Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തിന്റെ അമ്പരപ്പിക്കുന്ന കഥ

വെറും 4000 സ്‌ക്വയർ മീറ്ററില് ഒരു രാജ്യം. രണ്ട് തൂണുകളിലായി ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ട ടവറുപോലൊന്ന്. ടവറുപോലെയല്ല. ടവർ തന്നെയായിരുന്നു. പക്ഷെ ഇന്നത് ഒരു രാജ്യമാണ്. രാജ്യത്തിൻറെ അൻപതാം പിറന്നാൾ ആഘോഷിച്ച പ്രജകളില്ലാത്ത രാജാവും ഈ രാജ്യത്തിൻറെ മാത്രം പ്രത്യേകതയാണ്. ലോകത്തെ ഏറ്റവും ചെറിയ രാജ്യം. സീലാൻഡ്. ജനസംഘ്യ 27. രാജ്യം പിറവിയെടുത്തത് മുതലുള്ള ചരിത്രം പരിശോധിച്ചാൽ അവിശ്വസനീയവും രസകരവുമായ ഒരുപാട് കഥകളുണ്ട് പറയാൻ. 

റഫ്‌സ് ടവറിന്റെ ചരിത്രം

രണ്ടാം ലോക മഹായുദ്ധ കാലത്ത്, 1943 ല്, ബ്രിട്ടീഷുകാര് മൈൻ ഇടാൻ വരുന്ന ജർമൻ എയർ ക്രഫ്റ്റുകളെ പ്രതിരോധിക്കുന്നതിനായി കടലിന് നാടുവിലായിട്ട് നിർമിച്ച ഒരു കോട്ടയാണ് ആണ് റഫ്‌സ് ടവർ. രണ്ട് തൂണുകളും, അതിനു മുകളിലായി ഒരു പ്ലാറ്റ്ഫോമും. ആ സമയറ്റത്ത് 150 മുതല് 300 പട്ടാളക്കാര് വരെ റഫ്‌സ് ടവറിന്റെ മുകളില് ഉണ്ടായിരുന്നു എന്നാണ് കണക്ക്. പിന്നീട് യുദ്ധം അവസാനിച്ചതോടെ ടവറിനു മുകളിലെ പട്ടാളക്കാരുടെ എണ്ണം ബ്രിട്ടൻ കുറച്ചു. തൊള്ളായിരത്തി അമ്പതുകളോടെ ഇതുപോലെ കടലില് അങ്ങിങ്ങായി നിർമിച്ച് ടവറുകളൊക്കെ പൊളിച്ച് മാറ്റണമെന്ന ഉത്തരവ് വന്നു. പക്ഷെ ബാക്കിയെല്ലാ ടവറുകളും നശിപ്പിച്ചതിന് ശേഷവും, ബ്രിട്ടനിലെ സഫോക്ക് തീരത്ത് നിന്ന് 7 നോട്ടിക്കൽ മൈൽ അകലെ ആയിരുന്ന റഫ്‌സ് ടവറ് മാത്രം അതേപോലെ നിലനിന്നു. 1956 വരെ ബ്രിട്ടീഷ് പട്ടാളം റഫ്‌സ് ടവറിന്റെ മുകളില് ഉണ്ടായിരുന്നു. അവസാനത്തെ പട്ടാളക്കാരൻ അവിടെ നിന്നും ഇറങ്ങുന്നത് അമ്പത്താറിലാണ്.

