സഹകരണമില്ലാതെ മലയാളി ഇല്ല. അതുപോലെ സഹകരണ മേഖല ഇല്ലാതെയും മലയാളി ഇല്ല. കേരളത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് തന്നെ സഹകരണ സംഘങ്ങളിലൂടെയാണ്. ഇവിടെ പക്ഷെ സഹകരണത്തെക്കുറിച്ച് സൂചിപ്പിക്കാനുള്ള കാരണം ഇതൊന്നുമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ സഹകരണ മേഖലയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പറയുന്നതിനാണ്.

Co-operative courses ജെ ഡി സി കോഴ്സിനെക്കുറിച്ച് കെട്ടിട്ടില്ലേ? എച്ച് ഡി സിയെ കുറിച്ചോ? ഇല്ലെങ്കിൽ കേൾക്കണം. ഇവ രണ്ടും കേരളത്തിൽ നിലവിലുള്ള സഹകരണ കോഴ്സുകളാണ്. കേരള സംസ്ഥാന സഹകരണ യൂണിയനാണ് ഈ കോഴ്സുകളുടെ പരിശീലനം നൽകുന്നത്. ഇന്ത്യയിൽ തന്നെ സഹകരണ പരിശീലനം ആരംഭിച്ച ആദ്യ സംഘടനയും കേരള സംസ്ഥാന സഹകരണ യൂണിയനാണ്. സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള നിശ്ചിത തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി വിവിധ ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിലൂടെ ജെ ഡി സി, എച്ച് ഡി സി തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾക്കാണ് സഹകരണ യൂണിയൻ പരിശീലനം നൽകുന്നത്.

ജെ ഡി സി അഥവാ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ പത്ത് മാസവും, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ആയ ഹയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മന്റ് 11 മാസവും ദൈഘ്യമുള്ള കോഴ്സുകളാണ്.

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മന്റ്

നിങ്ങൾ ഒരു ഗ്രാജുവേറ്റ് ആണോ? എങ്കിൽ നിങ്ങൾക്കും പഠിക്കാം എച്ച് ഡി സി ആൻഡ് ബി എം എന്ന ഈ ഡിപ്ലോമ കോഴ്സ്. രണ്ട് മാസത്തെ പരിശീലനം ഉൾപ്പെടെ വെറും 11 മാസങ്ങൾ കൊണ്ട് നിങ്ങൾക്കൊരു സഹകരണ ഡിപ്ലോമ ലഭിക്കും. ഇത് കേരളത്തിലെ സഹകരണ യൂണിയന്റെ കീഴിൽ വരുന്ന നിശ്ചിത തസ്തികകളിലേക്ക് അപേക്ഷിക്കാനും ജോലി നേടാനും നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ ഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെറിറ്റാണ് മുഖ്യം. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലാണ് എച്ച് ഡി സി ആൻഡ് ബി എം കോഴ്സ് ആരംഭിക്കുക. അപേക്ഷ ഫോമുകൾ സഹകരണ പരിശീലന കോളേജുകളിൽ നിന്ന് ലഭിക്കും.

ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ

എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ജെ ഡി സി പഠിക്കാം. ഡി+ എങ്കിലും ഉണ്ടായിരിക്കണം. പത്ത് മാസമാണ് കാലാവധി. ഈ കോഴ്സിന് കേരളത്തിൽ 9 ജൂനിയർ തല പരിശീലന കേന്ദ്രങ്ങളാണുള്ളത്. അതിൽ അഞ്ചെണ്ണം ജെനെറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ളതാണ്. 4 എണ്ണം എസ് സി/ എസ് ടി വിദ്യാർത്ഥികൾക്കായാണ് നീക്കി വച്ചിരിക്കുന്നത്. പൊതുമേഖലയിൽ 50 ശതമാനം സീറ്റുകൾ ഇൻസ്റ്റിറ്റ്യൂഷണൽ, ഡിപ്പാർട്ടുമെന്റൽ ഉദ്യോഗാർത്ഥികൾക്ക് സംവരണമുണ്ട്. ബാക്കിയുള്ള 50 ശതമാനം സ്വകാര്യ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ്.

ജെ ഡി സി ക്കും എച്ച് ഡി സി ക്കും പ്രായ വ്യവസ്ഥയുണ്ട്. സഹകരണ യൂണിയന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://scu.kerala.gov.in ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

സഹകരണ യൂണിയന്റെ കീഴിലുള്ള കോഴ്സുകൾ എച്ച് ഡി സിയിലോ ജെ ഡി സിയിലോ മാത്രം ഒതുങ്ങുന്നില്ല. ലീഡർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാം, മാനേജ്‌മന്റ് ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങിയ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും സഹകരണ യൂണിയൻ എല്ലാ വർഷവും നടത്തി വരുന്നുണ്ട്. സഹകരണ പരിശീലന കേന്ദ്രങ്ങളുടെ ലീഡേഴ്സിനും ചീഫ് എക്സിക്യൂട്ടിവ്‌സിനും വേണ്ടിയുള്ളതാണ് ഈ പ്രാഗ്രാമുകൾ. തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും സഹകരണ മേഖലയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചുമൊക്കെ അവരെ ബോധവാന്മാരാക്കുകയാണ് ഈ പ്രോഗ്രാമുകളുടെ ലക്ഷ്യം.

നിയമനം

കോഴ്സുകളെക്കുറിച്ച് മാത്രം അറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതിനു ശേഷമുള്ള ജോലിയെക്കുറിച്ച് കൂടി നമ്മൾ അറിഞ്ഞിരിക്കണം. കേരളത്തിൽ 14 ജില്ലകളിലായി 23965 സഹകരണ സ്ഥാപനങ്ങൾ ഉണ്ട്. ഇത്തരം സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും ജൂനിയർ ക്ലാർക്ക്, കാഷ്യർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ എസ് എസ് എൽ സി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ജെ ഡി സി യും വേണം. സഹകരണം മുഖ്യ വിഷയമായി പഠിച്ചിട്ടുള്ള ബി കോം അല്ലെങ്കിൽ എച്ച് ഡി സി ഉള്ളവർക്കും അപേക്ഷിക്കാം. കേരളത്തിൽ ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സഹകരണ സർവീസ് പരീക്ഷ ബോർഡ് ആണ്. പരീക്ഷ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് റാങ്ക് ലിസ്റ്റ് നൽകും. പ്രസ്തുത റാങ്ക്ലിസ്റ് പ്രകാരം ബന്ധപ്പെട്ട ബാങ്കുകളും സഹകരണ സംഘങ്ങളും നിയമനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!