ബീവർ (Beaver) എന്ന ജീവിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാണുന്നത് പോലെയല്ല, ആള് വലിയപുള്ളിയാണ്. പ്രധാന ഹോബി അണക്കെട്ടുകൾ നിർമ്മിക്കുക എന്നതാണ്. ചെറിയ അരുവികൾ, കൊച്ചു നദികൾ എന്നിവിടങ്ങളിൽ തടിക്കഷ്ണങ്ങളും മരക്കൊമ്പുകളും ചെളിയുമൊക്കെ വച്ചാണ് അണകൾ നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ ചെറുതും വലുതുമായ ചെടികൾ, മരങ്ങൾ എന്നിവ മുറിച്ചെടുക്കാൻ ബീവറിന്റെ മൂർച്ചയേറിയ ഉളിപ്പല്ലുകൾ സഹായിക്കുന്നു.

ജലാശയങ്ങളുടെയും, നദികളുടെയും കരയിലാണ് സാധാരണയായി ബീവറുകൾ മാളങ്ങൾ ഉണ്ടാക്കുന്നത്. വെള്ളത്തിൽ നിന്നും കരയിൽ നിന്നും മാളത്തിലേക്ക് പ്രവേശനദ്വാരങ്ങൾ ഉണ്ടായിരിക്കും. കരയിൽ നിന്ന് ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ ഉടൻ തന്നെ വെള്ളത്തിലേക്ക് പ്രവേശിക്കും. ഒരു നിശ്ചിത പരിധി വരെ മാളത്തിനകത്ത് വെള്ളമുണ്ടായിരിക്കും. ഇത്, ബീവറിന്റെ സുരക്ഷയ്ക്ക് ആവശ്യവുമാണ്. ഇക്കാരണത്താൽ, ജലാശയങ്ങളിലെ സ്വാഭാവിക ജലനിരപ്പ് കുറയുമ്പോൾ, ബീവർ ജലാശയത്തിനു കുറുകെ അണ നിർമ്മിച്ചു ജലനിരപ്പ് ഉയർത്തുന്നു. ഇതാണ് ബീവറുകളുടെ അണക്കെട്ട് നിർമ്മാണത്തിന് പിന്നിലുള്ള വസ്തുത.

താരതമ്യേന വലിയ അണക്കെട്ടുകൾ നിർമ്മിക്കാൻ ബീവറുകൾക്ക് കഴിയും. ഇങ്ങനെ നിർമ്മിക്കുന്ന അണകൾ, പൊടുന്നനെ ഒഴുക്ക് തടയുകയും വെള്ളപ്പൊക്കം കൃഷിനാശം എന്നിവ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ബീവറിന്റെ രോമം വാണിജ്യാടിസ്ഥാനത്തിൽ വലിയ ഡിമാൻഡാണ്. അത് ശേഖരിക്കുന്നതിനായി മനുഷ്യൻ വൻതോതിൽ നടത്തുന്ന ബീവർ വേട്ട പ്രത്യക്ഷത്തിൽ ഈ അണക്കെട്ടു നിർമ്മാതാക്കളുടെ വംശത്തിനു ഭീഷണി കൊടുത്തുകൊണ്ടേയിരിക്കുന്നു.

Leave a Reply