The sm allest nation in the world - Principality of Sea Land

സീലാൻഡിന്റെ പിറവി

ഉപേക്ഷിക്കപ്പെട്ട റഫ്‌സ് ടവറിലേക്ക് ആദ്യമായി എത്തുന്നത്  ജാക്ക് മൂർ, ജെയിൻ എന്നീ അച്ഛനും മകളുമാണ്. 1965 ൽ. റേഡിയോ പ്രക്ഷേപണമായിരുന്നു അവരുടെ ലക്ഷ്യം. വണ്ടർഫുൾ റേഡിയോ ലണ്ടൻ എന്ന പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനു വേണ്ടി ആളൊഴിഞ്ഞ ടവർ അവര് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വർഷത്തിന് ശേഷം, 1966 ല് ടവർ, ബ്രിട്ടീഷ് ആർമിയില് മേജറായിരുന്ന പാഡി റോയ് ബേറ്റ്സ് കയ്യടക്കി. റേഡിയോ എസെക്‌സ് എന്ന പൈറേറ്റ് റേഡിയോ പ്രക്ഷേപണമായിരുന്നു റോയ് ബേറ്റ്സിന്റെയും ഉദ്ദേശ്യം. ബ്രിട്ടീഷ് കമ്മ്യൂണിക്കേഷൻ അതോറിറ്റികളുടെ കണ്ണ് വെട്ടിച്ച്  ലണ്ടനില് ബാൻ ചെയ്തിട്ടുള്ള അമേരിക്കൻ റോക്ക് ആൻഡ് റോൾ മ്യൂസിക് പ്രക്ഷേപണം ചെയ്യുക എന്ന ലക്ഷ്യത്തോടെ റഫ്സ് ടവർ കയ്യടക്കിയ ബേറ്റ്സ് പക്ഷെ, ബ്രിട്ടന്റെ അധികാരപരിധിയിൽ പെടാത്ത ആ ടവറിനെ അധികം വൈകാതെ  ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. പേരുമിട്ടു. പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്. 

പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്

രണ്ട് സിമന്റ് പില്ലറുകൾ താങ്ങി നിർത്തുന്ന 4000 സ്‌ക്വയർ മീറ്റർ മാത്രം വീതിയുള്ള ഒരു പ്ലാറ്റ്‌ഫോം, മുകളിലൊരു ലാൻഡിംഗ് പാഡ്, നാലു നിലകളിലായി പട്ടാളക്കാർക്ക് തമ്പടിക്കുന്നതിനായി ഉണ്ടാക്കിയ ക്വാർട്ടേഴ്‌സ്, ഒരു ആയുധപ്പുര ഇത്രയുമായിരുന്നു സീലാൻഡ്. ടവർ ഏറ്റെടുത്ത് സ്ഥിരതാമസമാക്കിയതോടെ ബേറ്റ്സ് രാജ്യത്തിന് സ്വന്തമായി ഭരണഘടന മുതൽ ഫുട്ബോൾ ടീം വരെ ഉണ്ടാക്കി. 

സ്റ്റാമ്പ്, പാസ്പോർട്ട്, നാണയം, പതാക, ദേശീയ ഗാനം, ഇ മാരെ ലിബർട്ടസ് അഥവാ കടലിൽ നിന്ന് സ്വാതന്ത്ര്യം എന്ന ദേശീയ മുദ്രാവാക്യം തുടങ്ങിയവയൊക്കെ ഇന്ന് സീലാൻഡിന് സ്വന്തമായുണ്ട്. പക്ഷെ സീലാൻഡ് പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനോ നാണയമുപയോഗിച്ച് വിനിമയം ചെയ്യാനോ സാധിക്കില്ല. അതിനു കാരണം സീലാൻഡ് ഇപ്പോഴും ഒരു അൺ റെക്കഗ്നിസെഡ്‌ മൈക്രോ നേഷനായതുകൊണ്ടാണ്. സ്റ്റാമ്പും നാണയവുമൊക്കെ ശേഖരിച്ച് കയ്യിൽ വെക്കാമെന്നല്ലാതെ ഉപയോഗിക്കാൻ പറ്റില്ല.

