ദേശീയ കൈത്തറി ദിനം ആചരിച്ചു തുടങ്ങുന്നത് 2015 ലാണ്. ആദ്യ കൈത്തറി ദിനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നെയ്ത്തുകാരെ അഭിനന്ദിക്കുന്നതിനും കൈത്തറി കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആഘോഷിച്ചു തുടങ്ങിയത്.

എല്ലാ വര്‍ഷവും ഓഗസ്റ്റ് 7ന് രാജ്യമെമ്പാടും കൈത്തറി ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ സാമൂഹി സാമ്പത്തിക വളര്‍ച്ചയില്‍ കൈത്തറി വ്യവസായം വഹിക്കുന്ന പങ്ക് എന്താണെന്നുള്ളതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം.

ചരിത്രം ഇങ്ങനെ

2015 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 7ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു. ചെന്നൈ മദ്രാസ് സര്‍വകലാശാലയില്‍ 2015 ഓഗസ്റ്റ് 7ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യ ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

എന്തുകൊണ്ട് ഈ ദിനം ?

സ്വദേശി പ്രസ്ഥാനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഓഗസ്റ്റ് 7 കൈത്തറി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന പ്രതിഷേധമായിരുന്നു സ്വദേശി പ്രസ്ഥാനം. 1905 ഓഗസ്റ്റ് 7ന് കല്‍ക്കട്ടയിലെ ടൗണ്‍ ഹാളില്‍ സ്വദേശി പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു.

പ്രധാന പരിപാടികള്‍

ഈ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം പരിപാടികളും പ്രദര്‍ശന വില്‍പ്പന മേളകളും സംഘടിപ്പാറുണ്ട്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ ഈ പരിപാടികള്‍ നീണ്ടു നില്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here