എച്ച്.എല്‍.എല്‍.ലൈഫ് കെയര്‍ ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രൊഫഷണല്‍, സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ മെഡിസിന്‍, എന്‍ജിനിയറിങ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐ.ടി.ഐ. കോഴ്‌സുകള്‍ പഠിക്കുന്ന, തിരുവനന്തപുരം ജില്ലക്കാരായ ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ, ബി.ഫാം, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ് തുക. ഐ.ടി.ഐ. വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ ലഭിക്കും.
ഓരോ വിഭാഗത്തിലും 5 സ്‌കോളര്‍ഷിപ് വീതമാണ് നല്‍കുന്നത്. പഠനകാലയളവ് മുഴുവന്‍ തുക ലഭിക്കും. വരുമാനം തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌കോളര്‍ഷിപ് കാലയളവില്‍ വര്‍ഷം തോറും പഠനമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
അപേക്ഷാഫോറം എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഓഫിസുകളില്‍ നിന്നോ www.lifecarehll.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. അസോസിയേറ്റ് വൈസ് പ്രസിഡന്റ് (HR), എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പറേറ്റ് ആന്‍ഡ് രജിസ്‌ട്രേഡ് ഓഫിസ്, എച്ച്.എല്‍.എല്‍. ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ ഒക്ടോബർ 30നകം അപേക്ഷകള്‍ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471 2354949 എന്ന നമ്പറിൽ ബന്ധപ്പെടാം.