Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

സംരംഭക സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് ഭക്ഷ്യ സംസ്കരണവും വസ്ത്ര നിർമ്മാണവും. കാരണം ഇത് രണ്ടും ജാതി മത ഭേദമെന്യേ, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ആവശ്യമുള്ളയൊന്നാണ്. അത് പോലെ തന്നെയാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് നാം കൊടുക്കുന്ന പ്രാധാന്യവും. ആഹാരം, വസ്ത്രം, പാർപ്പിടം എന്ന മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളുടെ ക്രമം ഇന്ന് ആഹാരവും വസ്ത്രവും കഴിഞാല്‍ വിദ്യാഭ്യാസമെന്നതിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതിനാല്‍ത്തന്നെ നിരവധി സംരഭാവസരങ്ങള്‍ ഈ മേഖലയിലുണ്ട്. ഉല്‍പ്പാദന മേഖലയിലും സേവന മേഖലയിലുമെല്ലാം നിരവധി സാധ്യതകള്‍ പുതുതായി ഉടലെടുക്കുന്നുണ്ട്. സർക്കാരിന്‍റെ നയങ്ങളില്‍ വന്ന മാറ്റവും ആശാവഹമാണ്. ഒപ്പം പൊതു ജനങ്ങളുടെ കാഴ്ചപ്പാടില്‍ വന്ന വ്യത്യാസവും ഇന്‍റർനെറ്റിന്‍റെ അതിവ്യാപനവും സ്മാർട്ട് ഫോണുകളുടേയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രചാരവും ഹൈടെക് വിദ്യാഭ്യാസത്തിനും അതു വഴിയുള്ള സംരംഭക സാധ്യതകള്‍ക്കും ആക്കം കൂട്ടിയ ഘടകങ്ങളാണ്.

വിദ്യാഭ്യാസ രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ആരോഗ്യ രംഗം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ലോക വിദ്യാഭ്യാസ രംഗം. നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്പോളത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ നിരക്ക് ഈ വളര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച ഒരു രാജ്യത്തിന്റെ വികസനത്തെ വളരെ അധികം ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ സര്‍ക്കാരുകളും സംരഭകരും വിദ്യാഭ്യാസമേഖലയില്‍ തങ്ങളുടെതായ മുതല്‍ മുടക്കുകള്‍ ധാരാളം നടത്തുന്നുണ്ട്. സാങ്കേതിക വിദ്യയും വിദ്യാഭ്യാസ രംഗത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വിര്‍ച്ച്വല്‍ ക്ലാസ് റൂമുകള്‍ പോലുള്ളവ ഇതിന് ഉദാഹരണമാണ്. വിദ്യാഭ്യാസ രംഗവും വിദ്യാര്‍ത്ഥികളും പഠനത്തിനാവശ്യമായ എല്ലാത്തരം സാങ്കേതിക വിദ്യകളെയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ധാരാളം സംരഭകരും വിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കാനായി മുന്നോട്ട് വരുന്നുണ്ട്.

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ആശാവഹമാണ്. ആയതിനാല്‍ത്തന്നെ വിദ്യാഭ്യാസ മേഖലയിലുള്ള സ്റ്റാർട്ടപ്പുകള്‍ക്ക് നല്ല കാലമായിരിക്കും ഇനി. ഇതിന് പുത്തന്‍ സാങ്കേതിക വിദ്യയുടെ പിന്തുണയുമാകുമ്പോള്‍ ഇതു വരെ ചിന്തിക്കാത്ത നിരവധി സംരംഭക സാധ്യതകള്‍ ഉടലെടുക്കുന്നത് കാണുവാന്‍ കഴിയും. കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊര്‍ജദായിനിയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായാണ് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമമാണിത്.

