റൂട്ട് കണ്ട് പിടിക്കാൻ ഗൂഗിൾ മാപ് നോക്കി മടുത്തോ? പുഴക്കരയിലും വയലിന്റെ പൊക്കത്തും കൊണ്ട് എത്തിച്ചിട്ടും ഗോ സ്ട്രൈറ്റ് എന്ന് പറയുന്ന ഗൂഗിൾ അമ്മച്ചിയുടെ അൽ കിടിലം മാപ്പ് നോക്കി നോക്കി തലവേദന വന്ന ആളുകൾക്ക് കുറച്ച് ആശ്വാസം പകരുന്ന ഒരു കാര്യമാണ് ഇന്ന് ഷെയർ ചെയ്യാൻ പോകുന്നത്. വാട്ട്3വേർഡ്‌സ്. ഇതൊരു വെബ്സൈറ്റ് ആണ്. അവരുടെ തന്നെ ആപ്പും ഉണ്ട്. വാട്ട്3വേർഡ്‌സ് ലോകത്തിന്റെ ഏത് കോണിലുള്ള സ്ഥലവും, വെറും മൂന്നേ മൂന്ന് വാക്കുകൾ കൊണ്ട് റെപ്രെസെന്റ് ചെയ്ത് നമ്മുടെ മുന്നിലേക്ക് വെച്ച് തരും. അതും വെറും സെക്കൻഡുകൾക്കുള്ളിൽ. ഇനി ആർക്കെങ്കിലും റൂട്ട് പറഞ്ഞുകൊടുക്കണോ, അതിനും വാട്ട്3വേർഡ്‌സ് സൂപ്പറാണ്. മൂന്ന് വാക്കുകൾ കൊണ്ട് റെപ്രെസെന്റ് ചെയ്യുന്ന നമ്മുടെ ആ അഡ്രസ് അങ്ങ് പറഞ്ഞുകൊടുത്താ മതി. ഗൂഗിൾ മാപ്പിലേത് പോലെ കുത്തും കോമേം വരേം കൊണ്ടുപിടിച്ച ലിങ്കും ഒന്നുല്ല. 3 വാക്കില് കാര്യം കഴിയും. അപ്പൊ എങ്ങനെയാ? എല്ലാരും ട്രൈ ചെയ്ത് നോക്ക്…!

മൂന്നേ മൂന്ന് വാക്ക്, ഈ ഭൂമിയിലെ ഏത് സ്ഥലവും അടയാളപ്പെടുത്താം.  ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ തിരഞ്ഞു ഷെയർ ചെയ്യുമ്പോ വരുന്ന ലാറ്റിട്യൂട് ലോഞ്ചിട്യൂഡ് നമ്പറുകൾ നമുക്ക് ഓർത്തു വയ്ക്കാനോ പറഞ്ഞു കൊടുക്കാനോ അത്ര എളുപ്പമല്ല. ഇവന്റ് കോർഡിനേറ്റർമാരായി പ്രവർത്തിച്ചു വന്നിരുന്ന ക്രിസ് ഷെൽഡ്രിക്കിനും മോഹൻ ഗണേശലിംഗത്തിനും പിണഞ്ഞ ഒരബദ്ധത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ആശയം – വാട്ട് ത്രീ വെർഡ്സ് ആണ് പത്ത് പതിനഞ്ച് അക്കങ്ങൾ വേണ്ടി വരുന്ന ജിയോകോഡിങ് അഥവാ ഭൂമിയിൽ സ്ഥലങ്ങൾ ജിപിഎസ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്ന പ്രക്രിയ മൂന്ന് വാക്കുകളിൽ ആർക്കും മനസിലാകുന്ന ഭാഷയിലേക്ക് മാറ്റിയത്. വാട്ട് ത്രീ വെഡ്സ് എന്ന ആപ്പിലോ വെബ്സൈറ്റിലോ കയറി ഏത് സ്ഥലം തിരഞ്ഞെടുത്താലും യൂണിക് ആയ മൂന്ന് വാക്കുകളുടെ ഒരു കോമ്പിനേഷൻ നിങ്ങൾക്ക് ലഭിക്കും. ഈ മൂന്ന് വാക്കുകൾ ഒരാൾക്ക് ഷെയർ ചെയ്താൽ വാട്ട് ത്രീ വെഡ്സ് ഉപയോഗിച്ച് തന്നെ അയാൾക്ക് നിങ്ങളുടെ ലൊക്കേഷൻ എളുപ്പത്തിൽ കണ്ടെത്താനും കഴിയും. ഭൂമിയിലെ ഓരോ പത്ത് ചതുരശ്ര അടി സ്ഥലത്തിനും വ്യത്യസ്തമായ മൂന്ന് വാക്കുകൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് ഈ മാപ്പ് ഉപയോഗിച്ച് കൊച്ചിൻ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ സെർച്ച് ചെയ്താൽ ///believer.deliveryman.clogs എന്നീ വാക്കുകളാണ് ലഭിക്കുക. അതെ സമയം ഡൊമസ്റ്റിക് ടെർമിനലിലേക്ക് പോയാൽ അത് ///occupant.overrule.blinders ആണെന്ന് കാണാം. ഇങ്ങനെ ലോകത്തേത് സ്ഥലവും മൂന്ന് വാക്കിൽ ഒതുക്കി നിർത്തിയ വാട്ട് ത്രീ വെഡ്സ് വൻ വിപ്ലവമാകുമെന്ന് കണ്ട് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ വമ്പൻ കമ്പനികൾ ഇതിലേക്ക് മില്യൺ കണക്കിന് ഡോളറുകൾ ഒഴുക്കാൻ തുടങ്ങി. എന്നാൽ ആദ്യ വർഷങ്ങളിൽ കണ്ട വളർച്ച പിന്നീടുണ്ടായില്ല എന്ന് മാത്രമല്ല, 2018 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ മൊത്തം 850 കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. എന്നിരുന്നാലും മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ പല കമ്പനികളുടെ കാറുകളിലും ഡീഫോൾട് മാപ്പ് ആയിട്ട് വാട്ട് ത്രീ വെഡ്സ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ അത്യാഹിത സന്ദർഭങ്ങളിൽ വാട്ട് ത്രീ വെഡ്സ് ധാരാളം പേരുടെ ജീവനുകൾ രക്ഷിക്കാൻ കാരണമായിരുന്നു. പലർക്കും ഈയൊരു ആപ്പിനെക്കുറിച്ച് അറിയാമെങ്കിലും എന്ത് കൊണ്ടായിരിക്കാം വിപ്ലവകരമായ ഈയൊരു ആശയം നമ്മുടെ നാട്ടിലൊന്നും പരക്കെ ഉപയോഗിക്കപ്പെടാത്തത്?