Reshmi Thamban

Reshmi Thamban
Sub Editor, Nownext

തെരുവ് നായകളില്ലാത്ത ഒരു രാജ്യം. ആഹാ… എത്ര മനോഹരമായ സ്വപ്നം അല്ലേ? നാട്ടിലിങ്ങനെ തെരുവുനായ്ക്കളുടെ ശല്യം കൂടി കൂടി വരുമ്പോ ഒരിക്കലെങ്കിലും നമ്മളോരുത്തരും ആഗ്രഹിച്ചിട്ടുണ്ടാവും, ഈ നായകളൊക്കെ മൊത്തത്തിൽ അങ്ങ് അപ്രത്യക്ഷമായിരുന്നെങ്കിൽ എന്ന്. സ്വപ്നം കണ്ടിട്ടുമുണ്ടാകും. ലോകത്ത് ഒരു രാജ്യത്ത്, ഒരു രാജ്യത്ത് മാത്രം, ഇന്ന് തെരുവ് നായകളില്ല, എത്രയൊക്കെ തിരഞ്ഞാലും ഒരെണ്ണത്തിനെ പോലും കണ്ടെത്താൻ കഴിയില്ല. രാജ്യത്തെ തെരുവ് നായ പ്രശ്‍നം ഫലപ്രദമായി പരിഹരിച്ച ഒരൊറ്റ രാജ്യമേ ഇന്ന് ലോകത്തുള്ളൂ, അത് നെതെർ ലാൻഡ് ആണ്. നാടുകടത്തലുകളും ദയാവധവും ഒന്നുമില്ലാതെ നെതെർലണ്ടിലെ തെരുവ് നായ പ്രശ്‍നം അവർ പരിഹരിച്ചു. പക്ഷെ എങ്ങനെ? 

stray dog

നായകൾ നെതർലണ്ടിലെ ആളുകളുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. പണക്കാരുടെ പ്രിയപ്പെട്ട പെറ്റായിരുന്നു നായകൾ. സ്പോർട്ടിങ്ങിനും അവർ നായകളെ ഉപയോഗിച്ച് പോന്നു. സാധാരണക്കാർക്ക് അവരുടെ ജോലി ഭാരം കുറക്കുന്നതിനും നായകളുടെ സഹായം ആവശ്യമുണ്ടായിരുന്നു. അങ്ങനെ പരസ്പരം നായകളും മനുഷ്യരും കൊടുക്കൽ വാങ്ങലുകളൊക്കെയായി ഇടപഴകി ജീവിക്കുന്നതിനിടെയാണ് റാബീസ് അഥവാ പേവിഷബാധ പടർന്നുപിടിക്കുന്നത്. 19 ആം നൂറ്റാണ്ടിൽ. സ്വൈര്യജീവിതത്തെ മൊത്തത്തിൽ തകിടം മറിച്ചുകൊണ്ട് അത് തെരുവുകളിൽ നിന്നും തെരുവുകളിലേക്ക് വ്യാപിച്ചു.

നായകളെ ഉടമകൾ തെരുവിൽ ഉപേക്ഷിക്കാൻ തുടങ്ങി. സ്വന്തം നായകൾക്ക് അസുഖം ബാധിച്ച് കാണാനോ, അല്ലെങ്കിൽ വൃത്തിഹീനമായ അവസ്ഥയിൽ കാണാനോ, അവരാരും ഇഷ്ടപ്പെട്ടില്ല എന്നത് തന്നെ കാരണം. ഇത് തെരുവ് നായകളുടെ എന്നതിൽ വലിയ വർദ്ധനവുണ്ടാക്കി. പ്രശ്നത്തിന് തടയിടാൻ സർക്കാർ നായ നികുതി ഏർപ്പെടുത്തി. പക്ഷെ ഫലം കണ്ടില്ല. സ്ട്രാറ്റജി എട്ട് നിലയിൽ പൊട്ടി. നികുതി അടക്കാൻ ആളുകൾ തയ്യാറാവാത്തതും, പലർക്കും നികുതി അടക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതിരിക്കുന്നതുമായിരുന്നു നയം പരാജയപ്പെട്ടതിനു കാരണം. 

stray dog

1864 ൽ നെതെർ ലാൻഡിൽ ആദ്യത്തെ അനിമൽ പ്രൊട്ടക്ഷൻ ഏജൻസി ആരംഭിച്ചു. അന്നുമുതൽ, മൃഗങ്ങളുടെ അവകാശങ്ങൾ നെതർ ലാൻഡിന്റെ സാമൂഹ്യപ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി മാറി. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാൻ തുടങ്ങി. കുറ്റവാളികൾക്ക് 18539 ഡോളർ പിഴ ചുമത്തി. ഏകദേശം 14 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. 

