നല്ല രുചിയാണ്, കുറച്ച് വിഷം തരാം എന്നാരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് കഴിക്കുമോ? ഇല്ല അല്ലെ. പക്ഷെ കാശ് കൊടുത്ത് വിഷം കഴിക്കുന്ന ആളുകളുണ്ടെങ്കിലോ? അതും നല്ല രുചിയിൽ പാചകം ചെയ്ത് കഴിക്കുന്നവർ. വിഷം എന്ന് പറഞ്ഞത് കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇത് നിങ്ങളുദ്ദേശിക്കുന്ന വിഷമല്ല. ഇതൊരു മത്സ്യമാണ്. ഫുഗു എന്നാണ് പഫെർഫിഷ് ഇനത്തിൽ പെട്ട ഈ മത്സ്യത്തിന്റെ പേര്. ടെട്രഡോടോക്സിൻ എന്ന കൂടിയ ഇനം വിഷമാണ് ഇവയുടെ പ്രത്യേകത. ജപ്പാനിലെയും കൊറിയയിലെയും മനുഷ്യർ ഇവയെ ആഹാരമാക്കാറുണ്ട്. 

കഴിക്കുന്ന പലരുടെയും മരണത്തിനു കാരണമായതോടെ ഇവയുടെ ഉപയോഗം പലതവണ നിരോധിച്ചിട്ടുണ്ട് എങ്കിലും ഇന്നും ഫുഗു രുചിയോടെ പാചകം ചെയ്ത് കഴിക്കുന്ന പതിവ് ഇവർ ഉപേക്ഷിച്ചിട്ടില്ല. നിലവിൽ ഫുഗു അതിന്റെ ടോക്സിക് പാർട്ടുകൾ നീക്കം ചെയ്ത് പാകം ചെയ്യാൻ പരിശീലനം കിട്ടിയവർ മാത്രമേ അത് ചെയ്യാവൂ എന്ന നിയമം ജപ്പാനിൽ നിലവിലുണ്ട്. മൂന്നോ അതിലധികമോ വർഷത്തെ കഠിന പരിശീലനം സിദ്ധിച്ച ഷെഫിന് മാത്രമേ ഫുഗു കുക്ക് ചെയ്യാനുള്ള അവകാശമുള്ളൂ. വീടുകളിൽ കുക്ക് ചെയ്യുന്നത് അപകടമരണത്തിലേക്ക് നയിക്കുമെന്നതിനാൽ വിലക്കിയിട്ടുമുണ്ട്.