The smallest nation in the world - Principality of Sea Land

വീണ്ടും പിടിച്ചടക്കൽ ശ്രമങ്ങൾ

സീലാൻഡ് ആദ്യത്തെ പ്രതിസന്ധി നേരിട്ടത് ബ്രിട്ടനിൽ നിന്ന് തന്നെയായിരുന്നു. റഫ്‌സ് ടവർ പൊളിക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തിനു പിന്നാലെ, സീലാൻഡ് പ്രിൻസ് റോയ് ബേറ്റ്സ് ഉം കൗമാരപ്രായക്കാരനായ മകൻ പ്രിൻസ് മൈക്കിളും കടലിൽ വെടിയുതിർത്ത കേസിലെ പ്രതികളാണെന്ന് തെളിഞ്ഞു. ടവറിനു അടുത്തുള്ള റോയൽ നേവി ബോട്ടിന് നേരെ മൈക്കിൾ ടവറിന് മുകളിൽ നിന്നും നിറയൊഴിച്ചു എന്നായിരുന്നു കേസ്. പക്ഷെ കോടതി വിധി ബേറ്റ്സ് നു അനുകൂലമായിരുന്നു. ബ്രിട്ടീഷ് കോടതിയുടെ പരിധിയിൽ പെടില്ല, അതുകൊണ്ട് തന്നെ ഇടപെടാൻ കഴിയില്ല എന്ന് കോടതി വിധിച്ചു. സ്വന്തം രാജ്യം സംരക്ഷിക്കാൻ ആയുധമുപയോഗിക്കാൻ പരിശീലിപ്പിച്ചാണ് മകനെ വളർത്തിയതെന്നും ഇത് വെറും വാണിംഗ് മാത്രമാണെന്നും സീലാൻഡിലെ നിയമത്തിന്റെ പരമാധികാരി ഞാൻ ആണെന്നും ബേറ്റ്സ് അന്ന് പറഞ്ഞു. 

ഐലൻഡ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ടൂറിസമാണെന്ന തിരിച്ചറിവിൽ നിന്നും ബേറ്റ്സ് സീലാൻഡ് ടൂറിസത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയ സമയത്താണ് 1978-ൽ ജർമ്മൻ വ്യവസായി അലക്‌സാണ്ടർ ഏയ്ച്ചൻബക്കും ചില ഡച്ച് സഹപ്രവർത്തകരും ചേർന്ന് സീലാൻഡിനെ ഒരു കാസിനോ ആക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത്. ബേറ്റ്‌സ് ഏയ്ച്ചൻബക്കിന് പൗരത്വത്തോടൊപ്പം ആജീവനാന്ത പ്രധാനമന്ത്രിപദവും നൽകി. ആളില്ലാത്ത സമയത്ത് സീലൻഡിൽ അട്ടിമറി ശ്രമം നടത്തിയാണ് ഏയ്ച്ചൻബക്ക് ബേറ്റ്സ് ന്റെ സ്നേഹം സ്വീകരിച്ചത്. മൈക്കിളിനെ ബന്ദിയാക്കി ഏയ്ച്ചൻബക്ക് ബാർഗെയിൻ ചെയ്തു. 

തിരിച്ചടി

അധികം വൈകാതെ മൈക്കിൾ മോചിപ്പിക്കപ്പെട്ടു. സീലാന്റിലെത്തിയ ബേറ്റ്സ് ഏയ്ച്ചൻബക്കിന്റെ വക്കീലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി. കേസിലിടപെടാൻ ബ്രിട്ടീഷ് ഗവൺമെന്റ് തയ്യാറായില്ല. ജർമ്മനി ഒരു അംബാസിഡറിനെ സന്ധി സംഭാഷണത്തിനായി അയച്ചെങ്കിലും ഫലമുണ്ടായതുമില്ല. ബ്രിട്ടീഷ് ഗവൺമെന്റിന്റെ മൗനവും ജർമൻ ഗവൺമെന്റിന്റെ നീക്കവും തന്റെ രാജ്യത്തിനുള്ള അംഗീകാരമായാണ് ബേറ്റ്സ് കണ്ടത്. രണ്ട് മാസം കൊണ്ട് തടവുപുള്ളിയെ മടുത്ത ബേറ്റ്സ് അയാളെ മോചിപ്പിച്ചു. 

