ലോകത്തിലെ ഒരു അപൂർവ അത്ഭുതമാണ് ‘ആംബർ റൂം’ അഥവാ കുന്തിരിക്ക മുറി.
ഏകദേശം 6 -ടൺ കുന്തിരിക്കം കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
സെൻറ്റ് പീറ്റര്‍സ്ബെർഗിലെ കാതറിൻ പാലസിലാണ് മുറി സ്ഥിതിചെയ്യുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്.
ജർമൻ ശിൽപിയാണ് സ്വർണവും മുത്തുകളും കൊണ്ട് അലംകൃതമായ ഈ മുറി രൂപകല്‍പ്പന ചെയ്തത്. രണ്ടാം ലോക മഹായുദ്ധകാലത്ത് മോഷ്ടിക്കപ്പെട്ട ഇത് 2003-ൽ പുനർ നിർമിക്കുകയായിരുന്നു. മോഷ്ടിക്കപ്പെടുന്നതിന് തൊട്ടു മുൻപ് വരെ ഇത് “ലോകത്തിലെ എട്ടാമത്തെ അതിശയം” എന്ന റെക്കോർഡിന് ഉടമയായിരുന്നു..!! അത്രയേറെ അമ്പരപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞതായിരുന്നു ആംബർ റൂം.

പ്രഷ്യയുടെ ഭരണാധികാരി ഫ്രഡറിക് ഒന്നാമനു വേണ്ടിയാണ് അപൂർവ വസ്തുക്കൾ കൊണ്ട് ഈ സുവർണ മുറി നിർമിച്ചത്. ആംബറെന്ന ( മഞ്ഞ കുന്തിരിക്കം ) അമൂല്യ വസ്തുവായിരുന്നു ഇതിൽ പ്രധാനം. ഒപ്പം സ്വർണ ഫ്രെയിമുകളിൽ ഘടിപ്പിച്ച കൂറ്റൻ നീലക്കണ്ണാടികളും ശോഭ കൂട്ടാൻ വിലയേറിയ രത്നക്കല്ലുകളും. 11- അടി ഉയരമുള്ള മുറി നിറയെ മെഴുകുതിരികൾ കത്തിച്ചു വയ്ക്കുമ്പോഴാണ് അതിന്റെ ശോഭ പത്തരമാറ്റാവുക.

ഇന്നത്തെ വിലയനുസരിച്ചു നോക്കിയാൽ ഈ മുറിയുടെ മൂല്യം ഏകദേശം 250-ദശലക്ഷം പൗണ്ട് അതായത് 2000-കോടി രൂപ വരും. 1716-ൽ റഷ്യയിലെ സാർ പീറ്റർ ഒന്നാമൻ ചക്രവർത്തിക്ക് ആംബർ റൂം കൈമാറി. തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗിലെ കാതറിൻ കൊട്ടാരത്തിലാണ് ഇതു സൂക്ഷിച്ചിരുന്നത്. അതിനിടെ ഹിറ്റ്‌ലറുടെ നാസി പട്ടാളം ഇവിടേക്കു മാർച്ച് ചെയ്തു. ആംബർ റൂം സ്ഥിതി ചെയ്തിരുന്ന നഗരം 1941-ൽ അവർ കരയിൽ നിന്നും ആകാശത്തു നിന്നും ആക്രമിച്ചു തകർത്തു.

(AP Photo/ Dmitry Lovetsky)

ചിലർ കരുതുന്നത് ആ ആക്രമണത്തിൽ സ്വർണമുറി നശിച്ചു പോയെന്നാണ്.
എന്നാൽ യുദ്ധത്തിനിടെ കൊട്ടാരത്തിൽ നിന്ന് മുപ്പതോളം വാഗണുകൾ പുറത്തേക്കു പോകുന്നതു കണ്ടവരുണ്ട്. അകത്തെന്താണെന്നറിയാത്ത വിധം മൂടിക്കെട്ടിയായിരുന്നു വാഗണുകൾ പോയത് . ഇത്ര വിലപിടിപ്പുള്ള ഒരു മുറി വെറുതെ നശിപ്പിച്ചു കളയാൻ മാത്രം മണ്ടന്മാരായിരുന്നില്ല അവർ. അതിനിടെ നാസികളുടെ പതനം പൂർണമായി, ഹിറ്റ്‌ലർ ഇല്ലാതായതിനു ശേഷം ചരിത്രകാരന്മാർ ആദ്യം അന്വേഷിച്ചവയിൽ ആംബർ റൂമുമുണ്ടായിരുന്നു.

