Reshmi Thamban

Reshmi Thamban
Sub Editor, Nownext

പത്ത് കഴിഞ്ഞ് +2 വിന് എനിക്ക് അഡ്മിഷൻ കിട്ടിയില്ല എന്ന് കരുതുക. ഞാൻ അപേക്ഷിച്ച സ്കൂളുകളിലൊന്നും എനിക്ക് അഡ്മിഷൻ കിട്ടുന്നില്ല, എല്ലാ അലോട്മെന്റുകളും കഴിഞ്ഞ്, സപ്ലിമെന്ററി അലോട്മെന്റും വന്നു. അതിലും എനിക്ക് അഡ്മിഷൻ കിട്ടുന്നില്ല. ഞാൻ എന്ത് ചെയ്യണം? എനിക്ക് ഇനി പഠിക്കാൻ കഴിയില്ലേ? ഞാൻ പഠനം നിർത്തേണ്ടി വരുമോ? ചോദ്യമാണല്ലേ? എന്ത് ചെയ്യും? തീർച്ചയായും വഴിയുണ്ട്. തുടർന്ന് പഠിക്കാൻ കഴിയും അതിനുള്ള സൗകര്യങ്ങൾ നമുക്ക് സർക്കാർ തലത്തിൽ തന്നെ നിലവിലുണ്ട്. 

എൻ ഐ ഒ എസ് എന്ന് കേട്ടിട്ടുണ്ടോ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ആണ് എൻ ഐ ഒ എസ്. എന്തെങ്കിലും കാരണവശാൽ റെഗുലർ ആയി, സ്കൂളുകളിൽ ചെന്ന് പഠിക്കാൻ കഴിയാത്തവർക്കായി ഒരുക്കിയിട്ടുള്ള ഓപ്പൺ സ്കൂളിംഗ് സിസ്റ്റമാണ് എൻ ഐ ഒ എസ്. ഇവിടെ സാധാരണ +2 വിന്റെ അതെ തുല്യതയോടെ തന്നെ വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതയുള്ള +2 യോഗ്യത ലഭിക്കും. +2 മാത്രമല്ല, പത്താം ക്ലാസും, അതെ പോലെ തന്നെ ചെറിയ ക്ലാസുകളുടെ തുല്യത വിദ്യാഭ്യാസവും നേടാൻ കഴിയും. എല്ലാ ജനങ്ങൾക്കും സാക്ഷരരാക്കുക എന്ന ഒരു ലക്ഷ്യത്തോടെ ദേശീയ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതിയാണ് എൻ ഐ ഒ എസ്. അതുകൊണ്ട് തന്നെ തുടർ വിദ്യാഭ്യാസത്തിനു ആവശ്യമായിട്ടുള്ള യോഗ്യത എൻ ഐ ഒ എസ്  സർട്ടിഫിക്കറ്റിന്‌ ഉണ്ട് . എല്ലാ ജില്ലകളിലും സ്റ്റഡി സെന്ററുകളും, കൂടാതെ പരീക്ഷ സെന്ററുകളും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് അതാത് സെന്ററുകൾ ഓപ്റ്റ് ചെയ്യാൻ സാധിക്കും. 

national open schooling

നമ്മളിവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് എൻ ഐ ഒ എസ് +2 വിന്റെ കാര്യമാണ്. എനിക്ക് റെഗുലറായി പഠിക്കാൻ അഡ്മിഷൻ ലഭിച്ചില്ല എങ്കിൽ ഞാൻ എന്ത് ചെയ്യണം? ആദ്യമേ പറഞ്ഞതുപോലെ അവസരം ലഭിക്കാതെ പോയ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് എൻ ഐ ഒ എസ് പ്രവർത്തിക്കുന്നത്. ഏത് വർഷമാണോ വിദ്യാർത്ഥി +2 അഥവാ എൻ ഐ ഒ എസ് പ്രകാരം പറഞ്ഞാൽ സീനിയർ സെക്കന്ററി അഡ്മിഷൻ എടുക്കാൻ പോകുന്നത്, അന്നേ വർഷം ജൂലൈ 31 ന് അവർക്ക് 15 വയസ് പൂർത്തിയായിരിക്കണം. പക്ഷെ പ്രായപരിധി ഇല്ല. അംഗീകൃത ബോർഡിന്റെ പത്ത് അല്ലെങ്കിൽ തത്തുല്യം ഉണ്ടായിരിക്കണം. 

ഇനി എങ്ങനെയാണ് എൻ ഐ ഒ എസ് അഡ്മിഷൻ പ്രൊസീജ്യർ എന്ന് നോക്കാം. nios.ac.in എന്ന ഒഫിഷ്യൽ വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കണം. എല്ലാ വിധ ഫീസും ഓൺലൈൻ ആയിരിക്കും. സാധാരണ റെഗുലർ +2 വിന് ഏതൊക്കെ വിഷയങ്ങൾ പഠിക്കുന്നുണ്ടോ അവയൊക്കെ തന്നെ എൻ ഐ ഒ എസിലും പഠിക്കാൻ കഴിയും. സയൻസ് വേണമെങ്കിൽ സയൻസ്, അല്ല ഹ്യൂമാനിറ്റീസോ, കോമേഴ്‌സോ ആണെങ്കിൽ അതും പഠിക്കാം. കൂടെ ഒരു വൊക്കേഷണൽ സബ്ജെക്ട് കൂടി പഠിക്കണം. അതായത് വൊക്കേഷണൽ സബ്ജെക്ട് എന്നാൽ ഏതെങ്കിലും ഒരു സ്‌കിൽഡ് സബ്ജെക്ട് ആയിരിക്കും. അത് എൻ ഐ ഒ എസ് പ്രൊവൈഡ് ചെയ്തിരിക്കുന്നവയിൽ നിന്നും വിദ്യാർത്ഥിക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. കൂട്ടത്തിൽ രണ്ട്‌ ഭാഷകൾ നിർബന്ധമായും പഠിച്ചിരിക്കണം. ഇംഗ്ലീഷ് അല്ലെങ്കിൽ വിദ്യാർത്ഥിയുടെ താല്പര്യാനുസരണം എൻ ഐ ഒ എസ് പ്രൊവൈഡ് ചെയ്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കും. അഡ്മിഷൻ എടുത്ത് കഴിഞ്ഞാൽ ടെക്സ്റ്റ് ബുക്കുകളും സ്റ്റഡി മെറ്റീരിയലുകളും എല്ലാം കൊറിയറായി നമ്മുടെ വീടുകളിലെത്തും.

