1880 ജനുവരി 31 ന് ബെർമുഡയിലെ റോയൽ നേവൽ ഡോക്ക് യാർഡിൽ നിന്ന് ഇംഗ്ലണ്ടിലെ ഫാൽമൗത്തിലേക്ക് യാത്ര ആരംഭിച്ച എച്ച്. എം. എസ് അറ്റ്ലാൻ്റ എന്ന കപ്പൽ അതിലെ മുഴുവൻ ജോലിക്കാരുമായി അപ്രത്യക്ഷമായി. എന്നാൽ അറ്റ്ലാൻ്റ ഒരു പരിശീലന കപ്പൽ ആയിരുന്നതുകൊണ്ടും ജോലിക്കാർ പരിചയസമ്പന്നരല്ലാതിരുന്നതു കൊണ്ടും അറ്റ്ലാൻ്റയുടെ തിരോധാനം ആരും അത്ര ദുരൂഹമായി കണ്ടില്ല. പക്ഷേ 1918 മാർച്ച് 14 ന് 309 പേരുമായി പോയ യു എസ് എസ് സൈക്ലോപ്സിൻ്റെ തിരോധാനം ഏറെ സംശയങ്ങൾക്ക് കാരണമായി. അങ്ങനെ കാണാതായ കപ്പലുകൾക്കൊപ്പം ബെർമുഡ ട്രയാംഗിളിനെക്കുറിച്ചുള്ള നിഗൂഢതകൾക്കായുള്ള തിരച്ചിലും ആരംഭിച്ചു.

വടക്കുനോക്കിയന്ത്രങ്ങൾ ഭ്രാന്തമായി വട്ടംകറങ്ങുന്ന, റേഡിയോകൾ ശബ്ദിക്കാത്ത, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കാത്ത കപ്പലുകളും വിമാനങ്ങളും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്ന ദുരൂഹമായ ഒരിടം. ബെർമുഡ ട്രയാംഗിൾ…

Bermuda triangle

ബർമുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്‌ലോറിഡയുടെ തെക്കൻതീരത്തെയും പ്യൂട്ടൊറീക്കോയിലെ സാൻ ജുവാനെയും ബന്ധിപ്പിക്കുന്ന ത്രികോണാകൃതിയിലുള്ള അറ്റ്ലാൻ്റിക് സമുദ്ര ഭാഗമാണ് ബെർമുഡ ട്രയാംഗിൾ എന്ന പേരിലറിയപ്പെടുന്നത്. ഏകദേശം അഞ്ചുലക്ഷം ചതുരശ്രമൈൽ ദൂരം. ചെകുത്താൻ ത്രികോണമെന്നും ഭൗർഭാഗ്യത്തിൻ്റെ സമുദ്രമെന്നുമെല്ലാം ബെർമുഡ ട്രയാംഗിളിന് വിളിപ്പേരുകളുണ്ട്. 

1941 ൽ ഒരു മാസത്തിൻ്റെ ഇടവേളയിൽ യു.എസിൻ്റെ ” യു എസ് എസ് പ്രോട്ടിയസ്” എന്ന കപ്പലും “യു എസ് എസ് നീറോസ്” എന്ന കപ്പലും ഇതേ പ്രദേശത്തു വച്ച് കാണാതായി. എന്നാൽ ബെർമുഡ ട്രയാംഗിൾ വാർത്തകളിൽ നിറയുന്നതും ബെർമുഡ ട്രയാംഗിളിനെക്കുറിച്ചുള്ള ദുരൂഹതകൾക്ക് ആക്കം കൂടുന്നതും 1945 ലാണ്. ‘യു.എസിന്റെ ഫ്‌ളൈറ്റ്-19’ എന്ന അഞ്ച് ടി.ബി.എം. അവെഞ്ചർ ടോർപിഡോ ബോംബർ വിമാനങ്ങൾ ഇവിടെ വച്ച് റഡാറിൽ നിന്ന് മറഞ്ഞു. കാണാതായ വിമാനങ്ങളെ അന്വേഷിച്ചുപോയ വിമാനവും കാണാതായതോടെ ബെർമുഡ ട്രയാംഗിൾ ഒരു പേടി സ്വപ്നമായ് മാറി. 1880 മുതൽ ഇതുവരെ നൂറിലേറെ കപ്പലുകളും 75 വിമാനങ്ങളും ആയിരത്തിലധികം മനുഷ്യരും ബെർമുഡ ട്രായാംഗിളിൻ്റെ ദുരൂഹതയിൽ മറഞ്ഞു പോയിട്ടുണ്ട്.

