𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭
പുതിയ ഒരു ഹെഡ്സെറ്റ്, ഒരു ഇയർ ഫോൺ, അതുമല്ലെങ്കിൽ ഒരു സ്‌പീക്കർ, വാങ്ങണമെന്ന് വിചാരിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസിലേക്ക് വരുന്ന ബ്രാൻഡ് ഏതാണ്? ഒരുപാട് വർഷങ്ങളുടെ ഒന്നും പാരമ്പര്യം പറയാനില്ലാത്ത, എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒരു ബ്രാൻഡ് ഉണ്ട്. Boat . അത് തന്നെയാവും നിങ്ങളുടെ മനസ്സിലേക്കും ആദ്യം കയറി വന്നത് എന്ന് വിചാരിക്കുന്നു. പറയാൻ പോകുന്നത് Boat ന്റെ കഥയാണ്. വെറും 9 വർഷം കൊണ്ട് Boat കീഴടക്കിയ ഉയരങ്ങളെക്കുറിച്ചാണ്.
Read More : The Zoho Story; ഗൂഗിളിനെയും വെല്ലുന്ന സോഹോയുടെ കഥ
അമൻ ഗുപ്ത. Boat എന്ന ആശയത്തിന് പിന്നിലെ തല. സിറ്റി ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന സി എ അമൻ ഗുപ്ത, മാർക്കറ്റിങ് മേഖലയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ജോലി രാജി വെക്കുന്നു. ശേഷം, ജെ ബി എല്ലിൽ സെയിൽസ് ഹെഡ് ആയി ജോലിയിൽ പ്രവേശിക്കുന്നു. മാർക്കെറ്റിങ്ങിൽ നിന്നും അയാളുടെ താല്പര്യം ഓഡിയോ ഇൻഡസ്ട്രിയിലേക്ക് മാറാൻ അധികം സമയം വേണ്ടി വന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തോടൊപ്പം ജെ ബി എല്ലിലെ സേവനം മതിയാക്കി അമൻ 2016 സമീർ മേത്ത എന്ന സുഹൃത്തിനോടൊപ്പം ‘Boat Lifestyle ‘ ആരംഭിച്ചു. മൂലധനമായി രണ്ടുപേരും ചേർന്ന് നിക്ഷേപിച്ചതാകട്ടെ 30 ലക്ഷം രൂപയും.
തുടക്കം ഐ ഫോണുകളുടെ ചാർജിങ് കേബിളുകളിൽ നിന്നായിരുന്നു. പെട്ടെന്ന് പൊട്ടിപോകുമായിരുന്ന കേബിളുകൾക്ക് പകരം പൊട്ടാത്ത, മികച്ച ക്വാളിറ്റിയുള്ള കേബിളുകൾ കുറഞ്ഞ വിലക്ക് മാർക്കെറ്റിലെത്തിച്ചുകൊണ്ട് ബോട്ട് കളത്തിലിറങ്ങി. വില്പന ഇ കോമേഴ്‌സ് സൈറ്റുകളിലൂടെ ആയിരുന്നു. ബോട്ട് എന്ന ബ്രാൻഡ് സ്ഥാപിക്കാൻ ഇതിലൂടെ അവർക്ക് നിഷ്പ്രയാസം സാധിച്ചു.
Read More : OCEN; ചെറുകിട സംരംഭകർക്ക് ഇനി ഇൻസ്റ്റന്റ് ലോൺ
അടുത്തതായി അവർ ഉന്നം വെച്ചത്, ഓഡിയോ ഇൻഡസ്ട്രിയിലെ ആരും അഡ്രസ് ചെയ്യാതിരുന്ന ആ എക്കണോമിക്കൽ ഗ്യാപ്പായിരുന്നു. ഇൻഡസ്ട്രി അടക്കി വാണിരുന്ന ബ്രാൻഡുകളൊക്കെ പതിനയ്യായിരത്തിനും പതിനായിരത്തിനും ഇയർഫോണുകളും സ്‌പീക്കറുകളും വിറ്റുകൊണ്ടിരുന്ന മാർക്കെറ്റിലേക്ക് ബോട്ട് ആയിരവും രണ്ടായിരവും രൂപയുടെയും അതിൽ താഴെയും വില വരുന്ന പ്രൊഡക്ടുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന വിദ്യാർത്ഥികളും സാധാരണക്കാരുമായ മിഡിൽ ക്ലാസ് കമ്മ്യൂണിറ്റിയെ അത് സ്വാധീനിച്ചു. മികച്ച ക്വാളിറ്റി, അഫൊർഡബിൾ പ്രൈസ് അതായിരുന്നു ബോട്ട് മുന്നോട്ട് വെച്ച ആശയം.
പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികളുടെ കയ്യിലും സ്മാർട്ട്ഫോൺ ഉണ്ടാകുമെന്നും അവരൊക്കെ ഇയർഫോണിന്റെ ആവിശ്യക്കാരാണെന്നും, ആ ആവിശ്യം നിറവേറ്റാൻ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും പ്രൊഡക്ടുകൾക്ക് ആവില്ല എന്നുമുള്ള അമൻ ഗുപ്തയുടെയും സമീർ മേത്തയുടെയും അറിവാണ് ബോട്ടിന് അടിത്തറ പാകിയത്. ആദ്യം ഓൺലൈനിൽ തുടങ്ങിയ വില്പന പിന്നീട് ഓഫ്‌ലൈൻ ആയി. പിന്നീട് ആരംഭിച്ച ഹോം ഡെലിവറി സെർവിസും ബ്രാൻഡിനെ കൂടുതൽ ജനപ്രിയമാക്കി.
