ വരുന്നവരുടെ അനധികൃത കടന്നുകയറ്റവും ചെറുതല്ല. കടൽക്കൊള്ളക്കാർ വരെ ഭയന്ന് ഉപേക്ഷിച്ചുപോയ ഈ ദ്വീപിലേക്ക് ടൂറിസ്റ്റുകളെ അനുവദിക്കാത്തതിന്‍റെ കാരണം പ്രത്യേകം അന്വേഷിക്കേണ്ടതില്ലല്ലോ.

Leave a Reply