Reshmi Thamban

Reshmi Thamban
Sub Editor, Nownext

ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ഇത് പോലൊരു ചിത്രത്തിന് നിങ്ങൾ എത്ര രൂപ നൽകും? ഇതൊക്കെ ആര് വാങ്ങാനാണ് എന്ന് ചിന്തിക്കാൻ വരട്ടെ. EVERYDAYS: THE FIRST 5000 DAYS എന്ന ഈ ഡിജിറ്റൽ ചിത്രം വിറ്റ് പോയത് 69 മില്യൺ ഡോളറിനാണ്, ഏകദേശം അഞ്ഞൂറ് കോടിയോളം ഇന്ത്യൻ രൂപ. Beeple എന്നറിയപ്പെടുന്ന അമേരിക്കൻ ഡിജിറ്റൽ ആർട്ടിസ്റ്റ് ആയ മൈക്ക് വിങ്കിൾമാൻ 2007 മെയ് ഒന്ന് മുതൽ 2021 ജനുവരി 7 വരെയുള്ള 5000 ദിവസങ്ങളിലായി എടുത്ത ഫോട്ടോകൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണ് ഈ ചിത്രം. ഇതിനെ NFT ആക്കിയതോടെ മൈക്കിന്റെ തലവര തന്നെ മാറി. 

EVERYDAYS: THE FIRST 5000 DAYS- NFT

എന്താണ് ഈ NFT? എന്തിന് വേണ്ടിയാണ് ആൾക്കാർ NFT കൾ പൊന്നുംവില കൊടുത്ത് സ്വന്തമാക്കുന്നത്? ഇൻറർനെറ്റിൽ കണ്ട ഒരു തമാശ പോലെ നമ്മളൊക്കെ പണിയെടുക്കുമ്പോൾ ചിലർ വെറും ഒരു കുരങ്ങന്റെ പടം ലക്ഷങ്ങൾക്ക് വിറ്റ് പണമുണ്ടാക്കുന്നു. എന്നാൽ NFT കൾ ശരിക്കും വലിയ സാധ്യതകളുടെ ലോകമാണ് കലാകാരന്മാർക്ക് മുന്നിൽ തുറന്നിടുന്നത്.

ഇഷ്ടപ്പെട്ട ഒരു പാട്ടോ, അല്ലെങ്കിൽ ഇന്റർനെറ്റിൽ വൈറലായ ഒരു വിഡിയോയോ ഒക്കെ വേണമെന്ന് തോന്നിയാൽ നമ്മൾ എന്ത് ചെയ്യും? നേരെ ചെന്ന് ഏതെങ്കിലും ഒരു സൈറ്റിൽ കയറി അവ ഡൗൺലോഡ് ചെയ്യും. അല്ലേ? ഇങ്ങനെ ഡൗൺലോഡ് ചെയ്യുമ്പോൾ നമുക്ക് ആ ഫോട്ടോയുടെ, അല്ലെങ്കിൽ വീഡിയോയുടെ ഒരു കോപ്പി കയ്യിൽ കിട്ടും. കോപ്പിയാണ് കിട്ടുന്നത്, ഒറിജിനലല്ല. ഇങ്ങനെ ഡൗൺലോഡ് ചെയ്ത ഇമേജ് അല്ലെങ്കിൽ വീഡിയോ എന്റേതാണ്, എന്റേത് മാത്രമാണ് എന്ന് പറഞ്ഞ് കൊണ്ട് നടക്കാനോ വിൽക്കാനോ ആർക്കും സാധിക്കില്ല. അവിടെയാണ് NFT യുടെ റോൾ. 

NFT- NON FUNGIBLE TOCKEN

Non- Fungible Tokens എന്നതാണ് NFT യുടെ പൂർണ രൂപം. എന്താണ് non fungible? ചില കാര്യങ്ങൾക്ക് നമുക്ക് മറ്റൊന്നും പകരം വെക്കാൻ കഴിയില്ല. അത്തരം കാര്യങ്ങളെയാണ് non fungible എന്ന് പറയുന്നത്. ഉദാഹരണത്തിന്, റിസവർവ് ബാങ്ക് അച്ചടിക്കുന്ന 100 രൂപ നോട്ടിന് പകരം നമുക്ക് മറ്റൊരു 100 രൂപ നോട്ട് വെക്കാം. ആദ്യം ഉണ്ടായിരുന്ന നോട്ടും പകരം പകരം വെച്ച നോട്ടും തമ്മിൽ മൂല്യത്തിൽ യാതൊരു വ്യത്യാസവും വരുന്നില്ല. പക്ഷെ, ഡാവിഞ്ചിയുടെ മൊണാലിസക്കാണ് നമ്മൾ പകരം വെക്കുന്നത് എങ്കിലോ? എത്രയൊക്കെ പകരം വെച്ചാലും അവ അതിന്റെ കോപ്പി മാത്രമായിരിക്കും അല്ലേ? അത്തരം കാര്യങ്ങളെയാണ് non fungible എന്നതിനെ കൊണ്ട് അർത്ഥമാക്കുന്നത്. 

