അധികാരത്തിന്റേയോ അധീശത്വത്തിന്റേയോ ചിഹ്നമായ ഒരു അടയാളമോ നിറമോ, സാധാരണ രീതിയിൽ ഒരു തുണിയിൽരേഖപ്പെടുത്തി, വിളംബരം ചെയ്യാനാണ് പതാക ഉപയോഗിക്കുന്നത്. ഒരു ദണ്ഡിന്റെ അറ്റത്ത് കെട്ടി, വീശിക്കാണിച്ചുകൊണ്ടോ, ഉയരത്തിൽ കെട്ടി നിർത്തിയോ, ശരീരത്തിൽ വസ്ത്രങ്ങളിലും മറ്റും ധരിച്ചുകൊണ്ടോ ഇവ പ്രദർശിപ്പിച്ചുവരുന്നു. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും പതാക ഉപയോഗിക്കുന്നു. പതാകകൾ ആദ്യമായി ഉപയോഗിച്ചത് യുദ്ധക്കളങ്ങളിലാണ്. രാജ്യങ്ങളുടെ ദേശീയ പതാകകൾ ദേശീയപ്രാധാന്യമുള്ളതും ദേശസ്നേഹത്തെ കാണിക്കുന്നതുമാണ്.

ഇന്ത്യൻ ദേശീയ, പതാക ഭരണഘടനാ നിര്‍മാണ സമിതിയുടെ അംഗീകാരത്തോടെ 1947 ജൂലായ് 22 ന് നിലവില്‍ വന്നു. ദേശീയ പതാകയിലെ വര്‍ണങ്ങള്‍ ഇപ്രകാരമാണ്.- ഏറ്റവും മുകളിലായി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്ന കുങ്കുമ നിറം,സമാധാനത്തിന്റേയും സത്യത്തിന്റേയും സൂചകമായി വെള്ള മദ്ധ്യത്ത്, ഫലഭൂയിഷ്ഠത – സമൃദ്ധി കാണിക്കുന്ന പച്ച ഏറ്റവും താഴെയായും ക്രമീകരിച്ചിരിക്കുന്നു. സാരനാഥിലെ അശോക സ്തംഭത്തില്‍ നിന്നും അശോക ചക്രം മാതൃകയാക്കി പതാകയുടെ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് . പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമംഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു. ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിനു ഉപയോഗിക്കാവൂ. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)),ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട്‌.

ഭാരതീയ നിയമം, ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു. 2002-ൽ ഉണ്ടാക്കിയ ‘ഇന്ത്യൻ പതാകാ നിയമം’ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ,പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. ദേശീയപതാക ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ സന്നിഹിതരായ ആളുകള്‍ എഴുന്നേറ്റ് നിന്ന് അതിനെ ആദരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയപതാകയോട് അനാദരവു കാട്ടുകയെന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ്‌ താഴ്ത്തണം. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കാൻ പാടില്ല. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും,കൊടിയുയർ‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.

വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, ലഫ്റ്റനന്റ്‌ ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, ഇന്ത്യൻ പാർലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയർ കാബിനറ്റ് അംഗങ്ങൾ, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷർ, രാജ്യസഭാ ചെയർമാൻ, നിയമനിർമ്മാണ സമിതി ചെയർമാൻ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ,തുടങ്ങി ചുരുക്കം ചിലർക്കു മാത്രമേയുള്ളൂ.

രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദുഃഖാചരണ വേളകളിൽ,ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌. ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവിൽ സൂചിപ്പിക്കാറുണ്ട്. പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകൾ പാലിയ്ക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയർത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയിൽനിന്നും പതാക പൂർണ്ണമായും ഉയർത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ. സൈനികരുടെ മരണാനന്തര ചടങ്ങുകളില് അവരോടുള്ള ആദരസൂചകമായി ശവപ്പെട്ടിയുടെ മുകളിലായി ദേശീയപതാക വിരിച്ചിടാറുണ്ട്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ദേശീയപതാക മൃതദേഹത്തിന്റെ കൂടെ മറവുചെയ്യാനോ ചിതയില് ദഹിപ്പിയ്ക്കാനോ പാടില്ല. തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണിൽ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!