തൃശൂർ സെന്റ് തോമസ് കോളേജിൽ നടക്കുന്ന വൈഗ അഗ്രിഹാക്കിന്റെ ജൂറി പാനലിൽ ഒരു കൗതുകമുണ്ട്. 15 വയസ്സുകാരനായ ജൈഡൻ ജോൺ ആണ് കൗതുകമുളവാക്കുന്ന കുട്ടി കൊമ്പൻ. പ്രായം ചെന്ന പ്രഗത്ഭരായവർക്കിടയിൽ ബുദ്ധികൊണ്ട് പ്രഗത്ഭനായ ജൈഡൻ അഗ്രിഹാക്കിന്റെ വേദിയിൽ തന്റെ ചേച്ചിമാർക്കും ചേട്ടന്മാർക്കും മത്സര നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

കൃഷി, ബന്ധപ്പെട്ട ഭരണ നിർവ്വഹണ രംഗം, കാർഷിക മേഖലയിലേക്ക് യുവജന പങ്കാളിത്തം, തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ  സംഘടിപ്പിക്കുന്ന വൈഗ അഗ്രിഹാക്ക് മത്സരത്തിന്റെ വേദിയിലാണ് ജൈഡൻ ജോൺ ജൂറി പാനലിൽ ഇടം പിടിച്ചത്.

വയനാട് മേപ്പാടി സ്വദേശിയായ ജൈഡൻ 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടെ അമേരിക്കയിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി ) ഗവേഷണം ചെയ്യുകയാണ്. ആപ്പിളടക്കമുള്ള പല വമ്പൻ കമ്പനികളുടെയും പ്രൊജക്റ്റ് ജൈഡൻ ചെയ്‌ത്‌ കൊടുക്കുന്നുണ്ട്.

തീർന്നില്ല ഈ യോഗ്യനായ കുഞ്ഞൻ ജൂറിയുടെ വിശേഷണങ്ങൾ, കേരളാ പോലീസിന്റെ സൈബർ ഡോം പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ വളണ്ടിയറായി പ്രവർത്തിക്കുന്ന ജൈഡൻ, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കണ്ടെത്താനുള്ള ടെക്നോളജി കേരള പോലീസിന് വേണ്ടി വികസിപ്പിക്കുന്നുമുണ്ട്.

നഴ്‌സറി ക്ലാസ് മുതലേ കമ്പ്യൂട്ടറുമായി കൂട്ടുകൂടി വേർഡും എക്സലും തുടങ്ങി ഫോട്ടോ ഷോപ്പും വെബ് ഡിസൈനും പ്രോഗ്രാമിങ് ഭാഷകളുമൊക്കെ സ്വയമിരുന്ന് പഠിച്ചു. പിന്നീട് പല ഓൺലൈൻ ഫ്രീ കോഴ്സുകളിലും ചേർന്ന് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിലെ സൈബർ സെക്യൂരിറ്റി കോഴ്സിൽ ഉയർന്ന മാർക്കോടെ പാസ് ആയതിന് ശേഷമാണ്,  ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എത്തുന്നത്. വരും കാലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ മനസ്സിലാക്കി അതിൽ ഗവേഷണവും തുടങ്ങി. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ക്യാൻസറിനെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള പരീക്ഷണവും ജൈഡൻ നടത്തുന്നുണ്ട്.

നിർമ്മിത ബുദ്ധിക്കും സാങ്കേതികതക്കും വളരെ പ്രാധാന്യമുള്ള കാലത്ത് വെറും 15 വയസ്സുകാരന്റെ സാങ്കേതിക മികവ് ആണ് വിലയേറിയ നിർദ്ദേശങ്ങളായി ഹാക്കത്തോണിൽ പരിഗണിക്കപ്പെടുന്നത്. അഗ്രിഹാക്കിന്റെ ആവേശകരമായ വേദിയിൽ പ്രായം കൊണ്ട് കുട്ടിയായ ചെറിയ വലിയ ജൂറിയാണ് ജൈഡൻ ജോൺ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!