JEE മെയിൻ 2023 എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അപേക്ഷ ഫോമിലെ തിരുത്തലുകൾ നടത്താൻ ഇപ്പോൾ അവസരം. ജനുവരി 14-നകം jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ ഫോമിലെ വിവരങ്ങൾ മാറ്റാവുന്നതാണ് എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(NTA) അറിയിച്ചു.
“2023 ജനുവരി 14-ന് രാത്രി 11:50 വരെ ഏറ്റവും പുതിയ തിരുത്തലുകൾ നടത്താൻ ഉദ്യോഗാർത്ഥികളെ അനുവദിച്ചിരിക്കുന്നു. അതിനുശേഷം, വിശദാംശങ്ങളിൽ ഒരു തിരുത്തലും, ഒരു സാഹചര്യത്തിലും NTA സ്വീകരിക്കില്ല. അധിക ഫീസ് ബാധകമാകുന്നിടത്തെല്ലാം ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ വഴി ബന്ധപ്പെട്ട വിദ്യാർത്ഥി അടയ്ക്കേണ്ടതാണ്,” ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
വിദ്യാർത്ഥികൾക്ക് അനുവദനീയമായ തിരുത്തലുകൾ
- അച്ഛന്റെയും അമ്മയുടെയും പേര്
- കാറ്റഗറി, സബ് കാറ്റഗറി
- സിറ്റി, ആശയവിനിമയ ഭാഷ
- യോഗ്യത
- കോഴ്സ്/പേപ്പർ
മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്, സ്ഥിര മേൽവിലാസം, നിലവിലെ മേൽവിലാസം തുടങ്ങിയ വിവരങ്ങളിൽ തിരുത്തലുകൾ അനുവദനീയമല്ല.
എഡിറ്റ് ചെയ്യേണ്ട വിധം
- jeemain-nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
- ഹോം പേജിലെ കറക്ഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക
- ശ്രദ്ധയോടെ തെറ്റുകൾ തിരുത്തുക
- ഫീ അടക്കുക
- അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
JEE മെയിൻ 2023 പ്രവേശനം രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ സെഷൻ ജനുവരി 24 മുതൽ 31 വരെയും രണ്ടാം സെഷൻ ഏപ്രിൽ 6 മുതൽ 12 വരെയും നടക്കും. 2021 – 22 വർഷങ്ങളിൽ 12-ാം ക്ലാസ് ബോർഡ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
JEE മെയിൻ 2023 റാങ്ക് അടിസ്ഥാനമാക്കി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ യോഗ്യത മാനദണ്ഡങ്ങൾ എൻ ടി എ പരിഷ്കരിച്ചിട്ടുണ്ട്. അത് പ്രകാരം ഏത് ബോർഡിന്റെയും 12-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ 20 % വിദ്യാർത്ഥികൾക്കും JEE മെയിൻ പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി കേന്ദ്ര ധനസഹായം ലഭിക്കുന്ന ഐ ഐ ടി കളിലും എൻ ഐ ടി കളിലും അഡ്മിഷൻ തേടാൻ അർഹത ഉണ്ട്.
JEE മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നതും ആദ്യത്തെ 2.5 ലക്ഷം റാങ്കിലുള്ളതുമായ വിദ്യാർത്ഥികൾക്ക് ഐ ഐ ടി കളിലേക്കുള്ള JEE അഡ്വാൻസസ്ഡ് പ്രവേശന പരീക്ഷ എഴുതാം. JEE അഡ്വാൻസസ്ഡ് പരീക്ഷ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 30 ന് ആരംഭിക്കും. ജൂൺ 4 ന് ആണ് പരീക്ഷകൾ ഷെഡ്യുൾ ചെയ്തിരിക്കുന്നത്.