ഇന്റർനെറ്റ് വഴി വാങ്ങുകയും വിൽക്കുകയും സാധിക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള സൃഷ്ടികൾ, അതായത്  പെയിന്റിംഗുകൾ, മ്യൂസിക്, വീഡിയോ, ഫോട്ടോസ്, ഗെയിംസ്, ഇവയൊക്കെയാണ് NFT എന്നറിയപ്പെടുന്നത്. ലേലം വിളിച്ച് ആളുകൾ ശില്പങ്ങളും പുരാവസ്തുക്കളും മറ്റ്‌ വസ്തുക്കളുമൊക്കെ സ്വന്തമാക്കുന്നത് പോലെ തന്നെയാണ് NFT ലേലവും. പക്ഷെ ഡിജിറ്റൽ ആണെന്ന് മാത്രം. സാധാരണ ലേലത്തിൽ പണം ഉപയോഗിക്കുന്നതിന് പകരമായി ഇവിടെ cryptocurrency ഉപയോഗിച്ചാണ് NFT കച്ചവടം എന്നതാണ് വ്യത്യാസം. ഇതുപോലെ വാങ്ങിക്കുന്ന NFT കൾക്കൊപ്പം ആരാണ് അതിന്റെ ഉടമ എന്നും, അവ ഒറിജിനൽ തന്നെ ആണെന്നും തെളിയിക്കുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റ് കൂടി ഉണ്ടായിരിക്കും. വ്യാജൻ പരിപാടി നടക്കില്ല, അത്ര തന്നെ.

NFT- NON FUNGIBLE TOCKEN

ഡിജിറ്റൽ സൃഷ്ടികൾ ഇത്തരത്തിൽ NFT കൾ ആയി മാറ്റുന്നതിന് പറയുന്ന പേരാണ് minting. ആദ്യം എന്താണോ നമ്മൾ വിൽക്കാൻ ഉദ്ദേശിക്കുന്നത്, അത് NFT ആയി മിന്റ് ചെയ്യണം. Opensea പോലുള്ള market place വെബ്സൈറ്റുകൾ അതിനു സഹായിക്കും. NFT കൾ ഉണ്ടാക്കുന്നതിനും വില്പനയ്ക്ക് വെക്കുന്നതിനും ഫീസ് നൽകണം എന്ന് മാത്രം. അതിനു ശേഷം അവ ഒരു വിലയിട്ട് വിൽക്കണോ, അതോ വേണ്ട, ലേലത്തിന് വെക്കണോ എന്നൊക്കെ നമുക്ക് തീരുമാനിക്കാം.

പെയിന്റിംഗുകളും ചരിത്ര പ്രധാന ശില്പങ്ങളുമൊക്കെ കോടികൾക്ക് വിറ്റുപോകുന്നു എന്ന് കേൾക്കാറില്ലേ? അതുപോലെ തന്നെ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുപോകുന്ന NFT കളുമുണ്ട്. എത്ര രൂപ കൊടുത്ത് സ്വന്തമാക്കിയാലും വാങ്ങുന്നയാൾക്ക് അവയെ അതിനേക്കാൾ കൂടിയ വിലയ്ക്ക് പിന്നീട് അവ മറിച്ചു വിൽക്കാം. ഇങ്ങനെയാണ് NFT കളുടെ പ്രവർത്തനം വരുന്നത്. non fungible tokens അഥവാ NFT ആണ് പുതിയ കാലത്തെ വിപണികളെ ഭരിക്കാൻ പോകുന്നത്. ഡിജിറ്റൽ ലോകത്ത് അത്രമാത്രം സ്വാധീനം അവ ഉണ്ടാക്കിക്കഴിഞ്ഞു.