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തര്‍ദേശീയ നിലവാരത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വര്‍ഷത്തിനകം പൊതുവിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഇപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കേണ്ടതുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശേഷികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബേസ് ലൈന്‍ സൃഷ്ടിച്ചതിന് ശേഷം 2017 ജൂണ്‍ മുതലുള്ള അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല ഇടപെടലുകളിലൂടെ ആരംഭിച്ച് 2021 മാര്‍ച്ച് വരെ ഓരോ വിദ്യാലയവും നേടേണ്ട നിലവാരം കേരള പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ (Kerala Education Missions Agenda 2021) നിര്‍വചിക്കും.

ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മേഖലയിലെ സംരംഭക സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള നിരവധി വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍ക്ക് ഈ രംഗത്ത് സാധ്യതകള്‍ ഏറെയാണ്. കണ്ടന്റ് ക്രിയേഷന്‍, സ്‌കില്‍ ഡെവലപ്പമെന്റ് ആന്റ് ട്രെയിനിംഗ്, എക്‌സ്പിരിമെന്റല്‍ ലേണിങ്ങ്, സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫോര്‍ സ്റ്റുഡന്‍സ്, മൊബൈല്‍ ആപ്പ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പിന്തുണയ്ക്കാനായി ധാരാളം സംരഭകര്‍ മുന്നോട്ടുവരുന്നുമുണ്ട്.

ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം, പഴഞ്ചന്‍ പഠന രീതി, അടിസ്ഥാന വികസന സൌകര്യങ്ങളുടെ കുറവ് എന്നിവയെല്ലാം ഗ്രാമീണ വിദ്യാഭ്യാസ രംഗം മന്ദഗതിയാകുന്നതിന്റെ വിവിധ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഗരിക വിദ്യാഭ്യാസവും ഗ്രാമീണ വിദ്യാഭ്യാസവും തമ്മിലുള്ള അന്തരമില്ലാതാക്കുവാന്‍ സഹായിക്കുന്ന ചില സ്റ്റാർട്ടപ്പുകളെങ്കിലും ഈ മേഖലയിലുണ്ട്.

ലേണിങ്ങ് ഡിലൈറ്റ്

ഡിജിറ്റല്‍ ലേണിങ്ങ് ടൂളുകളായ റിഡില്‍സ്, ക്വിസ്, ആനിമേഷന്‍ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ പഠനം പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ് ലേണിങ്ങ് ഡിലൈറ്റ്. 2010 ല്‍ ഹർഷാല്‍ ഗോഹില്‍, വന്ദന്‍ കംദാർ എന്നിവർ ചേർന്ന് തുടങ്ങിയ സംരംഭം ഡിജിറ്റല്‍ പാഠ്യ പ്രവർത്തനങ്ങളില്‍ അധ്യാപകർക്കും വളരെയധികം സഹായകമാണ്. ഗുജറാത്തിലെ രാജ്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭം നിലവില്‍ സംസ്ഥാനത്തെ ഒന്‍പതോളം ജില്ലകളിലായി 4400 ഗ്രാമീണ സർക്കാർ സ്കൂളുകളില്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

പാഠശാല ലേണിങ്ങ് സൊല്യൂഷന്‍സ്

രജീബ് ചൌധരി, സോനാല്‍ സേഥ് എന്നിവർ ചേർന്ന് തുടങ്ങിയ ഈ നൂതന സംരംഭം വിദ്യാർത്ഥികള്‍ക്ക് ടെക്നോളജി അധിഷ്ഠിത സൌകര്യങ്ങള്‍ നല്‍കുന്ന ഒരു കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമാണ്. വിവിധ നൈപുണ്യ വികസന പരിപാടികള്‍, യോഗ, എക്സപിരിമെന്‍റല്‍ ലേണിങ്ങ് എന്നിവയെല്ലാം പാഠശാല ലേണിങ്ങ് സൊല്യൂഷന്‍സ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

