ടൂത്ത്പേസ്റ്റ് എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാതെ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ദന്തസംരക്ഷണം എന്നത് ഇന്നത്തെ കാലത്ത് എല്ലാവർക്കും പ്രധാനമാണ്. അതുകൊണ്ടുതന്നെ വിപണിയിൽ വിവിധയിനം നിറങ്ങളിലും മണങ്ങളിലും ടൂത്ത്പേസ്റ്റ് ഇറങ്ങുന്നതിൽ അശ്ചര്യപ്പെടാനില്ല.

ഒരു ടൂത്ത്പേസ്റ്റ് വാങ്ങുമ്പോൾ നമ്മൾ സാധാരണയായി നോക്കുന്നത് അതിലെ ചേരുവകൾ, എക്സ്പ്പയറി ദിവസം, അതിലെ ആരോഗ്യപരമായ പ്രയോജനങ്ങൾ, രുചി എന്നിവയൊക്കെയാണ്. ‘പല്ല് വെളുപ്പിക്കുന്നു’, ‘പോടിനെതിരെ പൊരുതുന്നു’, ‘കറ നീക്കം ചെയ്യുന്നു’, മുതലായ ചില പരസ്യങ്ങളും ടൂത്ത്പേസ്റ്റിന്റെ കവറുകളിൽ നമുക്ക് കാണാവുന്നതാണ്.

അതോടൊപ്പം തന്നെ നമുക്ക് കാണാവുന്നതാണ് ടൂത്ത്പേസ്റ്റിന്റെ ട്യൂബിന്റെ അടിയിൽ, ചതുരാകൃതിയിൽ പല നിറങ്ങളിലുള്ള വരകൾ.

Toothpaste Color Codes

അവയിൽ പ്രധാനമായും കാണപ്പെടുന്നത് പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ്. ശെരിക്കും എന്താണിവ? എന്തിനാണിവ ഉപയോഗിച്ചിരിക്കുന്നത്? ഇതിന്റെ ഉപയോഗം മൂലം എന്ത് പ്രയോജനമാണുള്ളത്?

അഭ്യൂഹങ്ങൾ

ഈ നിറങ്ങളെ പറ്റി പല അഭ്യൂഹങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതിൽ ചില ഫോട്ടോകളും വീഡിയോകളും അവകാശപ്പെടുന്നത് ഈ നിറങ്ങൾ അതാതു പേസ്റ്റിലെ ചേരുവകളെ സൂചിപ്പിക്കുന്നു എന്ന്.

അവരുടെ അവകാശ വാദം പച്ച നിറമുള്ള ടൂത്ത്പേസ്റ്റ് ആണെങ്കിൽ അവ പ്രകൃതിദത്തം ആണെന്നും അത് നിർമാതാവിനും ഉപഭോക്താവിനും പെട്ടെന്ന് മനസ്സിലാക്കാനും വേണ്ടിയാണെന്നാണ്. അതോടൊപ്പം തന്നെ നീല നിറമാണെങ്കിൽ അവ പ്രകൃതിദത്തവും ഒപ്പം തന്നെ മരുന്നുകളുടെയും ഒരു മിശ്രണം ആണെന്നും, ചുവപ്പ് നിറം പ്രകൃതിദത്തവും ഒപ്പം രാസപദാർത്ഥങ്ങളുടെയും മിശ്രണം ആണെന്നും, കറുപ്പ് നിറം ആണെങ്കിൽ മുഴുവനും രാസപദാർത്ഥം കൊണ്ട് മാത്രമാണ് ടൂത്ത്പേസ്റ്റ് നിർമിച്ചത് എന്നുമാണ്.

എന്നാൽ ഇവയിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ല എന്നുതന്നെ പറയേണ്ടി വരും. കാരണം ഈ അറിവ് സാമൂഹ്യമാധ്യമങ്ങളിൽ പരത്തുന്ന ഒരു മിഥ്യാധാരണ മാത്രമാണിത്.

നിജസ്ഥിതി

പലരും ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് ഈ നിറങ്ങൾ നോക്കി പേസ്റ്റുകൾ വാങ്ങുന്നതും കാണാറുണ്ട്. എന്നാൽ ചതുരാകൃതിയിൽ ഉള്ള ഈ ചെറിയ നിറങ്ങൾക്ക് സത്യത്തിൽ അതിലെ ചേരുവകളുമായി യാതൊരു ബന്ധവുമില്ല. ഓരോ ടൂത്ത്പേസ്റ്റിന്റെയും നിർമാണപ്രക്രിയയിൽ വരുന്ന ചെറിയൊരു അടയാളം മാത്രമാണിവ. ഈ മാർക്കുകൾ അവയുടെ നിർമാണ സമയത്ത് ഓരോ പേസ്റ്റിന്റെ ട്യൂബ്യും കൃത്യമായി എവിടുന്നു മുറിക്കണമെന്നും മടക്കണമെന്നും അത് മുറിക്കുന്ന ലൈറ്റ് ബീം സെൻസറുകൾക്ക് ഒരു അടയാളമായി പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. അത്തരത്തിലുള്ള മാർക്കുകൾ വിവിധ നിറങ്ങളിൽ വരുന്നത് അത് വിവിധ സെൻസറുകളും യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നത് കൊണ്ട് മാത്രമാണ്.

മേൽ പ്രതിപാദിച്ച നിറങ്ങൾ കൂടാതെ മറ്റനവധി നിറങ്ങളും നമുക്ക് കാണാൻ സാധിക്കുന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ എല്ലാ നിറങ്ങളും ഒന്ന് തന്നെയാണ്.
ഒരു പേസ്റ്റിലെ ചേരുവകൾ അവയുടെ കവറുകളിൽ തന്നെ നമുക്ക് കാണാവുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!