Siva Kumar
Management Skills Development Trainer, Dubai

സ്വപ്നം കാണാത്തവരുണ്ടാവില്ല, പ്രത്യേകിച്ചും ദിവാസ്വപ്നങ്ങള്‍. വലിയ വീട്, കാറ്. ഉയര്‍ന്ന ബിരുദം, ഉദ്യോഗം, പണം, പ്രശസ്തി, വിദേശ ജോലി, യാത്രകള്‍ തുടങ്ങിയ ധാരാളം സ്വപ്നങ്ങള്‍ ഏവര്‍ക്കുമുണ്ടാകും. പക്ഷേ മിക്കവരുടെയും സ്വപ്നങ്ങള്‍, വെറും സ്വപ്നങ്ങളായിത്തന്നെ അവശേഷിക്കുകയാണ് പതിവ്. അതുകൊണ്ടാണ് സ്വപ്നങ്ങള്‍ എങ്ങിനെ യാഥാര്‍ത്ഥ്യമാക്കാം, എന്നതിനെക്കുറിച്ചുള്ള ചിന്തക്ക് പ്രാധാന്യമേറുന്നത്.

സ്വപ്നങ്ങള്‍ എന്തുമാവട്ടെ, അത് നമ്മുടെ ലക്ഷ്യമായി മാറുമ്പോഴാണ്, അവ യാഥാര്‍ത്ഥ്യത്തിന്റെ പാതയിലേക്ക് വരുന്നത്. അവ നേടിയെടുക്കാന്‍, പിന്നീടുള്ള  നമ്മുടെ പ്രയത്‌നങ്ങള്‍ മുഴുവന്‍ ആ ഒരു ലക്ഷ്യത്തിലെത്താനായുള്ളതാവണം.

വെറുതെ പ്രയത്‌നിച്ചാല്‍ മാത്രം പോര, കൂടെ കൂടെ പെന്‍സിലിനെ ഓര്‍ക്കുകയും വേണം. കാരണം, വിജയത്തിന് വേണ്ടി എങ്ങിനെ പ്രയത്‌നിക്കണം എന്ന് പെന്‍സില്‍ നമ്മോട്, പറയാതെ പറയുന്നുണ്ട്.

കൂര്‍പ്പിക്കാത്ത പെന്‍സില്‍ കൊണ്ട്, കടലാസില്‍ സുഷിരം വീഴ്ത്തുന്നത് എളുപ്പമല്ല. എന്നാല്‍ മുന കൂര്‍പ്പിച്ച പെന്‍സിലാണെങ്കില്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. നമ്മള്‍  പ്രയോഗിക്കുന്ന മുഴുവന്‍  ശക്തിയും, അഥവാ പ്രയത്‌നവും ഒരു ചെറിയ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നത് കൊണ്ട് കടലാസിനെ തുളച്ചുകയറാന്‍ പെന്‍സിലിന് എളുപ്പം കഴിയുന്നു.

അതുപോലെ, നമ്മുടെ ശക്തിയും, ഗുണങ്ങളും, കഴിവുകളും, അറിവുകളും, ബന്ധങ്ങളും, ഒരു കാര്യത്തിനു വേണ്ടി, ഒരു ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ചാല്‍, ലക്ഷ്യത്തിലെത്തുകയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. സൂര്യപ്രകാശം കൊണ്ട് കടലാസിന് തീ പിടിക്കുകയില്ല. എന്നാല്‍ സൂര്യപ്രകാശത്തെ ഒരു ലെന്‍സ് ഉപയോഗിച്ച് ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ കടലാസ് കത്തുന്നത് കാണാം.

പ്രയത്‌നിക്കാതെ, ശരിയായ രീതിയില്‍ പ്രവൃത്തിക്കാതെ, ഒരു സുപ്രഭാതത്തില്‍ നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും എന്നു കരുതി കാത്തിരിക്കുന്നവര്‍, ജീവിതാവസാനം വരെ കാത്തിരിക്കാന്‍ മാത്രം വിധിയുള്ളവരാണ് എന്ന വസ്തുത, നമ്മള്‍ ഉള്‍ക്കൊള്ളുക തന്നെ വേണം.

