Reshmi Thamban

Reshmi Thamban
Sub Editor, Nownext

333 നീലത്തിമിംഗലങ്ങളുടെ വലുപ്പം. 262 മീറ്റർ നീളം, 63 മീറ്റർ വീതി, 59 മീറ്റർ ഉയരം, രണ്ട്‌ ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ വലുപ്പം. 30 പോർ വിമാനങ്ങൾ ഒരേസമയം വഹിക്കാനുള്ള ശേഷി. 20 ഫൈറ്റർജെറ്റുകൾ കപ്പലിനുള്ളിൽ പാർക്കുചെയ്യുമ്പോൾ 10 ഹെലികോപ്റ്ററുകൾ മുകളിലെ ഡക്കിലും പാർക്ക് ചെയ്യാൻ കഴിയും. ഐ എൻ എസ് വിക്രാന്ത് എന്ന ഇന്ത്യൻ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകളാണ് ഈ പറഞ്ഞതൊക്കെ. 20000 കോടിയിലേറെ രൂപ മുതൽ മുടക്കി ഇന്ത്യ നിർമിച്ച വിമാനവാഹിനി യുദ്ധ കപ്പൽ. ഐ എൻ എസ് വിക്രാന്ത്. 

INS VIKRANT

‘രാജ്യത്തിന്റെ സ്വപ്നം ഇവിടെ നിർമിക്കുന്നു’. കൊച്ചിയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന ഐ എൻ എസ് വിക്രാന്തിൽ എഴുതി വെച്ചിരിക്കുന്ന വാചകമാണിത്. സെപ്റ്റംബർ 2 ന് രാജ്യത്തിന് സമർപ്പിക്കപ്പെട്ട, ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി യുദ്ധക്കപ്പലാണിത്. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റഫോം മാനേജ്‌മന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഹെവി എലെക്ട്രിക്കൽ ലിമിറ്റഡാണ് വിക്രാന്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൊച്ചി കപ്പൽ ശാലയിലാണ് വിക്രാന്ഛ് താദേശീയമായി നിർമിച്ച് പൂർത്തിയാക്കിയിട്ടുള്ളത്. വിക്രാന്തിന്റെ നിർമാണത്തിൽ 14000 ത്തോളം പേര് നേരിട്ടും അല്ലാതെയും പങ്കാളികളായി എന്നാണ് കണക്കുകൾ. 

കൊച്ചി നഗരത്തിന്റെ പകുതി ഭാഗം മുഴുവൻ പ്രകാശ പൂരിതമാക്കാൻ കഴിയുന്ന അത്രയും ഊർജമാണ് വിക്രാന്തിൽ ക്രമീകരിച്ചിരിക്കുന്നത്. അതും ഡീസൽ ജനറേറ്റർ ഉപയോഗിച്ച്. ഒരു മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ ഐ എൻ എസ് വിക്രാന്തിന് സഞ്ചരിക്കാൻ കഴിയും. 7500 മൈൽ പോകാനും കഴിയും. ഇതിനൊക്കെ ശേഷിയുള്ള എലെക്ട്രിക്കൽ സംവിധാനവും വിക്രാന്തിൽ ഉപയോഗിച്ചിട്ടുണ്ട്. വിക്രാന്തിന്റെ പ്രധാന എൻജിനുകൾക്ക് 120 ഫോർമുല വൺ കാറുകളുടെ ശക്തിയാണ് ഉള്ളത്. 

INS VIKRANT

വിക്രാന്തിന്റെ പ്രധാന സവിശേഷത അതിലുപയോഗിച്ചിരിക്കുന്ന സ്‌കീ ജംപ് എന്ന ആധുനിക ടെക്നോളോജിയാണ്. കപ്പലിന്റെ മുൻ ഭാഗം വളഞ്ഞ റാമ്പുപോലെ കാണപ്പെടും. അതുകൊണ്ട് തന്നെ ചെറിയ ദൂരം മാത്രമുള്ള റൺവേയിൽ നിന്നുപോലും പോർവിമാനങ്ങൾക്ക് ഹൈ സ്പീഡിൽ കപ്പലിൽനിന്നും പറന്നുയരാനാകും. ആദ്യം പറഞ്ഞ മുകളിലെ ടേക്കിൽ നിന്നും വിമാനങ്ങൾ താഴേക്ക് കൊണ്ടുവരുന്നത് ഇരുപത് ടൺ ഭാരം വഹിക്കാൻ കഴിയുന്ന ലിഫ്റ്റ് വഴിയാണ്. ഇത്തരത്തിലുള്ള രണ്ട്‌ ലിഫ്റ്റുകളുണ്ട്. താഴെയെത്തിക്കുന്ന ഈ വിമാനങ്ങൾ 360 ഡിഗ്രിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ടേൺഡ് ടേബിൾ എന്ന ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ നിന്നും എവിടെയാണോ, പാർക്ക് ചെയ്യേണ്ടത്, അതായത് ഏത് ദിശയിലാണോ, അങ്ങോട്ടേക്ക് വിമാനം കൊണ്ട് ചെന്ന് പാർക്ക് ചെയ്യുകയും ചെയ്യും. 

