ഡച്ച്ക്കാരനായ ഹെന്‍ഡ്‌റിക് വാന്‍ റീഡ് എഴുതിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെ കുറിച്ച് കുറച്ച് പേരെങ്കിലും കേട്ട് കാണും.

കേരളത്തിന്റെ സസ്യ കലവറയെ കുറിച്ചെഴുതിയ പുസ്തകമാണിത്. ലാറ്റിന്‍ ഭാഷയില്‍ എഴുതിയ കൃതി മുപ്പത് വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് പുറത്തിറങ്ങിയിട്ടുള്ളത് (1678-1693). ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നാല്‍ മലബാറിന്റെ പൂന്തോട്ടം എന്നാണ് അര്‍ത്ഥം വരുന്നത്.

ഹെന്‍ഡ്‌റിക് വാന്‍ റീഡ് കൊച്ചി ഗവര്‍ണര്‍ ആയിരുന്ന ഡച്ച്ക്കാരനാണ്. ആ സമയത്താണ് ഈ കൃതി എഴുതി തുടങ്ങുന്നത്. നെതര്‍ലാന്‍ഡിലെ ആംസ്റ്റഡാമില്‍ നിന്ന് പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിലാണ് മലയാള ലിപികള്‍ ആദ്യമായി അച്ചടിച്ച് വരുന്നത്.

കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് രചിക്കപ്പെട്ട ആദ്യ ഗ്രന്ഥമാണിത്. വാന്‍ റീഡ് തന്റെ സ്വന്തം ചെലവില്‍, നൂറുകണക്കിനു വിദേശീയരും അത്ര തന്നെ ഇന്ത്യാക്കാരും ചേര്‍ന്ന് നടത്തിയ അസദൃശമായ ബൃഹത്ത് സംരംഭമാണിത്.

12 വാല്യങ്ങളിലായി മലബാറിലെ സസ്യജാലങ്ങളെ തരംതിരിക്കുകയും, ചിത്രങ്ങള്‍ സഹിതം രേഖപ്പെടുത്തുകയും ആണ് ചെയ്തത്. വളരെ ശ്രദ്ധയോടെ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ സസ്യങ്ങളുടെ ലത്തീന്‍, അറബിക്, കൊങ്കണി, തമിഴ്, മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്രവിഭാഗത്തിലെ എമിരൈറ്റ്സ് പ്രൊഫസറുമായ ഡോ.കെ.എസ്. മണിലാല്‍ ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസിനെ ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമായി വിശദീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) തയ്യാറാക്കിയത്. കേരള സര്‍വകലാശാലയാണ് ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസാധകര്‍.

Leave a Reply