Reshmi Thamban

Reshmi Thamban
Sub Editor, Nownext

ശ്രീനഗറിലെ ദാൽ തടാകത്തിനു മുകളിലൂടെ ഒഴുകി നീങ്ങുന്ന ഒരു ഹൗസ് ബോട്ട്. കണ്ടാൽ ഒരു സാധാരണ ശിക്കാര ബോട്ട് ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല. ലോകത്തിലെ തന്നെ ഒരേയൊരു ഒഴുകുന്ന പോസ്റ്റ് ഓഫീസാണ് ഈ പറഞ്ഞ ഹൗസ് ബോട്ട്. എങ്ങനെയാണോ ഒരു സാധാരണ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് , അതേപോലെ തന്നെയാണ് പ്രവർത്തനം. സഞ്ചാരികളെയും വിദേശികളെയും ആകർഷിക്കാനായി കുറച്ച് കൂടുതൽ കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുമുണ്ട്. 

ചെറിയ ഒരു തടിപ്പാലം കടന്ന് പോസ്റ്റ് ഓഫീസിനുള്ളിലേക്ക് കയറി ചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് മനോഹരമായ കൊത്തുപണികളാണ്. പോസ്റ്റ് ഓഫീസിനുള്ളിൽ തന്നെ, പഴയ സ്റ്റാമ്പുകളുടെയും മറ്റും ശേഖരമൊക്കെ അടങ്ങിയിട്ടുള്ള ഒരു മ്യൂസിയവും, പോസ്റ്റ്കാർഡുകൾ, സ്റ്റാമ്പുകൾ, പ്രാദേശിക വസ്തുക്കൾ, ഗ്രീറ്റിംഗ് കാർഡുകൾ തുടങ്ങിയ സാധനങ്ങളൊക്കെ വാങ്ങാൻ കിട്ടുന്ന ഒരു സുവനീർ ഷോപ്പും ഉണ്ട്. ഒഴുകുന്ന തപാലോഫീസിലെ സ്റ്റാമ്പുകളിൽ ദാൽ തടാകത്തിന്റെ ചിത്രങ്ങൾ കാണാൻ കഴിയും. ഇവിടെ നിന്നും പോസ്റ്റ് ചെയ്യുന്ന പോസ്റ്റ് കാർഡുകളിൽ ദാൽ തടാകത്തിന്റെയും ശ്രീനഗർ നഗരത്തിന്റെ ഡിസൈനും ആലേഖനം ചെയ്തിരിക്കുന്നതായി കാണാം. 

Floating post office

ഫ്ലോട്ടിങ്ങ് പോസ്റ്റ് ഓഫീസിന് 200 വർഷത്തെ കഥ പറയാനുണ്ട്. അന്നൊന്നും പക്ഷെ ഒഴുകി നടന്നിരുന്നില്ല എന്ന് മാത്രം. നെഹ്‌റു പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടെയെത്തി, ഒരു പോസ്റ്റ് കാർഡൊക്കെ വാങ്ങി, പ്രിയപ്പെട്ടവർക്ക് സ്നേഹപൂർവ്വം, കാശ്മീരിൽ നിന്നും കത്തൊക്കെ എഴുതി അയച്ച് മനോഹരമായ ആ അനുഭവത്തെ ആസ്വദിക്കാം. ഒഴുകുന്ന പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റ് കാർഡ് വാങ്ങി, സ്റ്റാമ്പ് ഒക്കെ ഒട്ടിച്ച് അയക്കാൻ കാത്തുനിൽക്കുന്നവരുടെ വലിയൊരു നിര തന്നെ നമുക്കിവിടെ കാണാനും സാധിക്കും. 

പോസ്റ്റ് ഓഫീസ് ഉപയോഗിക്കുന്ന നാട്ടുകാരേക്കാൾ കാണാൻ കഴിയുന്നത് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് താനും. 1990 മുതൽ സുരക്ഷാ കാരണങ്ങളാൽ ഈ പോസ്റ്റ് ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. 2011 ലാണ് നെഹ്‌റു പാർക്ക് പോസ്റ്റ് ഓഫീസിന്റെ പേര് മാറ്റി ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാക്കുന്നത്. കശ്മീരിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായി ഇന്ന് ഈ ഒഴുകുന്ന പോസ്റ്റ് ഓഫീസ് മാറിക്കഴിഞ്ഞു. 

dal lake

തപാൽ സേവനത്തിന് പുറമെ, ഇന്റർനാഷണൽ ഫോൺ കോളുകൾ വിളിക്കാനുള്ള സൗകര്യം, ഇന്റർനെറ്റ് സൗകര്യം എന്നിവയൊക്കെ ഈ പോസ്റ്റ് ഓഫിസിൽ നിന്നും ആളുകൾക്ക് ലഭിക്കും. പ്രദേശ വാസികൾക്ക് ബാങ്കിങ് സൗകര്യവും ഇവിടെ നിന്നും ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടി രൂപയുടെ നിക്ഷേപം ഈ പോസ്റ്റ് ഓഫീസിൽ നടക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. വിദേശികളായ സഞ്ചാരികളാണ് ഇവിടത്തെ പ്രധാന സന്ദർശകർ. ഇവിടെയെത്തി സ്വന്തക്കാർക്കും പ്രിയപ്പെട്ടവർക്കും അയക്കുന്ന കത്തുകളും വാങ്ങിക്കുന്ന സമ്മാനങ്ങളും സവിശേഷ വസ്തുക്കളായാണ് അവർ കാണുന്നതും. 

ലോകത്ത് തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷുകാരാണ് കോളനി വാഴ്ച കാലത്ത് ഇന്ത്യയിൽ ആദ്യമായി പോസ്റ്റൽ സംവിധാനം ആരംഭിക്കുന്നത്. പക്ഷെ ഇന്ന് മറ്റേത് രാജ്യത്തുള്ളതിനേക്കാൾ ശക്തവും വിപുലവുമായ പോസ്റ്റൽ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഇന്ന് ഇന്ത്യയിൽ ഒരു ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാനൂറ് പോസ്റ്റ് ഓഫീസുകൾ നിലവിലുണ്ട്. റെക്കോർഡ് നേട്ടമാണ്. അതായത് ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 88 % ഭാഗത്തും ഇന്ന് പോസ്റ്റ് ഓഫീസുകളുണ്ട്. അതിൽ തന്നെ ഇന്ത്യയുടെ ഈ നേട്ടത്തിന്റെ പ്രൗഢി വീണ്ടും വീണ്ടും കൂട്ടാനുതകുന്നതാണ് ഈ ഒഴുകുന്ന തപാലോഫീസ്.