Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഡ്രോണ്‍ പറത്തി പടം പിടിക്കലൊക്കെ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ഒരു സമയമാണ് ഈ കോവിഡ് കാലം എന്നത്. സാമൂഹിക അകലം പാലിക്കാതെ കുറ്റി കാട്ടിലും മറ്റും ഒളിഞ്ഞിരിക്കുന്നവരെ വരെ ഡ്രോണ്‍ പറത്തി ഓടിപ്പിച്ച് വിട്ട കേരളാ പോലീസിനേയും നമ്മള്‍ കണ്ടതാണ്.

ഡ്രോണ്‍ പറത്തി പടം പിടിക്കലും മറ്റും ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഏറ്റവും ഗുണം ചെയ്യുക. പക്ഷെ എല്ലാവര്‍ക്കും ചുമ്മാതങ്ങ് ഡ്രോണ്‍ പറത്താനാവില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിന് പ്രത്യേക ലൈസന്‍സ് എല്ലാം വേണം. അങ്ങനെ ലൈസന്‍സ് കിട്ടാതെ വലയുന്ന ഫോട്ടോഗ്രഫര്‍മാര്‍ക്കുള്ള ശുഭവാര്‍ത്തയാണ് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അംഗീകാരത്തോടെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഡ്രോണ്‍ പറത്തല്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു എന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ചില അനുമതികള്‍ കൂടി കിട്ടിയാല്‍ ഓഗസ്റ്റ് 15 ന് അകം കോഴ്‌സ് ആരംഭിക്കാനാകുമെന്ന് ചെന്നൈ അണ്ണാ സര്‍വകലാശാല എയ്‌റോ സ്പേസ് റിസര്‍ച് സെന്റര്‍ പ്രഫസറും ഡയറക്ടറുമായ ഡോ. കെ. സെന്തില്‍കുമാര്‍ അറിയിച്ചു.

അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലെ സ്വയംഭരണ കോളജാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. 12 ദിവസം മാത്രമുള്ള തീവ്ര പരിശീലന പദ്ധതിയില്‍ പ്രാക്ടിക്കലിനായിരിക്കും ഊന്നല്‍. 18 – 60 പ്രായക്കാര്‍ക്കു പങ്കെടുക്കാം.

ഡ്രോണ്‍ ഉപയോഗത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥകളില്‍ ഊന്നിയായിരിക്കും സിലബസ്. ഡിജിസിഎ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരിക്കും എംഐടി. ഫൊട്ടോഗ്രഫര്‍മാരുടെ ക്ലബ്ഹൗസ് കൂട്ടായ്മയായ വിഷ്വല്‍ വോയ്‌സ് ചര്‍ച്ചയിലാണ് ഡോ. സെന്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍നിന്ന് www.annauniv.edu അറിയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!