ലീപ് കോ വർക്ക് സ്‌പേസസ്. ലീപ് എന്നാൽ ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പെർ. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ ഇനി ഈ പേരിൽ അറിയപ്പെടും. സ്റ്റാർട്ടപ്പ് മിഷന്റെ തിരുവന്തപുരത്തെ നവീകരിച്ച ഹെഡ് ക്വാർട്ടേഴ്‌സ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പ്രഖ്യാപനം നടത്തിയത്. സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളുടെ ലീപ് മെമ്പർഷിപ്പും വേദിയിൽ ലോഞ്ച് ചെയ്തു. സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ മികച്ച കോ വർക്കിങ് സ്പേസ് കൂടി ആക്കി മാറ്റുന്നതിന് വേണ്ടിയാണ് പേരുമാറ്റവും മെമ്പർഷിപ്പ് കാർഡും നടപ്പിലാക്കുന്നത്. ടെക്നോപാർക്കിലുള്ള കെ എസ് യു എം ഹെഡ് ക്വാർട്ടേഴ്‌സ് ലീപ് കോ വർക് സ്പേസ് എന്ന് റീബ്രാൻഡ് ചെയ്തതാണ് ഇതിന്റെ ആദ്യ ഘട്ടം. കേരളത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ പുതിയ ലീപ് കോ വർക് സ്പേസുകൾ ഉയരുന്നതോടെ സംഭവം വേറെ ലെവൽ ആകും. സംസ്ഥാനവ്യാപകമായ ഈ റീബ്രാൻഡിംഗ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും സമഗ്രമായ പിന്തുണയും ഫെസിലിറ്റീസുമാണ് ഒരുക്കുക.