കാട്ടിലെ രാജാവ്, നാട്ടിലെ രാജാവ് അങ്ങനെ പല രാജാക്കൻമാരെ കുറിച്ചും നമ്മൾ കേട്ടിട്ട് ഉണ്ട്. പക്ഷെ പരുന്തുകളുടെ രാജാവിനെ കുറിച്ച് കേൾക്കുന്നത് ആദ്യമായിട്ടാവും.

പക്ഷി വർഗത്തിലെ മിടുക്കരായ വേട്ടക്കാരിൽ മുൻനിരയിലാണ് പരുന്തുകളുടെ സ്ഥാനം. എന്നാൽ ആ കൂട്ടത്തിൽ തന്നെ ഏറ്റവും ഭീകരൻമാരായ ഒരിനമുണ്ട്. കാഴ്ചയിൽ തന്നെ ആരിലും ഭയം ഉളവാക്കുന്ന ഹാർപ്പി പരുന്തുകൾ. വലുപ്പം കൊണ്ട്  പരുന്തുകളുടെ പട്ടികയിൽ സ്റ്റെല്ലേഴ്സ് സീ ഈഗിൾ, ഫിലിപ്പൈൻസ് ഈഗിൾ എന്നിവയ്ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നവയാണ് ഹാർപ്പി പരുന്തുകളും..!

തെക്കൻ മെക്സിക്കോയിലും മധ്യ അമേരിക്കൻ മേഖലകളിലും ആമസോൺ കാടുകളിലുമാണ് ഹാർപ്പി പരുന്തുകളെ കൂടുതലായി കണ്ടുവരുന്നത്. ഏഴ് അടിയോളം നീളമുള്ള ചിറകുകളും പത്തു കിലോയിക്കടുത്ത് തൂക്കവുമുള്ള ഭീമൻമാരാണ്  ഇവ. കറുപ്പും ചാരവും കലർന്ന നിറത്തിലുള്ള തൂവലുകളുള്ള ഇവയെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഈ ഇനത്തിലെ പെൺ വർഗത്തിന്റെ കാൽ പാദങ്ങൾക്ക് മനുഷ്യരുടെ കൈപ്പത്തിയുടെ അത്ര വലുപ്പമുണ്ടാവും. നഖങ്ങളാണ് ഹാർപ്പി പരുന്തുകളുടെ പ്രധാന ആയുധം. അഞ്ച് ഇഞ്ച് വരെ നീളത്തിൽ വരെ വളരുന്ന നഖങ്ങളാണ് ഇവയ്ക്കുള്ളത്. തേവാങ്കുകൾ, ഇടത്തരം കുരങ്ങന്മാർ, കുറുക്കൻ എന്നിവയടക്കം താരതമ്യേന വലിയ മൃഗങ്ങളെ എളുപ്പത്തിൽ പിടിയിലാക്കാൻ ഈ നഖങ്ങൾ ഹാർപ്പി പരുന്തുകൾക്ക് ഏറെ സഹായകമാണ്.

ആൺ ഹാർപ്പി പരുന്തുകളുടെ ഇരട്ടി ഭാരം പെൺ പരുന്തുകൾക്ക് കാണാറുണ്ട്; ഇവ, ഒരു വിധം വലിയ കുരങ്ങുകളെ പോലും മരങ്ങളിൽ നിന്ന് തന്നെ റാഞ്ചിയെടുത്ത് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. കൂർത്ത് വളഞ്ഞ നഖങ്ങൾ കൊണ്ടുള്ള പിടുത്തത്തിൽ നിന്ന് മൃഗങ്ങൾക്ക് രക്ഷപ്പെടുക അസാധ്യം. നഖങ്ങൾക്ക് തൊട്ടുപിന്നിലായി അതീവ ശക്തിയേറിയ മാംസപേശികളാണുള്ളത്. അതിനാൽ ഇരയെ പിടിച്ചു കഴിഞ്ഞാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ താഴെ വീണു പോകാതെ ബലമായി പിടിച്ചുവയ്ക്കാൻ അവയ്ക്ക് സാധിക്കുന്നു.

ഇരയുടെ പുറകെ പായുമ്പോൾ, മണിക്കൂറിൽ എൺപത് കിലോമീറ്റർ വരെ വേഗത്തിൽ പറന്നെത്തിയാണ് ഹാർപ്പി പരുന്തുകളുടെ ആക്രമണം. ഇത്രയധികം വേഗതയിലെത്തി ഇരയുടെ മേൽ കാൽ നഖം ഉപയോഗിച്ച് അൻപത് കിലോയിൽ അധികം ശക്തിയിൽ പ്രഹരമേൽപ്പിക്കാനും ഇവയ്ക്കാവും. ഇത്രയും കനത്ത പ്രഹരം ഇരകളുടെ അസ്ഥികളെ തകർക്കാൻ പ്രാപ്തമാണ്. അസാമാന്യ നീളമുള്ളതും ബലമുള്ളതുമായ  ചിറകുകൾ വലിയ ഇരയെ വഹിച്ചുകൊണ്ട് പറക്കാൻ ഇവയെ സഹായിക്കുന്നു.

ചെറിയ ശബ്ദങ്ങൾ പോലും പിടിച്ചെടുക്കത്തക്ക കേൾവിശക്തിയും അപാരമായ കാഴ്ചശക്തിയുമാണ്  ഇവയുടെ മറ്റൊരു പ്രത്യേകത. പരുന്തിന്റെ കാഴ്ചശക്തിയേക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ..? ശബ്ദം പിടിച്ചെടുക്കേണ്ട നേരത്ത് ഇവയുടെ മുഖത്തെ നേർത്ത തൂവലുകൾ മൂങ്ങകളുടേതിനു സമാനമായ രീതിയിൽ എഴുന്നു നിൽക്കും. ടണലുകൾ കണക്കെ പ്രവർത്തിക്കുന്ന ഈ തൂവലുകൾ  നേരിയ ശബ്ദം പോലും കൂടുതൽ വ്യക്തമായി കേൾക്കാൻ സഹായിക്കും. മഴക്കാടുകളാണ് സാധാരണയായി ഹാർപ്പി പരുന്തുകളുടെ ആവാസസ്ഥലം. എന്നാൽ മനുഷ്യരുടെ, വനനശീകരണവും ഖനനവുമെല്ലാം കാരണം ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ട്.

Leave a Reply