എന്നാൽ എത്ര അലഞ്ഞിട്ടും അത് കണ്ടെത്താനായില്ല.
ദശകങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഇപ്പോഴിതാ ഒരു കൂട്ടം നിധി വേട്ടക്കാർ പറയുന്നു, ആംബർ റൂമിലേക്കുള്ള വഴി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു.
പോളണ്ടിലേക്കാണ് ആംബർ റൂം കടത്തിയതെന്ന വിവരം നേരത്തേ തന്നെ പ്രചരിക്കപ്പെട്ടിരുന്നു. എങ്കിലും യൂറോപ്പിന്റെ ഒരു ഭാഗവും വിടാതെ നിധിവേട്ടക്കാർ അന്വേഷണം നടത്തിയിരുന്നു. പോളണ്ടിലെ മമെർകി ബങ്കർ മ്യൂസിയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് ഇപ്പോൾ പുതിയ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുന്നത്.

വടക്കു കിഴക്കൻ പോളണ്ടിൽ നിന്ന് ഏതാനും കിലോമീറ്റർ മാറിയാണ് ആംബർ റൂം ഉണ്ടെന്നു കരുതുന്ന രഹസ്യ തുരങ്കം കണ്ടെത്തിയതായി അവകാശവാദമുള്ളത്.
ജിയോ–റഡാർ സാങ്കേതികതയാണ് ഇക്കാര്യത്തിൽ നിധിവേട്ടക്കാരെ സഹായിച്ചത്.
ഭൂമിയെ തുളച്ചു കടന്നുപോകുന്ന തരം റഡാർ‍ രശ്മികൾ എന്നാണിതിനെ വിശേഷിപ്പിക്കുന്നതു തന്നെ. അത്തരത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയില്‍ ഒരു ചെറുവാതിൽ കണ്ടെത്തുകയായിരുന്നു. അതിന്റെ തൊട്ടുമുകളിലാകട്ടെ ഒരു വമ്പൻ മരവും ഉണ്ടായിരുന്നു .

മണ്ണിന്റെ ആ ഭാഗം കുഴിച്ചു നോക്കിയാൽ മാത്രമേ താഴെ എന്താണെന്ന് അറിയാനാകൂ. മരത്തിന് ഏകദേശം 60-വര്‍ഷത്തിലേറെ പഴക്കമുണ്ട്. അത്രയും കാലം ആരും വാതിൽ തുറക്കാതിരുന്നതിനാലാണു മരം പടർന്നു പന്തലിച്ചതെന്നും നിധിവേട്ടക്കാർ പറയുന്നു. വാതിൽ തുറക്കുന്നത് ഒരു തുരങ്കത്തിലേക്കാണെന്നതു വ്യക്തമായിട്ടുണ്ട്. യുദ്ധകാലത്ത് ജർമൻ സേനയുടെ കിഴക്കന്‍ ആസ്ഥാന മന്ദിരം ഇതിനു തൊട്ടടുത്തായിരുന്നുവെന്നതും സംശയം ബലപ്പെടുത്തുന്നു.

പല രാജ്യങ്ങളിൽ നിന്നു കവർന്ന അമൂല്യ വസ്തുക്കളെല്ലാം ഈ പരിസരത്ത് സൂക്ഷിച്ചിട്ടുണ്ടെന്നതും ഒരു രഹസ്യമാണ്. വിലമതിക്കാനാകാത്ത ചരിത്രവസ്തുക്കൾ തുരങ്കത്തിൽ നിന്ന് ഉറപ്പായും ലഭിക്കുമെന്നാണ് നിധിവേട്ടക്കാരുടെ വിശ്വാസം.
70-വർഷത്തിലേറെയായി ലോകം തേടിക്കൊണ്ടിരിക്കുന്ന വമ്പൻ നിധിയുടെ കഥയ്ക്ക് ഒരുപക്ഷേ ഉത്തരം ലഭിക്കുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!