Reshmi Thamban

Reshmi Thamban
Sub Editor, Nownext

രാജ്യത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ പോലും ഓടിയെത്തുന്ന ഒരു തീവണ്ടി. അതിലെന്താ ഇപ്പൊ ഇത്ര പ്രത്യേകത എന്ന് ചോദിക്കാൻ വരട്ടെ, ഈ തീവണ്ടി ഓടുന്നത് യാത്രാവണ്ടി ആയല്ല, മറിച്ച്, ജീവൻ രക്ഷിക്കാനുള്ള ഓട്ടമാണ്. കഴിഞ്ഞ 3 പാതിറ്റാണ്ടുകളായി തുടങ്ങിയ ഓട്ടം. ഡോക്ടർമാരെയും, നഴ്സുമാരെയും കൊണ്ടാണ് ഓടുന്നത്. പോരാത്തതിന് മരുന്നെന്ന് വേണ്ട, രോഗികളെ ചികിൽസിക്കാൻ ആവിശ്യമായ വസ്തുക്കളൊക്കെ സഞ്ചരിക്കുന്ന ഈ തീവണ്ടി ആശുപത്രിയിലുണ്ട്. ലൈഫ് ലൈൻ എക്സ്പ്രസ് അഥവാ ജീവൻ രേഖ എക്സ്പ്രസ്സ് എന്നാണ് പേര്. മനുഷ്യരുടെ വേദനകളിലേക്ക് ഓടിയെത്തുന്ന, ജീവൻ രക്ഷിക്കുന്ന തീവണ്ടി ആശുപത്രിക്ക് വേറെ എന്ത് പേരാണ് ചേരുക? ലോകത്തിലെ തന്നെ ആദ്യത്തെ തീവണ്ടി ആശുപത്രിയാണ് ഇന്ത്യയുടെ ലൈഫ് ലൈൻ എക്സ്പ്രസ്. 

Life line express

1991 ൽ ആരംഭിച്ച, ഈ തീവണ്ടി സർവീസ്, ഇമ്പാക്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. ഇന്ത്യൻ റയിൽവെയും ആരോഗ്യ വകുപ്പുമാണ് ഇങ്ങനെയൊരു ഇനിഷ്യേറ്റിവ് ആരംഭിച്ചത്. ഡബ്ള്യു എച്ച് ഒ യുടെയും യുനീസെഫിന്റെയും ഒക്കെ സഹായങ്ങളും ലൈഫ് ലൈൻ എക്സ്പ്രസിന് ഉണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ ട്രെയിൻ എത്തിച്ചേരും. കൂടുതലായും വിദൂര ഗ്രാമങ്ങളിലേക്ക്. ആശുപത്രികളിലേക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വന്നിരുന്നവരുടെ ഇടയിലേക്ക്. എല്ലാ സംസ്ഥാനങ്ങളിലും ഈ ട്രെയിൻ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. പക്ഷെ ഒരേ യാത്ര അല്ല. എത്തിച്ചേരുന്ന ഇടങ്ങളിൽ ഒരു മാസത്തോളം ചിലവഴിച്ച ശേഷമാണ് അടുത്ത സ്ഥലത്തേക്കുള്ള യാത്ര. അതിനോടകം ആ ഒരു പ്രദേശത്തെ ആളുകൾക്കൊക്കെ  സഹായമെത്തിക്കാൻ ലൈഫ് ലൈൻ എക്സ്പ്രസ് ഇടപെട്ടുകഴിഞ്ഞിട്ടുണ്ടാവും. തിമിര ശസ്ത്രക്രിയ മുതൽ, കാൻസർ ചികിത്സ വരെ നടത്തി കഴിഞ്ഞിട്ടുണ്ടാകും എന്ന് ചുരുക്കം. 

Life line express

ആദ്യകാലത്ത് തിമിര ശസ്ത്രക്രിയ, മുറിച്ചുണ്ട് ശസ്ത്രക്രിയ, പോളിയോ ബാധിച്ചവർക്കുള്ള ചികിത്സ സഹായം ഇങ്ങനെയൊക്കെ ആയിരുന്നു ലൈഫ് ലൈൻ എക്‌സ്പ്രസിന്റെ പ്രധാന പ്രവർത്തന മേഖലകൾ. പിന്നീട് 2016 ഓടെ, ട്രെയിനിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന സ്ഥിതിയുണ്ടായി. വായിലെ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ തുടങ്ങിയ അസുഖങ്ങൾക്കുള്ള സർജറിയും, സ്‌ക്രീനിങ്ങും ട്രെയിനിൽ നടത്താൻ ആരംഭിച്ചു. ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ, ഈ ചികിത്സകളൊക്കെ സൗജന്യമാണ് എന്നുള്ളതാണ്. ഒരു രൂപ പോലും ചികിത്സക്കായി ലൈഫ് ലൈൻ എക്സ്പ്രെസ്സിൽ ആർക്കും ആവിശ്യം വരില്ല. അപസ്മാരവും, പല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളുമൊക്കെ ഫ്രീ ആയി ചികിൽസിക്കപ്പെടും. 

ഹെൽത്ത് കെയർ രംഗത്തെ ശരിയായ ഇടപെടൽ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ പ്രദേശത്തെ ഡോക്ടർമാർക്കുള്ള ഒരു മാർഗദർശി കൂടി ആയാണ് ലൈഫ് ലൈൻ എക്സ്പ്രസ് പ്രവർത്തിക്കുന്നത്. രണ്ട് ഓപ്പറേഷൻ തീയേറ്ററുകളാണ് ഈ ഓടുന്ന തീവണ്ടി ആശുപത്രിയിലുള്ളത്. 20 സ്റ്റാഫുകൾ ആണ് ഉള്ളത്. പല ഡോക്ടർമാരും അവരുടെ സേവനം സൗജന്യമായാണ് നൽകി വരുന്നതും. ഒന്നേകാൽ ലക്ഷത്തിൽ അധികം സർജറികൾ ലൈഫ് ലൈൻ എക്സ്പ്രസ് ഇതിനോടകം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ 191 സ്റ്റോപ്പുകളിലായാണ് ഈ സർജറികളൊക്കെയും നടത്തിയിട്ടുള്ളത്. ചലന ശേഷി നഷ്ടപ്പെടുക, കാഴ്ചയില്ലായ്മ, കേൾവിയില്ലായ്മ, മുഖത്തുണ്ടാവുന്ന ഡിസബിലിറ്റീസ് ഇവയൊക്കെ പരിഹരിക്കുന്നതിനായി നടത്തിയ സർജറികൾ മാത്രമാണ് ഇത്രയും. അതിലുമെത്രയോ അധികം സേവനങ്ങൾ ലൈഫ് ലൈൻ എക്സ്പ്രസ് ചെയ്തു കഴിഞ്ഞു. 

Life line express

ഇന്ത്യയുടെ ഈ ഇനിഷ്യേറ്റിവിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ലോകത്തിന്റെ പലയിടത്തും ഇന്ന് ലൈഫ് ലൈൻ എക്സ്പ്രെസ്സുകളുണ്ട്. 30 വർഷങ്ങളായി ഓടിക്കൊണ്ടേയിരിക്കുന്ന ജീവൻ രേഖ എക്സ്പ്രസ് ഇന്നും ജീവതാളമായി ഇന്ത്യയുടെ റെയിൽ പാളങ്ങളിൽ ഓടിക്കൊണ്ടേയിരിക്കുന്നു.