സീലൻഡിൽ ബേറ്റ്സ് കുറെ പരിഷ്‌കാരങ്ങൾ കൂടി കൊണ്ട്  വന്ന സമയമായിരുന്നു അത്. കോട്ടയിൽ ഗ്ലോസി ജനലുകൾ സ്ഥാനം പിടിച്ചു. കൽക്കരി ജനറേറ്ററിനു പകരം ഇലക്ട്രിക്ക് ജനറേറ്റർ സ്ഥാപിച്ചു. വിരമിച്ച ബ്രിട്ടീഷ് സൈനികരെ തന്നെ രാജ്യത്തിന് കാവൽക്കാരായി നിയമിക്കുകയും ചെയ്തു. 1987 ൽ ബ്രിട്ടൻ അമേരിക്കയുമായി ഉടമ്പടി ഉണ്ടാക്കി ബ്രിട്ടീഷ് ജലാതിർത്തി 3 ൽ നിന്നും 12 നോട്ടിക്കൽ മൈലായി വർധിപ്പിച്ചു. തങ്ങളുടെയും അതിർത്തി വർധിപ്പിക്കണമെന്ന സീലൻഡിന്റെ വാദം ബ്രിട്ടൻ വിലവെച്ചില്ല, എതിർത്തതുമില്ല. ആരാലും അഡ്രസ് ചെയ്യപ്പെടാതെ പോയ ഒരാവിശ്യമായി അത് മാറി. 

The smallest nation in the world - Principality of Sea Land

ചില കുറ്റകൃത്യങ്ങൾ

ലോകത്ത് നടന്ന ചില കുറ്റകൃത്യങ്ങളുമായി തന്റേതല്ലാത്ത കാരണത്താൽ ബേറ്റ്സ് നും സീലൻഡിനും ബന്ധമുണ്ടായിട്ടുണ്ട്. 1997-ൽ ഫാഷൻ ഡിസൈനർ ജിയാനി വെർസാച്ചേ മയാമിയിലെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടു. പിന്നാലെ കൊലയാളി ആൻഡ്രൂ ക്യൂനനൻ ഒരു ഹൗസ് ബോട്ടിൽ ആത്മഹത്യ ചെയ്തു. ബോട്ടിന്റെ ഉടമ ഒരു ജർമൻ വ്യവസായി ആയിരുന്നു. സീലാൻഡ് പാസ്‌പോർട്ടും നയതന്ത്ര ലൈസൻസ് പ്ലേറ്റുകളും അയാൾ കൈവശം വച്ചിരുന്നു. ആ ഒരു സംഭവത്തോടെ വളരെ പെട്ടെന്ന് പലരുടെയും കയ്യിൽ സീലാൻഡ് പാസ്സ്‌പോർട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആ സമയത്ത് വിദേശ രേഖയ്ക്ക് ആവിശ്യക്കാരോടുപാടുണ്ടായിരുന്ന ഹോങ്കോങ്ങിൽ മാത്രം നാലായിരം പാസ്‌പോർട്ടുകൾ വിറ്റുപോയതായി കണ്ടെത്തി. സീലാൻഡിന് ലോകത്തിന്റെ പലയിടത്തും എംബസികളുണ്ടെന്നും രാജ്യത്തെ ജനസംഖ്യ 160,000 ആണെന്നും ഒരു വെബ്സൈറ്റ് പറഞ്ഞുപരത്തി. ഈ പ്രശ്നങ്ങൾക്കൊക്കെ കാരണമായത് സെലാൻഡിനു സ്വന്തമായി വെബ്സൈറ്റ് ഇല്ലാതിരുന്നതും, 1977 നടന്ന ഒരു തട്ടിപ്പ് കാരണം പാസ്പോർട്ട് വിതരണം നിർത്തിയതുമായിരുന്നു. ഇത്തരത്തിൽ സീലൻഡിന്റെ ഐഡന്റിറ്റി മോഷ്ടിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾ നടന്നതിന് പിന്നിലെ കാരണം സീലാൻഡിലെ സ്വാതന്ത്ര്യം തന്നെയായിരുന്നു. പെട്രോൾ നേർപ്പിച്ച് വിറ്റതിന്റെ പേരിൽ സ്‌പെയിനിൽ അറസ്റ്റിലായ നിശ ക്ലബ് ഉടമ അവകാശപ്പെട്ടത് ഞാൻ സീലാൻഡ് കോൺസുലാണ് എന്നായിരുന്നു. 

