Reshmi Thamban
Sub Editor, Nownext
സാധാരണ ആളുകൾ ചെയ്യുന്നവയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് അത് റെക്കോർഡ് ബുക്കുകളിൽ രേഖപ്പെടുത്താൻ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. ഗിന്നസ് ബുക്കിൽ പേര് വരണമെന്നാഗ്രഹിച്ച് റെക്കോർഡുകൾ ഭേദിക്കാൻ കഷ്ട്ടപെടുന്നവർ. ലോകത്തെ ഏത് റെക്കോർഡുകൾ ആര് ഭേദിച്ചാലും അവരുടെ പേരുകൾ രേഖപ്പെടുത്തപ്പെടുന്ന ബുക്കാണ് ഗിന്നസ് ബുക്ക്. ഗിന്നസ് ബുക്കിന്റെ ചരിത്രം ചികഞ്ഞാൽ എവിടെയെത്തുമെന്ന് നമുക്കൊന്ന് നോക്കാം.
സത്യത്തിൽ ലോക റെക്കോർഡുകളുടെ ബൈബിൾ എന്നൊക്കെ വിളിക്കാവുന്ന ഗിന്നസ് ബുക്കിന് ഈ പേര് വന്നത് ഗിന്നസ് എന്ന ബിയറിൽ നിന്നുമാണ്. യൂറോപ്യൻ രാജ്യങ്ങളിലെ അംഗീകൃത മദ്യശാലയായ പബ്ബുകളിൽ വിളമ്പിക്കൊണ്ടിരുന്ന ബിയറായിരുന്നു ഗിന്നസ്. 1950 കാലയളവിൽ ഗിന്നസ് ബ്രൂവെറിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന ഹ്യുഗ് ബീവറിന് തോന്നിയ ആശയത്തിൽ നിന്നാണ് ഗിന്നസ് ബുക്ക് ഉണ്ടാവുന്നത്. ഇടിഞ്ഞുകൊണ്ടിരുന്ന ഗിന്നസ് ബിയറിന്റെ മാർക്കറ്റ് എങ്ങനെ ഉയർത്താം എന്ന ചിന്തയിൽ നിന്നും, ഗിന്നസ് എന്ന പേര് ആളുകൾ മന്ത്രമെന്നപോലെ ഉച്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാക്കി മാറ്റുന്നതിനുള്ള അവസരം ഹ്യുഗ് ഉണ്ടാക്കിയെടുത്തു.
പബ്ബുകളിലിരുന്ന് മദ്യപിച്ച് കഴിയുമ്പോൾ ആളുകൾ തമ്മിൽ തർക്കിക്കുന്നത് അക്കാലത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നായിരുന്നു. അങ്ങനെയൊരിക്കൽ, ഒരു ഷൂട്ടിംഗ് പാർട്ടിക്ക് ശേഷമുള്ള രാത്രി ആഘോഷത്തിൽ ഒരു തർക്കം നടന്നു. യൂറോപ്പിലെ ഏറ്റവും വേഗതയുള്ള പക്ഷി ഏതാണ് എന്നതായിരുന്നു തർക്കത്തിനുള്ള കാരണം. പക്ഷെ ഉത്തരം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെ വർഷങ്ങൾക്ക് മുൻപുള്ള തർക്കത്തിന്റെ ഓർമയിൽ, 1954 ൽ, റഫറൻസ് ബുക്കുകളിലൊന്നും ചോദ്യത്തിനുള്ള ഉത്തരമില്ലെന്ന കണ്ടെത്തലിൽ നിന്നും ഗിന്നസ് ബിയറിന്റെ അതേ പേരിൽ പുസ്തകമിറക്കാനും, ആ പുസ്തകങ്ങളിൽ ഇത്തരത്തിൽ പബ്ബുകളിൽ നടക്കുന്ന സംവാദങ്ങളുടെയൊക്കെ ഉത്തരങ്ങൾ കണ്ടെത്തി രേഖപ്പെടുത്തി വെക്കാനും തീരുമാനമായി. ഗിന്നസിന്റെ പ്രൊമോഷനായിരുന്നു മുഖ്യ ഉദ്ദേശം.