ക്ലാസില്‍

വിദ്യാർത്ഥികളും അധ്യാപകരും തമ്മിലും, നൈപുണ്യ ജനതയും തൊഴില്‍ ദാതാക്കളും തമ്മിലുള്ള വിടവ് നികത്തുവാന്‍ സഹായിക്കുന്ന സംരംഭമാണ് ക്ലാസില്‍. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംരംഭം ലോജിസ്റ്റിക്സ്, ഭാഷാ നൈപുണ്യം, ടെക്നോളജി റീച്ച് എന്നിവയില്‍ കൂടുതല്‍ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചാണ് വിവിധ നൈപുണ്യ വികസന പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഗ്രാമീണ മേഖലയിലുള്ളവർക്കായി മൊബൈല്‍ വഴിയുള്ള നൈപുണ്യ സേവനങ്ങളും പരിശീലനങ്ങളും ഇവർ ഒരുക്കുന്നുണ്ട്.

മലയാളികള്‍ക്ക് അഭിമാനമായി ബൈജൂസ് ആപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ്ങ് ആപ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബൈജൂസ് ആപ്പ് എന്ന എഡ്യുക്കേഷന്‍ ആപ്ലിക്കേഷന്‍. കണ്ണൂർ അഴീക്കല്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആണ് ഇതിന്‍റെ സ്ഥാപകന്‍. ഇന്ത്യയിലെ വിദ്യാഭ്യാസ സംബന്ധിയായ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്‌അപ്പ് സംരംഭമാണ് ബൈജൂസ്. പ്രധാനമായും 4 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് ഇത്. ഫേസ്ബുക്ക് സി ഈ ഓ ആയ മാർക്ക് സുക്കർബർഗിന്‍റെ മകളുടെ പേരിലുള്ള ചാരിറ്റിയായ ചാൻസ് സുക്കർബർഗ് ഫൌണ്ടേഷൻ ഈ സംരഭത്തിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. അധ്യാപകന്‍-വിദ്യാര്‍ഥി-ക്ലാസ്മുറികള്‍ തുടങ്ങിയ പരമ്പരാഗത രീതീയില്‍ നിന്ന് വ്യത്യസ്തമായി എവിടെയും എപ്പോഴും ഏത് വിഷയങ്ങളിലും ക്ലാസുകള്‍ ലഭ്യമാകുന്നു എന്നതാണ് ബൈജുസ് ആപ്പിന്റെ പ്രത്യേകത. ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായി പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ആപ്പ് ഇന്ന് രാജ്യത്ത് വളരെ അധികം പ്രചാരം നേടിയിരിക്കുകയാണ്. നൂറ് തവണ പറഞ്ഞ് കേട്ടത് മനസ്സില്‍ തങ്ങുന്നതിലും വേഗത്തില്‍ ഒരു തവണ കണ്ട കാഴ്ച, കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു എന്ന വാസ്തവം തിരിച്ചറിഞ്ഞതാണ് ഇത്തരത്തിലുള്ള ആപ്പിന്‍റെ പിറവിക്ക് പിന്നിലെ രഹസ്യം.

നിലവില്‍ 40 ലക്ഷത്തോളം ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ബൈജൂസ് ആപ്പിന്റെ പെയിഡ് സേവനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്നത് 1,60,000 ത്തോളം വിദ്യാര്‍ഥികളാണ്. ഓരോ മാസവും 15 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശിലനങ്ങളും നല്‍കുന്നു. ഇന്ന് നിരവധി നിക്ഷേപകരെ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിയാണ് ഇത്. രാജ്യത്തെമ്പാടും 22 കോടിയോളം വരുന്ന വിദ്യാര്‍ഥികളിലേക്ക് എത്തിപ്പെടുക എന്ന ലക്ഷ്യത്തിലേക്കാണ് ബൈജു കണ്ണെറിയുന്നത്. സമാനമായ മറ്റൊരു സംവിധാനങ്ങളും നിലവിലില്ലാത്തതിനാല്‍ ഇത് വളരെ എളുപ്പത്തില്‍ നേടാവുന്ന ലക്ഷ്യം മാത്രമാണ്.

