JEE മെയിൻ 2023 എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അപേക്ഷ ഫോമിലെ തിരുത്തലുകൾ നടത്താൻ ഇപ്പോൾ അവസരം. ജനുവരി 14-നകം jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ ഫോമിലെ വിവരങ്ങൾ മാറ്റാവുന്നതാണ് എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(NTA) അറിയിച്ചു.

“2023 ജനുവരി 14-ന് രാത്രി 11:50 വരെ ഏറ്റവും പുതിയ തിരുത്തലുകൾ നടത്താൻ ഉദ്യോഗാർത്ഥികളെ അനുവദിച്ചിരിക്കുന്നു. അതിനുശേഷം, വിശദാംശങ്ങളിൽ ഒരു തിരുത്തലും, ഒരു സാഹചര്യത്തിലും NTA സ്വീകരിക്കില്ല. അധിക ഫീസ് ബാധകമാകുന്നിടത്തെല്ലാം ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ വഴി ബന്ധപ്പെട്ട വിദ്യാർത്ഥി അടയ്‌ക്കേണ്ടതാണ്,” ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

വിദ്യാർത്ഥികൾക്ക് അനുവദനീയമായ തിരുത്തലുകൾ

  • അച്ഛന്റെയും അമ്മയുടെയും പേര്
  • കാറ്റഗറി, സബ് കാറ്റഗറി
  • സിറ്റി, ആശയവിനിമയ ഭാഷ
  • യോഗ്യത
  • കോഴ്സ്/പേപ്പർ

മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്, സ്ഥിര മേൽവിലാസം, നിലവിലെ മേൽവിലാസം തുടങ്ങിയ വിവരങ്ങളിൽ തിരുത്തലുകൾ അനുവദനീയമല്ല.

എഡിറ്റ് ചെയ്യേണ്ട വിധം

  1. jeemain-nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക
  2. ഹോം പേജിലെ കറക്ഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. അപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക
  4. ശ്രദ്ധയോടെ തെറ്റുകൾ തിരുത്തുക
  5. ഫീ അടക്കുക
  6. അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക

JEE മെയിൻ 2023 പ്രവേശനം രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ സെഷൻ ജനുവരി 24 മുതൽ 31 വരെയും രണ്ടാം സെഷൻ ഏപ്രിൽ 6 മുതൽ 12 വരെയും നടക്കും. 2021 – 22 വർഷങ്ങളിൽ 12-ാം ക്ലാസ് ബോർഡ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

JEE മെയിൻ 2023 റാങ്ക് അടിസ്ഥാനമാക്കി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ യോഗ്യത മാനദണ്ഡങ്ങൾ എൻ ടി എ പരിഷ്കരിച്ചിട്ടുണ്ട്. അത് പ്രകാരം ഏത് ബോർഡിന്റെയും 12-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ 20 % വിദ്യാർത്ഥികൾക്കും JEE മെയിൻ പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി കേന്ദ്ര ധനസഹായം ലഭിക്കുന്ന ഐ ഐ ടി കളിലും എൻ ഐ ടി കളിലും അഡ്മിഷൻ തേടാൻ അർഹത ഉണ്ട്.

JEE മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നതും ആദ്യത്തെ 2.5 ലക്ഷം റാങ്കിലുള്ളതുമായ വിദ്യാർത്ഥികൾക്ക് ഐ ഐ ടി കളിലേക്കുള്ള JEE അഡ്വാൻസസ്ഡ് പ്രവേശന പരീക്ഷ എഴുതാം. JEE അഡ്വാൻസസ്ഡ് പരീക്ഷ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 30 ന് ആരംഭിക്കും. ജൂൺ 4 ന് ആണ് പരീക്ഷകൾ ഷെഡ്യുൾ ചെയ്തിരിക്കുന്നത്.