സാധാരണ +2 വിന് പഠിക്കേണ്ടത് ആറ് വിഷയങ്ങളാണ്. പക്ഷെ എൻ ഐ ഒ എസിൽ ഒരു വിഷയം കൂടുതൽ പഠിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള വേറൊരു വിഷയം കൂടി തിരഞ്ഞെടുത്തത് മൊത്തം 7 വിഷയങ്ങൾ പഠിക്കാൻ കഴിയും. എല്ലാ വർഷവും രണ്ട്‌ തവണയാണ് എൻ ഐ ഒ എസ് പരീക്ഷകൾ ഉണ്ടായിരിക്കുക. രണ്ട്‌ ബ്ലോക്കുകളായാണ് അഡ്മിഷനുകളെ തരാം തിരിച്ചിരിക്കുന്നത്. ഒന്നാമത്തെ ബ്ലോക്ക് അഡ്മിഷൻ ആരംഭിക്കുന്നത് ഏപ്രിൽ-മെയ് മാസങ്ങളിൽ ആയിരിക്കും. ആ സമയത്ത് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത വർഷം ഏപ്രിൽ- മെയ് മാസങ്ങളിൽ പരീക്ഷ എഴുതാൻ കഴിയും. രണ്ടാമത്തെ ബ്ലോക്ക് ആരംഭിക്കുന്നത് ഒക്ടോബർ-നവംബർ മാസങ്ങളിലാണ്. അതിന്റെ പരീക്ഷ അടുത്ത വർഷം ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കും. 

ഇത് കൂടാതെ എല്ലാ മാസങ്ങളിലും ഓൺ ഡിമാൻഡ് എന്ന പേരിൽ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം പരീക്ഷകൾ നടക്കും. ഇത് ഏതെങ്കിലും വിഷയങ്ങളിൽ തോറ്റ് പോയവർക്കോ, എന്തെങ്കിലും കാരണവശാൽ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കോ വേണ്ടി വീണ്ടും പരീക്ഷ എഴുതുന്നതിനുള്ള അവസരമാണ്. ഏത് സമയത്തും പരീക്ഷ എഴുതിയെടുക്കാൻ സാധിക്കും. പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾ ഓപ്റ്റ് ചെയ്തിട്ടുള്ള സ്റ്റഡി സെന്ററുകളിൽ പേഴ്സണൽ കോൺടാക്ട് പ്രോഗ്രാം എന്ന പേരിൽ ക്ലാസുകൾ നൽകും. അത് വിദ്യാർത്ഥികളെ പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന സെഷനാണ്. 

അപ്പൊ പറഞ്ഞുവന്നത്, ഏതെങ്കിലും കാരണവശാൽ പത്ത് കഴിഞ്ഞ് +2 റെഗുലറായി പഠിച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല നിങ്ങൾക്കെങ്കിൽ ഒരു കാരണവശാലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല, എൻ ഐ ഒ എസ് എന്ന മാർഗം നിങ്ങളുടെ മുന്നിലുണ്ട്. നിങ്ങൾക്കും തുടർന്ന് പഠിക്കാൻ സാധിക്കും. തുടർപഠനത്തിന്‌ സഹായിക്കുന്ന തുല്യത സർട്ടിഫിക്കറ്റോടുകൂടിയാണ് എൻ ഐ ഒ എസ് +2 നൽകുന്നത്. നിങ്ങൾക്ക് എന്താണോ താല്പര്യം, അത് പഠിക്കാൻ സാധിക്കും. ഡോക്ടറാവണോ, എൻജിനീയരാവണോ, ഡിഗ്രി പഠിക്കണോ, പി എസ് സി എഴുതണോ, വക്കീലാവാണോ, എന്താണോ താല്പര്യം, എൻ ഐ ഒ എസിൽ നിന്നും +2 പഠിച്ച് ആവശ്യമായ മാർക്കോടെ പാസാവുകയാണെങ്കിൽ നിങ്ങൾക്കും സാധിക്കും. യൂണിവേഴ്സിറ്റിയുടെ തത്തുല്യ സർട്ടിഫിക്കറ്റ് നേടിയാൽ മതിയാവും. ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റികളിലൊന്നും എൻ ഐ ഒ എസ് സർട്ടിഫിക്കറ്റ് ആണ് എന്ന ഒറ്റക്കാരണത്താൽ നിങ്ങൾക്ക് അഡ്മിഷൻ ലഭിക്കാതെ പോവില്ല. അതുകൊണ്ട് ധൈര്യമായി എൻ ഐ ഒ എസ് വഴി +2 പഠിക്കാം.