സാങ്കേതിക വിദ്യയിലുള്ള അറിവും അതുപയോഗിക്കുന്നതിലൈ വൈദഗ്ദ്യവും മാത്രമല്ല, സ്മാര്‍ട്ട് ഫോണ്‍ രംഗത്തുണ്ടായ വിപ്ലവങ്ങളെ തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാവുകയും അവയുടെ സ്‌ക്രീന്‍ സൈസ് വര്‍ധിക്കുകയും ചെയ്തതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായതുമാണ് ഈ സംരംഭത്തിന്‍റെ വിജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വ്യത്യസ്തമായ ആശയങ്ങളവതിപ്പിക്കുവാന്‍ കഴിയുന്നവർക്ക് വിജയിക്കുവാന്‍ കഴിയുമെന്നതിന്‍റെ ഉത്തമോദാഹരണമാണിത്.

കൃത്രിമ ബുദ്ധിയും വിദ്യാഭ്യാസ രംഗവും

അടുത്ത കാലത്തായി ഏറെ പ്രചാരം സിദ്ധിച്ചയൊരു സാങ്കേതിക വിദ്യയാണ് കൃത്രിമ ബുദ്ധി (Artificial Intelligence) എന്നത്. കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള കരിയർ ഗൈഡന്‍സിന് തുടക്കമിട്ടത് കേരളത്തിലെ കോഴിക്കോട് ഐ ഐ എം ലെ സ്റ്റാർട്ടപ്പായ വൂഡിയുടെ സഹകരണത്തോടെയാണ്. നിലവിലുള്ള ഡേറ്റകളെ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അവലോകനം ചെയ്ത് കൃത്യമായ കരിയർ മെന്‍ററിങ്ങ് നല്‍കുന്നതാണ് ഈ നൂതന സംരംഭം.

ഓണ്‍ലൈന്‍ സ്കൂളുകള്‍

വിദേശരാജ്യങ്ങളില്‍ വ്യാപകമായിട്ടുള്ള സംരംഭമാണിത്. മിക്ക സർവ്വകലാശാലകളും ഈ വഴിക്ക് തിരിഞ്ഞിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ വ്യാപകമാകുവാന്‍ പോകുന്ന ഒരു സംരംഭമായിരിക്കുമിത്. എവിടെയിരുന്നും പഠിക്കാം എന്നതാണ് പോസ്റ്റല്‍ മാര്‍ഗമുള്ള വിദൂരവിദ്യാഭ്യാസത്തേക്കാള്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ പഠിതാക്കളുള്ളത് ഇന്ത്യയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠനപോര്‍ട്ടലായ ‘സ്വയം’ (Study Webs of Active-Learning for Young Aspiring Minds- SWAYAM) കുറഞ്ഞ കാലം കൊണ്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിറ്റായിരിക്കയാണ്. രാജ്യാന്തര നിലവാരത്തിലുള്ള പഠനം ലക്ഷ്യമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ എന്നിവര്‍ മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘സ്വയം’. സ്പീഡുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷനും പഠിക്കാനുള്ള ആര്‍ജവവുമുണ്ടെങ്കില്‍ സൗജന്യമായി പഠനം സാധ്യമാണ്. പഠിപ്പിക്കാനെത്തുന്നതോ ഐ.ഐ.ടി., ഐ.ഐ.എം. എന്നിവിടങ്ങളിലെയും കേന്ദ്ര സര്‍വകലാശാലയിലെയും അധ്യാപകരാണ്. കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷയില്ല.