പ്രയത്‌നത്തിലൂടെ മനുഷ്യന് അസാദ്ധ്യമായ കാര്യങ്ങള്‍ കുറവാണെന്ന് പറയാം. ഗോളാന്തര യാത്രകള്‍ വരെ നടത്താന്‍ ശേഷിയുള്ള മനുഷ്യന്, മറ്റു ചെറിയ കാര്യങ്ങള്‍ ഒക്കെ നിസ്സാരമാണ്. ആദ്യം തന്നെ, എനിക്കതിന് കഴിയില്ല എന്ന ചിന്ത മാറി, തീര്‍ച്ചയായും എനിക്ക് സാധിക്കും എന്ന് മനസ്സിലാക്കണം, ഉറച്ച് വിശ്വസിക്കണം. ആ വിശ്വാസമാണ് നമ്മുക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജമായി മാറുന്നത്.

പലപ്പോഴും പലരും നമ്മെ, നിരുത്സാഹപ്പെടുത്തിയെന്നോ, പിന്തിരിപ്പിച്ചെന്നോ വരാം. പക്ഷേ ജീവിതം, ഒന്നേയുള്ളു, അത് നമ്മുടേതാണ്. നമ്മളാരാവണം, എന്താവണം, എന്തൊക്കെ നേടണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. നേട്ടങ്ങളും വിജയങ്ങളും  നമ്മുടെ ആവശ്യവും അവകാശവുമാണ്.

ഇത്തരത്തില്‍ ചില നിരുത്സാഹപ്പെടുത്തലുകള്‍ തൃണവല്‍ഗണിച്ച്,  ലക്ഷ്യം നേടിയ ചെറുപ്പക്കാരനാണ്, കോട്ടയം ജില്ലയില്‍ നിന്നും സിവില്‍ സര്‍വ്വീസിലെത്തിയ Joseph K Mathew. പത്രങ്ങളുടെയും ചാനലുകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ജോസഫ് ഇപ്പോള്‍ സിവില്‍ സര്‍വ്വീസ് ട്രൈയിനിംഗിലാണ്. ട്രോമാ കെയറില്‍ നിന്നും സിവില്‍ സര്‍വ്വീസിലേക്ക്, നഴ്‌സിംഗ് ജോലിയില്‍ നിന്നും സിവില്‍ സര്‍വ്വീസിലേക്ക്, തോല്‍ക്കാന്‍ തയ്യാറാവാത്ത മനസ്സുമായി, ഉയരങ്ങള്‍ എത്തിപ്പിടിക്കുന്ന ജോസഫ്, എന്നൊക്കെയായിരുന്നു പത്രങ്ങള്‍ എഴുതിയ തലക്കെട്ടുകള്‍.

തികച്ചും സാധാരണ കുടുംബത്തില്‍ ജനിച്ച്, സാധാരണ സ്‌കൂളുകളില്‍ പഠിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ BSc നഴ്‌സിംഗ് കഴിഞ്ഞ്, ദല്‍ഹി എയിംസില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുമ്പോഴാണ്, സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം ജിജോ  എന്നു വിളിക്കുന്ന ജോസഫിന്റെ ലക്ഷ്യമായി  മാറിയത്. 12 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന, മിനുട്ടുകള്‍ പോലും വിശ്രമമില്ലാത്ത അത്യാഹിത വിഭാഗത്തിലെ ജോലി, ആഴ്ചകള്‍ തോറും മാറിമറിയുന്ന രാത്രി പകല്‍ ഷിഫ്റ്റുകള്‍ എന്നിവ കാരണം, ഏതെങ്കിലും സിവില്‍ സര്‍വ്വീസ്  അക്കാഡമിയെപ്പോലും ആശ്രയിക്കാൻ കഴിയാതെയായി.

പക്ഷേ, തന്റെ സ്വപ്നത്തെ വെറും സ്വപ്നമായി അവശേഷിപ്പിക്കാന്‍ ജോസഫ് തയ്യാറല്ലായിരുന്നു. കിട്ടുന്ന സമയം മുഴുവന്‍ റൂമിലിരുന്ന് തന്നെ പഠിച്ചു.

