Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

”തേങ്ങയിൽ ആര് വെള്ളം നിറക്കും? ദൈവം”. ഓർമയില്ലേ ആ പരസ്യം? 

എന്ത് കോമഡി പരസ്യാണല്ലേ? നിങ്ങളൊന്നാലോചിച്ച് നോക്കിയേ ഈ ലോകത്ത് ഉണ്ടാവുന്ന തേങ്ങയിലെല്ലാം കുത്തിയിരുന്ന് വെള്ളം നിറക്കുന്ന ദൈവത്തെ പറ്റി? നടക്കുന്ന കാര്യമാണോ? ദൈവത്തിന്റെ കാര്യയോണ്ട് പിന്നെ ലോജിക്കിന് പ്രസക്തിയില്ലല്ലോ. എന്നാലും അങ്ങനങ്ങ് വിടാൻ പറ്റാത്ത സ്ഥിതിക്ക് തേങ്ങയിലെങ്ങനെ വെള്ളം വന്നു എന്നതിന്റെ ലോജിക്കൽ ഫാക്ടർ നമുക്കൊന്ന് അന്വേഷിച്ച് നോക്കാം.

who fills water inside a coconut?

ഒരു വിത്തിന്, അതിന്റെ ബീജാവസ്ഥയിൽ നിന്നും പൂർണ വളർച്ചയിലെത്താൻ ഭക്ഷണം ആവിശ്യമാണല്ലേ? ഭക്ഷണം എന്നുപറയുമ്പോൾ കഴിക്കാൻ പറ്റുന്ന എന്തെങ്കിലും എന്ന അർത്ഥത്തിലല്ലാട്ടോ, അതിനു അബ്സോർബ് ചെയ്ത് എടുക്കാൻ പാകത്തിന്.

തേങ്ങയുടെ വളർച്ചക്കാവശ്യമായ മൂലകങ്ങളും വേരിൽ നിന്ന് വലിച്ചെടുക്കുന്ന വെള്ളവുമെല്ലാം ചേർത്ത് എൻഡോസ്‌പേം എന്ന രൂപത്തിലാണ് ശേഖരിച്ച് വക്കുക. വിത്തുകളുടെ രൂപീകരണ സമയത്ത് എൻഡോസ്‌പേം ദ്രാവകരൂപത്തിലായിരിക്കും. തേങ്ങയുടെ കാര്യത്തിലേക്ക് വന്നാൽ, വളർച്ചയുടെ ഘട്ടങ്ങളിൽ ഈ ദ്രാവകം ഒരറ്റത്തായി അടിഞ്ഞുകൂടി തേങ്ങയുടെ വെളുത്ത, അതായത് നമ്മൾ കഴിക്കുന്ന കട്ടിയുള്ള ഭാഗമായി രൂപാന്തരപ്പെടും. ശേഷം ബാക്കിയായ ദ്രാവകം അതെ രൂപത്തിൽ തന്നെ നിൽക്കുകയും ചെയ്യും. ആ ദ്രാവകമാണ് ദൈവം സ്വന്തം കൈകൊണ്ട് നിറച്ചു എന്ന് പറയപ്പെടുന്ന തേങ്ങാവെള്ളം. 

who fills water inside a coconut?

പല സസ്യങ്ങളിലും ഈ എൻഡോസ്‌പേം വളർച്ചയുടെ ഘട്ടങ്ങളിൽ പൂർണമായും ആഗിരണം ചെയ്യപ്പെടും. അതുകൊണ്ടാണ് നാം എല്ലാ സസ്യങ്ങളുടെ വിത്തുകളിലും വെള്ളം കാണാത്തത്. 

ഇനി നമ്മുടെ ഈ തേങ്ങ വെള്ളത്തിന് ഒരുപിടി ഗുണങ്ങളുണ്ട്, പ്രകൃതി ദത്തമായ ഒരു ഔഷധം തന്നെയാണ് തേങ്ങാ വെള്ളം. ഒരുപാട് ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. തൊലിയുടെ തിളക്കം വർധിക്കുന്നത് മുതൽ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ തേങ്ങ വെള്ളത്തിനും കരിക്കിൻ വെള്ളത്തിനും സാധ്യമാണ്. ശരീരത്തിന്റെ ഉന്മേഷം നിലനിർത്താൻ കരിക്കിൻ വെള്ളം വളരെ നല്ല ഒരു ഉപാധിയാണ്. ക്ഷീണം മാറാൻ കരിക്കിൻ വെള്ളം കുടിക്കുന്നതിന്റെ പിന്നിലെ കാരണവും ഇത് തന്നെ. 

എങ്ങനെയാണ് തേങ്ങയിൽ വെള്ളം നിറയുന്നത് എന്ന സംശയം ഇനിയുണ്ടാവില്ലല്ലോ. സംശയം ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി പറഞ്ഞ് കൊടുക്കുകയും വേണം. ഇനി തെറ്റിക്കരുത്.