വിക്രാന്തിന്റെ പ്രധാന കൺട്രോൾ സെന്റർ, ബ്രിജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കപ്പലിന് പുറത്തേക്ക് 180 ഡിഗ്രിയിൽ കാഴ്ച ലഭിക്കുന്ന വിശാലമായ ബ്രിജ് വിക്രാന്തിന്റെ പ്രത്യേകതയാണ്. യുദ്ധസമയങ്ങളിൽ ക്യാപ്റ്റന് കപ്പലിലെ മുഴുവൻ ദൃശ്യങ്ങളും ശബ്ദങ്ങളും റഡാർ സന്ദേശങ്ങളുമൊക്കെ എത്തുന്നതിന് വേണ്ടി പ്രത്യേകം സജ്ജീകരിച്ച മുറിയാണ് ഓപ്സ് റൂം. എത്തുന്ന സന്ദേശങ്ങളൊക്കെ വിലയിരുത്തി ക്യാപ്റ്റൻ മറ്റുള്ളവർക്ക് നിർദേശങ്ങൾ നൽകുക ഇവിടിരുന്നാവും.  

INS VIKRANT

15 ഡെക്കുകളിലായി 2300 കംപാർട്മെന്റുകളുണ്ട് വിക്രാന്തിൽ. ഇവയിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോമീറ്റർ ദൂരം വരും. അതായത് ആകാശ ദൂരത്തിൽ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് കേബിൾ നിവർത്തിയാൽ എത്ര വരുമോ അത്രയും നീളം. ബോട്ടുകൾ ഓടിക്കാനും പരിശീലിക്കാനും ഉള്ള സൗകര്യത്തോടൊപ്പം തന്നെ കപ്പലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം പുനരുപയോഗത്തിന് പ്രാപ്തമാക്കാൻ സഹായിക്കുന്ന അത്യാധുനിക ശുചീകരണശാലയും ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓക്സിജൻ നൈട്രജൻ പ്ലാന്റുകളുമുണ്ട്.

684 ഏണികളും 10,000ത്തിലേറെ പടവുകളും വിക്രാന്തിൽ കാണാം. പാചകത്തിന് സഹായിക്കുന്ന യന്ത്ര സഹായമുള്ള കുക്ക് ഹൗസും, വെന്റിലേറ്റർ സൗകര്യമടക്കമുള്ള മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയും വിക്രാന്തിന്റെ മറ്റ് പ്രത്യേകതകളാണ്. വിക്രാന്തിന്റെ നിർമ്മാണസമയത്ത്, കൊച്ചി കപ്പൽശാലയിൽ രജിസ്റ്റർ ചെയ്ത 550 ലേറെ സ്ഥാപനങ്ങളുടെ വിവിധ തരം സേവനങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടത്രെ.

INS VIKRANT

സത്യത്തിൽ ഇത് വിക്രാന്ത് 2.O ആണ്. നമ്മുടെ രാജ്യത്തിന്റെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേര് തന്നെയാണ് ഈ പുതിയ കപ്പലിനും ഇട്ടിരിക്കുന്നത്. പഴയ വിക്രാന്ത് ഡീക്കമ്മീഷൻ ചെയ്ത് 25 വർഷങ്ങൾക്കിപ്പുറമാണ് പുതിയ വിക്രാന്തിന്റെ പുറപ്പാട്. 1957 ൽ ബ്രിട്ടനിൽ നിന്നും വാങ്ങിയ എച്ച്.എം.എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനി ആയിരുന്നു 1961ൽ കമ്മീഷൻ ചെയ്ത് വിക്രാന്ത് ആക്കി മാറ്റിയത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലെ, ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ അന്നത്തെ ഐ എൻ എസ് വിക്രാന്ത് പ്രധാന പങ്ക് വഹിച്ചു. ഡീക്കമ്മീഷന് ശേഷം 2012 വരെ മുംബൈയിൽ നാവികമ്യൂസിയമായി സംരക്ഷിച്ച ശേഷം ഇത് ലേലത്തിൽ വിൽക്കുകയായിരുന്നു. പിന്നീട് ഇതിന്റെ മെറ്റൽ പാർട്സ് ഇന്ത്യൻ വാഹന നിർമാതാക്കളായ ബജാജ് വാങ്ങുകയും ബജാജ് വി എന്ന പേരിൽ ഇറക്കിയ ബൈക്കുകളിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. 30 വർഷത്തോളം ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായി നിലനിന്ന്, 2017 ൽ ഡീക്കമ്മീഷൻ ചെയ്യപ്പെട്ട ഐ എൻ എസ് വിരാടായിരുന്നു പിന്നീട് ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി ആയി എത്തിയത്. ഇന്നിപ്പോ നിലവിലുള്ള  ഐ എൻ എസ് വിക്രമാദിത്യക്ക് കരുത്ത് പകർന്നു ഇന്ത്യൻ നാവികസേനയെ  ഇരട്ടി ശക്തിയോടെ നയിക്കാൻ ഐ എൻ എസ് വിക്രാന്തിന് കഴിയും.