എട്ടുകാലി വിരിച്ച വലയിൽ നിന്നും രക്ഷപ്പെടുക എന്നത് പ്രാണികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള പരിപാടിയല്ല. അത്രയ്ക്ക് വിദഗ്ദ്ധമായാണ് എട്ടുകാലികൾ വലകൾ നിർമ്മിക്കുന്നത്. അപ്പോഴാണ് ഒരു വലിയ സംശയം മനസ്സിൽ ഉയർന്നു വരിക – സ്വാന്തം വലയിൽ എന്തുകൊണ്ടാണ് എട്ടുകാലികൾ കുടുങ്ങാത്തത്? ന്യായമായും ഇതൊരു ഒന്നൊന്നര സംശയം തന്നെയല്ലേ?

എട്ടുകാലികൾ ഒരിക്കലും സ്വന്തം വലയിൽ കുടുങ്ങുകയില്ല. അത് മനസ്സിലാക്കണമെങ്കിൽ വലയിലൂടെ അവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരം തുടർച്ചയായി നിരീക്ഷിച്ചാൽ മതി. എട്ടുകാലികളുടെ വലയിൽ വൃത്തത്തിലും വൃത്തത്തിനു കുറുകെയായും ഇഴകൾ ഉണ്ട്. വലയിലൂടെ എട്ടുകാലി അലക്ഷ്യമായി സഞ്ചരിക്കാറില്ല. പ്രത്യേക വഴികളിലൂടെ മാത്രം അവ സഞ്ചരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പശയില്ലാത്ത ഇഴകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുറുകെയുള്ള പാലം സുരക്ഷിതമായ പാതയാണ്. അതിലൂടെ സഞ്ചരിച്ചാൽ പശയിൽ ഒട്ടിപ്പിടിക്കില്ല. വല നിർമ്മിച്ച എട്ടുകാലികൾക്ക് ഇത് കൃത്യമായി അറിയാം. നേരെ മറിച്ച് വൃത്തത്തിലുള്ള ഇഴകളാണെങ്കിലോ, നല്ല പശയുള്ള നൂലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഇഴകളിൽ തൊടാതെ സഞ്ചരിക്കാൻ എട്ടുകാലി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അഥവാ സ്പർശിച്ചാൽ തന്നെ, വളഞ്ഞ പാദങ്ങളും, പാദങ്ങളിലെ പ്രത്യേകതരം രോമങ്ങളും നൂലിൽ ഒട്ടിപ്പിടിക്കാതെ എട്ടുകാലിയെ സഹായിക്കുന്നു.

പക്ഷെ, ഈ പറഞ്ഞ ഒരു രഹസ്യവും അറിയാത്ത പ്രാണികൾ വലകളിൽ ഒട്ടിപ്പിടിക്കുകയും എട്ടുകാലികൾക്ക് ഭക്ഷണമാകുകയും ചെയ്യാറുണ്ട്.

Leave a Reply