വയേർഡ്- വയർലെസ് ഇയർ ഫോണുകൾ, ഹെഡ് ഫോണുകൾ, സ്പീക്കറുകൾ, സ്മാർട്ട് വാച്ചുകൾ, ട്രിമ്മറുകൾ എന്നിങ്ങനെ നീളുന്നു ബോട്ട് ലൈഫ്‌സ്റ്റൈൽ പ്രൊഡക്ടുകൾ. ഇയർവെയർ കാറ്റഗറിയിൽ ഇന്ന് 41.7 % ഷെയറോടുകൂടി മാർക്കറ്റിൽ ഒന്നാം സ്ഥാനത്തുള്ളതും ബോട്ട് ലൈഫ്സ്റ്റൈൽ ആണ്. 350 രൂപ മുതൽ 550 രൂപ വരെ വില വരുന്ന വയേർഡ് ഇയർഫോണുകൾ ബോട്ടിന്റെതായി വിപണിയിലുണ്ട്. 2000 രൂപ വിലവരുന്ന ബോട്ട് സ്റ്റോൺ പോലുള്ള സ്‌പീക്കറുകളും ഉണ്ട്. മറ്റ് ബ്രാൻഡുകൾ 5000 രൂപയ്ക്ക് സ്‌പീക്കർ അവതരിപ്പിക്കുമ്പോഴാണ് കുറഞ്ഞ വിലയ്ക്ക് മികച്ച ക്വാളിറ്റി പ്രോഡക്റ്റ് ബോട്ട് അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ ബോട്ട് ഇത്രയും ആഴത്തിൽ ചുവടുറപ്പിച്ചതിന് പിന്നിലെ കാരണവും അത് തന്നെ. ഇന്ന് ലോകത്തെ തന്നെ അഞ്ച് മികച്ച ഓഡിയോ ഇലക്ട്രോണിക് ബ്രാൻഡുകളെടുത്താൽ അതിലൊന്ന് ബോട്ട് ആണ്.
READ MORE : ബിറ്റ് കോയിനെ വെല്ലാൻ ഇന്ത്യയുടെ ഇ – റുപ്പി?
വിജയങ്ങളുടെ മാത്രം പാതയിലായിരുന്നില്ല അമന്റെ സഞ്ചാരം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചാറ്റേർഡ് അക്കൗണ്ടന്റുകളിൽ ഒരാളായിരുന്ന അമന് പക്ഷെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സി എ യിലുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. എങ്കിലും കോഴ്സ് പൂർത്തിയാക്കി. സിറ്റി ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കി. മാർക്കെറ്റിങ്ങിലെ താല്പര്യം അമനെ അച്ഛനോടൊപ്പം ബിസിനസ് ആരംഭിക്കുന്നതിലേക്ക് നയിച്ചു. അഡ്വാൻസ്ഡ് ടെലി മീഡിയ എന്ന സ്ഥാപനത്തിന്റെ കോ ഫൗണ്ടറും സി ഇ ഓ യുമായിരുന്നു അമൻ ഗുപ്ത. പക്ഷെ ബിസിനസിൽ നേട്ടമുണ്ടായില്ല. അതിൽ നിന്നും പാഠമുൾക്കൊണ്ട് അമൻ ഭാര്യയുടെ നിർദേശമനുസരിച്ച് എം ബി എ പഠിച്ചു. ഫിനാൻസ് ആൻഡ് സ്ട്രാറ്റജി എം ബി എ ബിരുദമെടുത്തതിന് ശേഷമാണ് അമൻ ഗുപ്ത ജെ ബി എല്ലിൽ എത്തുന്നതും പിന്നീട് ബോട്ട് എന്ന ബ്രാൻഡ് പടുത്തുയർത്തുന്നതും.
അമൻ ഗുപ്തയുടെയും ബോട്ടിന്റെയും കഥയിൽ നിന്നും നമുക്കൊരുപാട് പഠിക്കാനുണ്ട്. തോൽവികളിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നേറാൻ തയ്യാറായ അമൻ ഗുപ്തയുടെ മനസും, അതുപോലെ മാർക്കറ്റിലെ ഗ്യാപ്പുകൾ കണ്ടറിഞ്ഞ് വിജയം നേടുന്ന ബോട്ട് സ്ട്രാറ്റജിയും. രണ്ടും നൽകുന്ന ഊർജം ചെറുതല്ല. ചുരുങ്ങിയ വർഷങ്ങൾകൊണ്ട് ഇന്ത്യയിൽ നിന്നും ലോകത്തിലെ തന്നെ മികച്ച ബ്രാൻഡുകളിൽ ഒന്നായി വളരാൻ ബോട്ടിനു സാധിച്ചതിന്റെ പിന്നിലെ രഹസ്യവും അത് തന്നെ.