Bermuda triangle

എന്നാൽ നീണ്ട വർഷങ്ങൾ തിരച്ചിൽ നടത്തിയിട്ടും കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ ഒന്നും തന്നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരവധി കപ്പലുകളും യാത്രാവിമാനങ്ങളും മുങ്ങി കപ്പലുകളും യുദ്ധവിമാനങ്ങളും ബോട്ടുകളും എല്ലാം അപ്രത്യക്ഷമായെന്ന് പറയപ്പെടുന്ന ഇവിടെ അവസാനമായി റിപ്പോർട്ട് ചെയ്ത സംഭവം 2020 ഡിസംബറിൽ ബഹാമസിൽ നിന്ന് ഫ്ളോറിഡയിലേക്ക് പോയ യാത്രാ ബോട്ട് കാണാതായതാണ്. ബർമുഡ ട്രയാംഗിളിലെ ഈ ദുരൂഹതകൾക്ക് കാരണം ശക്തമായ ചുഴലിക്കാറ്റാണെന്നും, അല്ല ഈ പ്രദേശത്തെ കാന്തശക്തി ആണെന്നും, അതൊന്നുമല്ല, അവിടെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടെന്നും ബർമുഡ ട്രയാംഗിൾ മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള വാതിലാണെന്നും വരെ വിശ്വസിക്കുന്നവരുണ്ട്. ഈ പറയുന്നവയ്ക്കൊന്നും ശാസ്ത്രീയമായ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. 

ഈ വാദങ്ങളിൽ ഏറ്റവും വിശ്വാസ യോഗ്യമായത് ബെർമുഡ ട്രയാംഗിളിൻ്റെ മുകളിൽ കാണപ്പെടുന്ന ഷഡ്ഭുജമേഘങ്ങൾ അഥവാ Hexagonal Clouds ആവാം  ഈ അപ്രത്യക്ഷമാവലുകൾക്ക് കാരണം എന്നതാണ്. ഈ മേഘങ്ങൾക്ക് മണിക്കൂറിൽ 170 മൈൽ വരെ വേഗമുള്ള അതിശക്തമായ വായു പുറന്തള്ളാനാകുമെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്.

Bermuda Triangle

എന്നാൽ ബെർമുഡ ട്രയാംഗിളിലെ തിരോധാനങ്ങൾക്ക് ദുരൂഹതകളൊന്നും ഇല്ലെന്നും ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയ കപ്പൽ പാതയിലാണ് ബെർമുഡ ട്രയാംഗിൾ എന്നിരിക്കെ ഇത്തരം അപകടങ്ങൾ സാധാരണമാണെന്നുമാണ് ചിലർ പറയുന്നത്. ബെർമുഡ ട്രയാംഗിൾ  എന്നത് വെറുമൊരു കെട്ടുകഥയാണെന്നും അത്തരത്തിലൊരു സമുദ്ര ഭാഗമേ ഇല്ലെന്നും വാദമുണ്ട്. പഠനങ്ങളും ഗവേഷണങ്ങളും ഒരുപാട് ഉണ്ടായെങ്കിലും ബെർമുഡ ട്രയാംഗിളിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

അഞ്ഞൂറ് വർഷങ്ങളിലേറെയായി ബെർമുഡ ട്രയാങ്കളിന്റെ കഥകൾ മനുഷ്യരുടെ ചെവിയിൽ എത്തി തുടങ്ങിയിട്ട്. ക്രിസ്റ്റഫർ കൊളംബസ് ആണ് അതിന് തുടക്കം കുറിച്ചത്. ലോകസഞ്ചാരത്തിനിടെ, ബെർമുഡ ട്രയാങ്കിളിന്റെ ഭാഗത്ത് എത്തിയ കൊളംബസിന്റെ കോമ്പസ് പ്രവർത്തിക്കാതെയാവുകയും, പേടിച്ചുപോയ അദ്ദഹം, എന്തുചെയ്യണമെന്നറിയാതെ നിന്ന സമയത്ത് ആകാശത്ത് നിന്നും ഒരു വിചിത്ര വെളിച്ചം കടലിന്റെ ഈ ഭാഗത്തേക്ക് ഇറങ്ങി പോകുന്നത് കണ്ടുവെന്നുമാണ് കഥ. കൊളംബസിന്റെ പുസ്തകത്തിൽ രേഖപ്പടുത്തിയ ഈ കഥയാണ് നിഗൂഢതകൾ തേടിയുള്ള യാത്രക്ക് തുടക്കം. ബെർമുഡ ട്രയാങ്കിളിന്റെ രഹസ്യങ്ങൾ തേടി ആ യാത്ര ഇന്നും തുടരുന്നു.