സമ്മര്‍ദ്ദങ്ങളും തോല്‍വിയും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങളല്ല അവയെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നതെന്ന് പലരും പറയാറുണ്ട്. പരാജയത്തിന്റെ പാതാളത്തില്‍ നിന്ന് വിജയക്കൊടുമുടി നടന്നു കയറിയവരെ നാം പലപ്പോഴും കാണാറുണ്ട്. എങ്ങനെയാണ് ഇവരിങ്ങനെ പരാജയത്തെ അതിജീവിക്കുന്നതെന്ന് നാം ആലോചിക്കാറില്ലേ? നാം കരഞ്ഞിരിക്കുമ്പോള്‍ അവര്‍ വ്യത്യസ്തരാകുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടാറില്ലേ? ചിന്തയെ എങ്ങനെ വഴിതിരിച്ചു വിടണമെന്ന് കൃത്യമായി അറിയാമെന്നതാണ് അവരുടെ വിജയരഹസ്യം.

മലകയറ്റത്തെക്കുറിച്ച് ഒരു ആപ്തവാക്യമുണ്ട്, മൂന്ന് അടി ലോകം. മല കയറ്റക്കാര്‍ ഒരിക്കലും തങ്ങള്‍ കയറാന്‍ പോകുന്ന മലയുടെ വലിപ്പമോ കാഠിന്യമോ ഒാര്‍ത്ത് വേവലാതിപ്പെടില്ല. അടുത്ത അടിവെക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളും അവ പരിഹരിക്കാന്‍ ചെയ്യാവുന്ന അടിയന്തര നടപടികളെയും കുറിച്ചായിരിക്കും അവരുടെ ആലോചന. അത് പരിഹരിച്ചാല്‍ അടുത്ത മൂന്നടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ മനോഭാവം അവരെ കൊടുമുടിവരെ ചെന്നെത്തിക്കും. ഇത് കരിയറിലും ജീവിതത്തിലും പകര്‍ത്താവുന്ന ശൈലിയാണ്.

മൂന്നടി ലോകം പോലെ മൂന്ന് നിയമങ്ങള്‍ ഇതാ. അതില്‍ ആദ്യത്തേതാണ് ഭയക്കരുത് എന്നത്. പുതിയതായി എന്തെങ്കിലും തുടങ്ങിയാല്‍ അപ്രതീക്ഷിതമായി മോശം അനുഭവങ്ങളും പ്രത്യാശയ്ക്കു വകയില്ലാത്ത സന്ദര്‍ഭങ്ങളും ഉണ്ടാകാം. അത് കേള്‍ക്കുന്ന മാത്രയില്‍ സമ്മര്‍ദ്ദം തോന്നിയേക്കാം. പക്ഷേ, അതില്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ശുഭകരമായ എന്തോ ഉണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിക്കുക. ആ പ്രശ്‌നം നേരിടാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് സമാധാനപരമായി ചിന്തിക്കുക. കാരണം ഒരു സംരംഭകനോ വിജയിക്കോ ഏറ്റവും അത്യാവശ്യമായി വേണ്ടത് അനിശ്ചിത്ത്വത്തിലും ശാന്തനായിരിക്കാനുള്ള കഴിവാണ്.

പ്രതിസന്ധികള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അത് സംഭവിച്ചുകൊണ്ടേയിരിക്കും. പക്ഷേ, അങ്ങനെ സംഭവിക്കുമ്പോള്‍ ചെയ്യാവുന്ന ഒരു കാര്യം പ്രശ്‌നങ്ങളെപ്പറ്റി ചിന്തിച്ച് കൂടുതല്‍ വഷളാകാതിരിക്കുക എന്നാണ്. അത് എത്രയും പെട്ടെന്നു പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് നോക്കേണ്ടത്. പ്രശ്ങ്ങളുടെ വ്യാപ്തിയെപ്പറ്റി കണക്കെടുക്കും തോറും അതിന്‍റെ വലിപ്പം കൂടിക്കൊണ്ടിരിക്കും. അവയെ താല്‍കാലിക തടസ്സങ്ങളായി മാത്രം കാണുക. മാറി നിന്ന് എന്തുകൊണ്ട് സംഭവിച്ചു എന്നു നോക്കുക. കാര്യങ്ങളെ മുന്‍ഗണനാക്രമത്തില്‍ മാറ്റി ചിന്തിക്കുകയും വേണം.

എപ്പോഴും തിരക്കുണ്ടായിരിക്കുക നല്ലതാണ്. പക്ഷേ, തിരക്കുണ്ടായിരിക്കുക എന്നതല്ല ഏതിലേങ്കിലും വിജയിക്കാന്‍ നല്ലത്. പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ദീര്‍ഘവീക്ഷണത്തോടെ വിജയം ഉറപ്പിക്കാനുള്ള കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം. ഇപ്പോഴത്തെ ഓരോ കാല്‍വെപ്പും ആസൂത്രണത്തിനനുസരിച്ച് വിജയത്തിലേക്ക് കൂടുതല്‍ അടിപ്പിക്കുന്നതാകണം. എന്തേങ്കിലും ചെയ്യുന്നതിലല്ല എന്ത് എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം.

എവിടെയെത്തണമെന്ന ലക്ഷ്യം ഉണ്ടാക്കി കഴിഞ്ഞാല്‍ കാടുകയറി ചിന്തിക്കാനൊന്നും പോകരുത്. മലകയറ്റക്കാരെപ്പോലെ തൊട്ടുമുന്നിലുള്ള പ്രശ്ങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മവിശ്വാസത്തോടെ അവയെ മറികടക്കുക. വിജയത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!