തൊഴിൽ രഹിതർക്ക് തൊഴിലില്ലായ്മ വേതനം നൽകുന്ന രീതി കേരളത്തിൽ നിലവിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള തൊഴിലില്ലാത്ത യുവതി-യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വേതനത്തിന് അപേക്ഷിക്കാനുള്ള യോഗ്യത ജനറൽ വിഭാഗത്തിന് എസ് എസ് എൽ സി പാസ് ആണ്. എസ് സി/എസ് ടി വിഭാഗത്തിന് എസ് എസ് എൽ സി പരീക്ഷ എഴുതിയാൽ മതി, പാസാകണമെന്നില്ല. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് 3 വർഷത്തെ സീനിയോറിറ്റി ഉള്ളവർക്ക് തൊഴിൽ രഹിത വേതനത്തിന് അപേക്ഷിക്കാം. അംഗവൈകല്യമുള്ളവർക്ക് ഇത് 2 വർഷമാണ്. അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബവാർഷിക വരുമാനം 12000 രൂപയും, വ്യക്തിഗത മാസവരുമാനം 100 രൂപയുമായിരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷ നൽകേണ്ടതും വേതനം ലഭിക്കുന്നതും. 1982 മുതൽ പദ്ധതി കേരളത്തിൽ നിലവിലുണ്ട്. ഈ പറഞ്ഞ യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ തൊഴിൽ രഹിത വേതനം ലഭിക്കാൻ നിങ്ങളും അർഹരാണ്.