ആദ്യ തവണ, പ്രിലിമിനറിയും മെയിനും ജയിച്ചു കയറി, പക്ഷേ ഇന്റര്‍വ്യൂവില്‍ തട്ടി സ്വപ്നം പൊലിഞ്ഞു. രണ്ടാമതും ശ്രമിച്ചു, പക്ഷേ കിട്ടിയില്ല. മൂന്നാമതും ശ്രമച്ചിട്ടും, സിവില്‍ സര്‍വ്വീസിന്റെ വാതില്‍ തുറന്നില്ല. അപ്പോഴാണ് പലരും നിരുത്സാഹപ്പെടുത്താന്‍ തുടങ്ങിയത്. വിദേശത്ത് നല്ല ജോലി തരപ്പെടുത്തിയ കൂട്ടുകാര്‍ പലവട്ടം ക്ഷണിച്ചെങ്കിലും തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്‍മാറാന്‍ ആ ചെറുപ്പക്കാരന്‍ തയ്യാറായിരുന്നില്ല. ജോലിയിലെ മികച്ച പ്രവര്‍ത്തനം മൂലം അധിക ഉത്തരവാദിത്തങ്ങളും ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സമയം അപഹരിച്ചു.

പൂറ്റിങ്ങല്‍ വെടിക്കെട്ടപകടമുണ്ടായ സമയത്ത് പ്രധാനമന്ത്രിയോടൊപ്പം കേരളത്തിലെത്തിയ വിദഗ്ദ മെഡിക്കല്‍ സംഘത്തിലും ജിജോയുണ്ടായിരുന്നു.

പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട്, ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിച്ച ജോസഫ്, സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള, തന്റെ കഴിവില്‍ ഉറച്ചു വിശ്വസിച്ചു. പക്ഷേ നാലാമതും തോല്‍വിയറിഞ്ഞ, ജിജോയുടെ ചുണ്ടില്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറഞ്ഞ് തിരിഞ്ഞു നടന്ന കുറുക്കന്റെ കഥയല്ല, മറിച്ച് ‘പരിശ്രമിച്ചീടുകിലെന്തിനേയും, കരഗതമാക്കാന്‍ കഴിവുള്ള വണ്ണം ‘ എന്ന ഗാനമാണുണ്ടായിരുന്നത്.

തന്റെ സര്‍വ്വകഴിവുകളും പ്രയത്‌നവും ഒരേയൊരു ലക്ഷ്യത്തിലേക്ക് ചുരുക്കിയ ജോസഫ് എന്ന ചെറുപ്പക്കാരന് മുന്നില്‍, ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ വാതില്‍ മലര്‍ക്കെ തുറന്നു. ഒരു അക്കാദമിയിലും പഠിക്കാതെ, പ്രതികൂല സാഹചര്യത്തില്‍ നിന്നു കൊണ്ട് ജോസഫ്  നേടിയ സിവില്‍ സര്‍വ്വീസ്,  പത്തരമാറ്റ് തിളക്കമുള്ളതാണ്. സാമൂഹിക മാധ്യമങ്ങളിൽ സജീവമല്ലെങ്കിലും, സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്നവര്‍ക്ക്  മാര്‍ഗ്ഗ നിര്‍ദ്ധേശവും പ്രോത്സാഹനവും നല്‍കാന്‍ സമയം കണ്ടെത്തുന്ന വ്യക്തി കൂടിയാണദ്ധേഹം.

സ്വപ്നസാക്ഷാത്ക്കാരവും നേട്ടങ്ങളും വിജയങ്ങളും നമ്മുടെ അവകാശമാണ്. അതിനെ ഉപേക്ഷിക്കാതിരിക്കുക.

ജീവിതം, പൊരുതാനുള്ളതാണ്, പൊരുതി നേടാനുള്ളതാണ്. സ്വപ്ന സാക്ഷാത്കാരത്തിനായി, ലക്ഷ്യം നേടാനായി പൊരുതുന്ന, യത്‌നിക്കുന്ന ഏവര്‍ക്കും വിജയാശംസകള്‍!  നിങ്ങള്‍ ഉറപ്പായും ലക്ഷ്യം നേടിയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here