വീണ്ടും കുറ്റകൃത്യങ്ങളുണ്ടായി. സീലാൻഡ് പാസ്‌പോർട്ടുകളും ലൈസൻസ് പ്ലേറ്റുകളും നിർമ്മിച്ച മൂന്ന് ഓഫീസുകൾ സ്പാനിഷ് പോലീസ് റെയ്ഡ് ചെയ്തു. ഹാഷിഷ് കള്ളക്കടത്തുകാരും റഷ്യൻ ആയുധ ഇടപാടുകാരും ഇതുപോലെ പിടിക്കപ്പെട്ടിട്ടുണ്ട്. സീലാൻഡ് വെബ്സൈറ്റ് സ്ഥാപിച്ച ഒരു കൂട്ടം ജർമൻ ബിസിനസുകാരാണ് ഈ പ്രശ്നങ്ങളുടെയൊക്കെ ഉറവിടം എന്ന് പിന്നീട് 1998-ൽ തെളിയിക്കപ്പെട്ടു. സീലാൻഡ് പാസ്‌പോർട്ടുകളും ലൈസൻസുകളും നയതന്ത്ര രേഖകളും വെബ്സൈറ്റ് വഴി വ്യാപകമായി വിറ്റതായും തെളിഞ്ഞു. തൊള്ളായിരത്തി എഴുപത്തിയെട്ടിലെ പരാജയപ്പെട്ട അട്ടിമറിയുടെ ഭാഗമാണ് ഇത് എന്നാണ് സ്പാനിഷ് അന്വേഷകർ ഇതിനെക്കുറിച്ച് പറഞ്ഞത്. 

ഓഫ്‌ഷോർ ബിസിനസ് 

രണ്ടായിരത്തിൽ ൽ ബേറ്റ്സ്, സിലിക്കൺ വാലിയിലെ സംരംഭകനായ ഷോൺ ഹാസ്റ്റിംഗ്സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയും ലോകത്തിലെ ആദ്യ ഓഫ്‌ഷോർ ഇലക്‌ട്രോണിക് ഡാറ്റാ സങ്കേതമായ ഹാസ്റ്റിംഗിന്റെ ‘ഹാവൻകോ’ യുടെ ആസ്ഥാനമായി സീലാൻഡിനെ പ്രഖ്യാപിക്കുകയും ചെയ്തു. നികുതി ഭാരം കുറക്കുന്നതിനും മറ്റും ഈ ഒരു മാറ്റം അവർക്ക് സഹായകമായി. 2006 ആയതോടെ ഹാവൻകോ ലണ്ടനിലേക്ക് മാറ്റി. അധികം വൈകാതെ ബേറ്റ്സ് ഉം ഭാര്യയും സീലൻഡിൽ നിന്നും താമസം മാറി. 

The smallest nation in the world - Principality of Sea Land

ലോകത്തെ മറ്റ് പല മൈക്രോ നേഷനുകളിൽ നിന്നും അവയുടെയൊക്കെ നിലനില്പില്ലായ്മയിൽ നിന്നും സീലാൻഡിനെ വ്യത്യസ്തമാക്കുന്നത് ബേറ്റ്സ് ഫാമിലിയുടെ സ്ട്രോങ്ങ് വിൽ തന്നെയാണ്. സീലാൻഡ് സ്വതന്ത്രമായി നിലനിർത്തുന്നതിന് വേണ്ടി റോയ് ബേറ്റ്സ് ഉം ഫാമിലിയും നടത്തിയ പോരാട്ടങ്ങൾ ആണ്. റോയ് ബേറ്റ്‌സ് 2012-ൽ മരിച്ചു. മകൻ മൈക്കിൾ രാജകുമാരനാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. രാജ്യമവിടെ ഉണ്ടെന്നല്ലാതെ രാജാവ് അവിടെ ഇല്ല. അദ്ദേഹം എസെക്‌സിലാണ് താമസം. 2019 ൽ രാജ്യത്തിൻറെ അൻപതാം പിറന്നാൾ അദ്ദേഹം ആഘോഷിച്ചു. 

കടലിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടപോലെ ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തിൻറെ കഥ തുടരുകയാണ്