സർക്കാർ പ്രശ്നത്തെ ഗൗരവമായി തന്നെ സമീപിച്ചു. പല നഗരങ്ങളിലും കടകളിൽ നിന്നും വാങ്ങുന്ന നായകൾക്ക് നികുതി വലിയ മാർജിനിൽ വർധിപ്പിച്ചു. അത് ആളുകളെ മാറ്റി ചിന്തിപ്പിച്ചു തുടങ്ങി. അവർ തെരുവ് നായകൾക്ക് വേണ്ടിയുള്ള ഷെൽറ്ററുകളിൽ എത്തി നായകളെ ദത്തെടുക്കുവാൻ തുടങ്ങി. അവിടെ ഒരു പുതിയ പോളിസിക്ക് തുടക്കം കുറിക്കുകയായിരുന്നു. Collect, Neuter, Vaccinate and Return. തെരുവ് നായകളെ കലക്ട് ചെയ്ത്, വന്ധ്യം കരിച്ച്, വാക്‌സിനേറ്റ് ചെയ്ത് തിരികെ നൽകുക. CNVR എന്നാണ് രാജ്യത്തിൻറെ എല്ലാ കോണുകളിലും നടന്ന, സർക്കാർ തന്നെ ഫണ്ട് ചെയ്ത ഈ പ്രോഗ്രാം അറിയപ്പെട്ടത്. 

ഇതൊന്നും പോരാതെ മൃഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു പോലീസ് സേന തന്നെ സർക്കാർ ആരംഭിച്ചു. മൃഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന എല്ലാ ആക്രമണങ്ങളും അമർച്ച ചെയ്യേണ്ടത് ഈ പോലീസുകാരുടെ ഉത്തരവാദിത്തമായി മാറി. അതേപോലെ മൃഗങ്ങളുടെ റെസ്ക്യൂ ഉം ഇതേ പോലീസുകാരുടെ ഉത്തരവാദിത്തമായി. Party for the animals എന്ന പേരിൽ ഒരു പാർട്ടിയും അവിടെ രൂപീകരിക്കപ്പെട്ടു. 

നെതർ ലാൻഡുകാർ നായകളെ മനുഷ്യരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഏറ്റ ഒരു ഭീഷണി മാത്രമായല്ല കണ്ടത്, മറിച്ച് അവരുടെ സാമൂഹികവും ധാർമികവുമായ ഒരു പ്രശ്നമായി കൂടിയാണ്. അതുകൊണ്ടാണ് പ്രശ്ന പരിഹാരം അവരിത്രയും പ്രധാനമായി കണ്ടതും. തെരുവുകളിൽ കിടന്ന് പ്രാണൻ പോകുന്ന ഒരു തെരുവ് നായയോട്, അല്ലെങ്കിൽ പട്ടിണി കിടക്കുന്ന, കഠിനമായ വേദന അനുഭവിക്കുന്ന ഒരു ജീവനോട് മനുഷ്യൻ കാണിക്കേണ്ടുന്ന പരിഗണന പ്രധാനമായി എടുത്തുകൊണ്ടാണ് നെതെർ ലാൻഡ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. 

stray dog

ഇത്തരം ഉത്തരവാദിത്തമേറ്റെടുക്കലുകൾ പൂർണമായും ഫലം കണ്ടു എന്നുവേണം പറയാൻ. നെതർ ലാൻഡിലെ 90 % കുടുംബങ്ങളും പദ്ധതിയുടെ ഭാഗമായി, അവരുടെ വീടുകളിലേക്ക് നായകളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ തെളിയിക്കുന്നത്, നെതർ ലാൻഡിന്റെ തെരുവുകളിൽ നിന്നും പത്ത് ലക്ഷം നായകൾ അപ്രത്യക്ഷമായി എന്നാണ്. 

നെതർലണ്ടിന്റെ ഈ സ്ട്രാറ്റജിയിൽ നിന്നും ലോകരാജ്യങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. കാരണം കണക്കുകൾ പ്രകാരം 200 ദശലക്ഷം തെരുവ് നായകൾ ഈ ലോകത്തുണ്ട്. അവയിൽ നിന്നും പൂർണമായ സുരക്ഷ, ഇതുപോലുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ, നായകൾക്കും മനുഷ്യർക്കും ഒരുപോലെ ഉപകാരപ്രദമായ മുൻ കരുതലുകൾ സ്വീകരിക്കുന്നതിലൂടെ നമുക്ക് ലഭിക്കും.