ഓണ്‍ലൈന്‍ ലൈബ്രറി സർവീസ്

ഡിജിറ്റൽ രൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളെയാണ് ഡിജിറ്റൽ ലൈബ്രറി എന്നു വിളിക്കുന്നത്. പരമ്പരാഗത ഗ്രന്ഥശാലകളെ അപേക്ഷിച്ച് ഡിജിറ്റൽ ലൈബ്രറികളിലെ വിവരങ്ങൾ കാലദേശഭേദമന്യേ ഒന്നിലധികം ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നമുക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു, വിവരങ്ങൾ സൂക്ഷിക്കാൻ വളരെക്കുറച്ച് സ്ഥലം മതിയാകും, കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും, കൂടുതൽ വ്യക്തതയോടെ പ്രമാണങ്ങളും ചിത്രങ്ങളും സൂക്ഷിക്കാൻ കഴിയും എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ പ്രധാന മേന്മകളാണ്.‍ ഡിജിറ്റൽ ലൈബ്രറികൾ കടലാസുകളുടെ ഉപയോഗം വലിയ തോതിൽ കുറക്കുന്നതിനാൽ അവയെ പ്രകൃതി സൗഹൃദമായി കണക്കാക്കാം. കംപ്യൂട്ടറുകളിൽ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വർക്കുകൾവഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റൽ ലൈബ്രറി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങൾ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങൾ സഞ്ചയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിനായി സ്റ്റോറേജ് ഏരിയ നെറ്റ് വർക്ക് (SAN), നെറ്റ് വർക്ക് സ്റ്റോറേജ് യൂണിറ്റുകൾ (NSU) തുടങ്ങിയ ഡേറ്റാ സംഭരണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ വിവരങ്ങൾ ഇലക്ട്രോണിക് ശേഖര മാധ്യമങ്ങളിൽ സൂക്ഷിച്ച് സംഭരിക്കാനും ആവശ്യമുള്ളപ്പോൾ യഥോചിതം വളരെ വേഗം വിതരണം ചെയ്യാനും ഈ സംവിധാനം അത്യന്തം പ്രയോജനപ്രദമാണ്.

ഇന്ത്യന്‍ സര്‍വകലാശാലകളിലെ ലൈബ്രറികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ആധുനികീകരിക്കാന്‍ സഹായിക്കുകയും അവയെ പരസ്പരം ബന്ധിപ്പിച്ച് വിവര കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി യു.ജി.സി. ആരംഭിച്ചതാണ് ഇന്‍ഫ്‌ളിബ്നെറ്റ് സെന്റര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലൈബ്രറി നെറ്റ്വര്‍ക്ക് സെന്റര്‍). അക്കാദമിക ലേഖനങ്ങളും മറ്റ് റിസോഴ്സുകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഓജസ്, ശോധ്ഗംഗ തുടങ്ങിയ ഓപ്പണ്‍ ആക്‌സസ് സംരംഭങ്ങളുമുണ്ട്. രാജ്യത്തെ സര്‍വകലാശാലകളിലെ ലൈബ്രറികള്‍ ഡിജിറ്റലായി പരസ്പരം ബന്ധിപ്പിക്കുക ഏത് വിദ്യാര്‍ഥിക്കും എവിടെനിന്നും വിവരങ്ങള്‍ ലഭ്യമാക്കാം. പി.ജി. വിദ്യാര്‍ഥികള്‍ക്ക് ഇ-പി.ജി. പാഠശാല. https://www.inflibnet.ac.in/ എന്ന ലിങ്കിലൂടെ കൂടുതലറിയാം.

ഏറെ വളർച്ചാ സാധ്യതയുള്ള ഈ രംഗം വിദ്യാഭ്യാസമുള്ല ചെറുപ്പക്കാരായ നവ സംരംഭകരുടെ ശ്രദ്ധ പതിയേണ്ടയൊന്നാണ്. ഏറെ സാധ്യതകള്‍ ഈ രംഗത്തുണ്ട്. ആയതിനാല്‍ത്തന്നെ വ്യത്യസ്തമായ നിരവധി സ്റ്റാർട്ടപ്പുകള്‍ ഈ മേഖലയില്‍ ഉയർന്ന് വരുമെന്ന് പ്രത്യാശിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!