അധിനിവേശ സസ്യങ്ങളും ജീവികളും ലോകത്തിന്റെ തനത് പരിസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിൽ ഉള്ള കുറെ സംഭവങ്ങൾ നമ്മൾക്ക് കേട്ടറിവുള്ളതാണ്. അതുപോലെയാണ് ലോകത്തിലെ ഏറ്റവും വലിയ വേലിയായ മുയൽ ചാടാ വേലി (rabbit proof fence) യുടെ ചരിത്രത്തിൽ മുയലുകളുടെ സ്ഥാനം. ഓസ്‌ട്രേലിയയിലെ മുയൽ ചാട വേലി മുയലുകളെ കൊണ്ട് പൊറുതി മുട്ടിയ ഒരു ജനതയെ സംരക്ഷിക്കാനുള്ളതായിരുന്നു. ഓസ്‌ട്രേലിയ ഭൂഖണ്ഡത്തിന്റെ തെക്കു-വടക്ക് ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്.

ഓസ്‌ട്രേലിയൻ ഭൂഖണ്ഡം നേരിട്ട മുയൽ അധിനിവേശം ലോകത്ത് സമാനതകളില്ലാത്ത ദുരുന്തമായിരുന്നു സൃഷ്ട്ടിച്ചത്. തെക്കന്‍ സംസ്ഥാനമായ വിക്ടോറിയയിലെ വിന്‍ചെല്‍സിയില്‍ തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്റെ മുയല്‍വേട്ടയ്ക്കുള്ള മോഹമാണ് ദുരന്തത്തിന് തുടക്കം കുറിച്ചത്. 1859ല്‍ ഇംഗ്ലണ്ടില്‍നിന്നുള്ള 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം ഓസ്റ്റിന്‍ തുറന്നുവിട്ടു. വേഗത്തില്‍ പെറ്റുപെരുകിയ കാട്ടുമുയലുകള്‍ രണ്ടുവര്‍ഷം കൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവന്‍ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിക്കുകയായിരുന്നു. മുയലുകളില്ലാത്ത ഭൂഖണ്ഡമായിരുന്നു ഓസ്‌ട്രേലിയ. അഞ്ചുകോടി വര്‍ഷത്തെ ഒറ്റപ്പെടലില്‍ കഴിഞ്ഞ ആ ഭൂഖണ്ഡത്തില്‍ മുയലുകളെ നശിപ്പിക്കാന്‍ കഴിയുന്ന ഒറ്റ രോഗാണുവോ ജീവിയോ ഉണ്ടായിരുന്നില്ല. മുയലുകള്‍ക്ക് കണക്കില്ലാതെ പെറ്റുപെരുകാന്‍ ഇത് അനുകൂല സാഹചര്യമൊരുക്കി.

Photo credit : Amusing planet.com

ഇത് വലിയ ദുരന്തത്തിലേക്കുള്ള വഴിയായിരുന്നു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉള്‍പ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീര്‍ത്ത് ലക്ഷക്കണക്കിന് മുയലുകള്‍ കൂറ്റന്‍ തിരമാല പോലെ മുന്നേറി. പ്രതിവര്‍ഷം 75 കിലോമീറ്റര്‍ വീതമായിരുന്നു അവയുടെ വ്യാപനം ! 1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ല്‍സിലേക്കും വ്യാപിച്ചു. 1890 ഓടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും മുയല്‍ ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു.

പച്ചപ്പ് നില നിർത്തിയിരുന്ന പല സസ്യങ്ങളും കൃഷിയിടങ്ങളും മുയലുകൾ തിന്ന് തീർത്തതോടെ ആടുകളും മറ്റു മാടുകളും മേച്ചിൽ പുറങ്ങൾ തേടി അകലങ്ങളിലേക്ക് പോകേണ്ടി വന്നു. ഇത് പരിസ്ഥിതിക്ക് ആഘാതമായി ബാധിച്ചു. പെർത്ത് നഗരം ഉൾപ്പെടുന്ന മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണ് ‘മുയല്‍ചാടാ വേലി’.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റര്‍ നീളം ! വലിയ പ്രതീക്ഷയോടെയാണ് നിര്‍മിച്ചതെങ്കിലും, വേലി പരാജയമായി. കാരണം, മുയലുകള്‍ അതിനകം പടിഞ്ഞാറന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു. ഒടുവില്‍ 1950ല്‍ ‘മൈക്‌സോമ വൈറസി’ നെ ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയല്‍ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇതിന്റെ പ്രത്യാഘാതങ്ങൾ തുടർന്നും ഓസ്‌ട്രേലിയൻ ജനത അനുഭവിച്ചിരുന്നു. മുയലുകളെ തുരത്താൻ നിർമിച്ച മുയൽ ചാട വേലി പരാജയ പെട്ടെങ്കിലും ഇന്നും ലോകത്തിലെ ഏറ്റവും വലിയ വേലിയായി ഇത് അറിയപ്പെടുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!