അതിനായി ഇരട്ടകളായ twins Norris നെയും, Ross McWhirter നെയും ചുമതലപ്പെടുത്തി. ഫ്‌ളീറ്റ് സ്ട്രീറ്റിൽ നിന്നുമുള്ള fact-finding researchers ആയിരുന്നു അവർ. അങ്ങനെ 1954 നവംബർ 30 ന്, 107 ഫ്‌ളീറ്റ് സ്ട്രീറ്റിൽ ലഡ്‌ജെറ്റ് ഹൗസിന്റെ മുകളിലത്തെ നിലയിൽ, ഒരു കൺവെർട്ടഡ് ജിംനേഷ്യത്തിന്റെ രണ്ട് മുറികളിലായി ഗിന്നസ് സൂപ്പർലേറ്റീവിന്റെ ഓഫീസ് ആരംഭിച്ചു. ആദ്യഘട്ട റിസേർച്ചുകൾ പൂർത്തീകരിച്ച് എഴുതപ്പെട്ട പുസ്തകം, 1955 August 27 ന്, പബ്ലിഷ് ചെയ്യപ്പെട്ടു. 198 പേജുകളുള്ള ആദ്യ പുസ്തകം തന്നെ വൻ ഹിറ്റായിരുന്നു. ബൈബിളിനും ഖുറാനും ശേഷം 37 ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ട 100 മില്യണിലധികം ഡോളറുകൾ വിറ്റുവരവുള്ള ബെസ്റ്റ് സെല്ലെർ ബുക്കായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് മാറി.
ഇന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഒരു ഗ്ലോബൽ ബ്രാൻഡാണ്. ലണ്ടനിലും, ന്യൂയോർക്കിലും, ബിയ്‌ജിങിലും, ടോക്കിയോയിലും, ദുബായിലും ഓഫീസുകളും, അതോടൊപ്പം തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ബ്രാൻഡ് അംബാസിഡർമാരും, ജഡ്ജസുമൊക്കെയായി ലോകം മുഴുവൻ പരന്നുകിടക്കുന്ന ഒരു ബ്രാൻഡ്. എല്ലാ വർഷവും ഇത്തരത്തിൽ റെക്കോർഡുകൾ ഭേദിക്കുന്നവരുടെ വിവരങ്ങൾ കണ്ടെത്തി അവ രേഖപ്പെടുത്തി ഗിന്നസ് ബുക്കുകൾ പ്രസിദ്ധീകരിക്കപ്പെടുന്നു. ആദ്യകാലത്തെ പ്രസിദ്ധീകരിക്കപ്പെടുന്ന ബുക്കുകളിൽ എന്നതിൽ നിന്നും മാറി, ടി വി ഷോസ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസ്, ലൈവ് ഇവെന്റ്സ് എന്നിവയൊക്കെ ഇന്ന് നടക്കുന്നുണ്ട്.
തുടങ്ങിയത് ഗിന്നസ് ബ്രൂവറീയുടെ പേരിലായിരുന്നതുകൊണ്ട് ഇന്നും അതേ പേരിൽ തന്നെയാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് അറിയപ്പെടുന്നത് എന്ന് മാത്രം. ഗിന്നസ് ബുക്കിന്റെ ഉടമസ്ഥാവകാശം ബ്രുവറിയിൽ നിന്നും കൈമാറി കൈമാറി ഒരുപാട് ദൂരം പോയി കഴിഞ്ഞു. റെക്കോർഡ് ഭേദിക്കുന്നവരുടെ പ്രിയ സ്വപ്നമാണ് ഇന്നും ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ്. ബിയറിനെ പ്രൊമോട്ട് ചെയ്യാൻ ആരംഭിച്ചതാണെങ്കിലും ഇന്നത് പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾക്കുള്ള റഫറൻസ് ബുക്കായി നിലനിൽക്കുന്നു.