ഫെബ്രുവരി 19 ഇന്ത്യന്‍ സമയം 2.28 AM, നാസാ കേന്ദ്രത്തില്‍ നിന്ന് ആഹ്ലാദത്തിന്റെ ആരവങ്ങള്‍ മുഴങ്ങി. റോവറിന്റെ ആള്‍റ്റിറ്റ്യൂട്, കണ്ട്രോള് മേധാവി ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ട്വീറ്റ് ചെയ്തു ‘ഇതാ നിലം തൊട്ടിരിക്കുന്നു’. അഭിമാന പദ്ധതിയായ പെര്‍സീവിയറന്‍സ് റോവര്‍ ആദ്യഘട്ടം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു നാസ.
2020 ജൂലൈ 30 ന് വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് ചൊവ്വയിലെത്തിയിരിക്കുന്നു. ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക, മനുഷ്യന്റെ ചൊവ്വാ യാത്രയുടെ ഭാവി സാധ്യതകള്‍ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജസീറോ ക്രേറ്ററില്‍ പെര്‍സീവിയറന്‍സ് ഇറങ്ങി.
270 യു എസ് ഡോളര്‍ ചിലവില്‍ നിര്‍മിച്ച റോവറിന്റെ ഭാരം 1025 കിലോഗ്രാമും, നീളം 3.048 മീറ്ററും, ഉയരം 2.13 മീറ്ററുമാണ്. മാസ്കോം, സൂപ്പര്കോം, പിക്സല്‍ തുടങ്ങി എട്ടോളം പ്രധാന പരീക്ഷണ ഉപകരണങ്ങള്‍ കൂടി റോവറിലുണ്ട്.

അത് പോലെ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററും ഇത് വഹിക്കുന്നുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ പറക്കല്‍ സാധ്യമാണോ എന്ന് പരീക്ഷിക്കലാണ് ഈ ഹെലികോപ്റ്റര്‍ ചെയ്യുക. ചൊവ്വയുടെ ആകാശത്ത് പറക്കുന്ന ആദ്യ മനുഷ്യ നിര്‍മിത വസ്തുകൂടിയായ ഹെലികോപ്റ്റര്‍ ആണിത്.
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുക എന്ന ലക്ഷ്യത്തിനപ്പുറം അവിടെയുള്ള കാലാവസ്ഥയുടെ സവിശേഷതകള്‍ പഠിക്കുക, ജീവന് നില നില്ക്കാന് അനുകൂലമായ കാലാവസ്ഥ ചൊവ്വയില്‍ മുമ്പുണ്ടായിരുന്നോ എന്ന് കണ്ടെത്തുക, ചൊവ്വയിലെ പാറക്കല്ലുകള്‍ പരിശോധിച്ച്, ചൊവ്വോപരിതലത്തിലെ കാലങ്ങളായുള്ള മാറ്റം മനസ്സിലാക്കുക, ചൊവ്വയുടെ അന്തരീക്ഷത്തിലെ കാര്ബണ്ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റാന്‍ കഴിയുമോ എന്ന് പരീക്ഷിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഈ റോവര്‍ ചെയ്യുന്നു. നിലവില്‍ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവര്‍ ആണ് പെര്‍സീവിയറന്‍സ്. ഇതിന് മുമ്പ് സോജണ്, ഓപ്പര്‍ച്ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി തുടങ്ങിയ റോവറുകള്‍ ചൊവ്വയിലെത്തിരുന്നു.