Reshmi Thamban

Reshmi Thamban
Sub Editor, Nownext

മനോഹരങ്ങളായ കാഴ്ചകൾകൊണ്ടും നിരവധി വിസ്മയങ്ങൾ കൊണ്ടും സമ്പന്നമാണ് കാശ്മീരിലെ ലേ. പ്രകൃതി വിസ്മയങ്ങളുടെ താഴ്‌വരയായ ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഒരു മുഖ്യ ഘടകമാണ് മാഗ്നെറ്റിക് ഹിൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമെന്നറിയപ്പെടുന്ന ലഡാക്കിൽ അത്ഭുതങ്ങളുമായ് നമ്മളെ കാത്തിരിക്കുന്ന ഇടമാണ് ലേയിലെ വാഹനങ്ങൾ തനിയെ ചലിക്കുന്ന മാഗ്നെറ്റിക് ഹിൽ. ശ്രീനഗറിലേക്കുള്ള ദേശീയപാതയിൽ, ലേയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഈ മലയുടെ സ്ഥാനം.

Magnetic hill

മാഗ്നെറ്റിക് ഹിൽ ഇത്രയധികം ശ്രദ്ധിക്കപ്പെടാനുള്ള കാരണം എന്താണെന്നുവച്ചാൽ, മലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എഞ്ചിൻ  ഓഫാണെങ്കിലും അവ കുന്ന് കയറുന്നത് കാണാം. അതായത് എഞ്ചിൻ ഓഫായിരിക്കുന്ന ഒരു കാറിന് മണിക്കൂറിൽ ഇരുപത് കിലോമീറ്റർ വേഗതയിൽ മുകളിലേയ്ക്ക് സഞ്ചരിക്കാൻ കഴിയും.

കെട്ടുകഥയെന്ന് പറയാൻ വരട്ടെ! സംഭവം സത്യം തന്നെയാണ്. ഗുരുത്വാകർഷണത്തെ എതിർക്കുകയാണ് ഈ കുന്ന് എന്നാണ്  പറയപ്പെടുന്നത്. അസാധാരണമായ ഈ പ്രതിഭാസം കാരണം ‘മിസ്റ്ററി ഹിൽ’, ‘ഗ്രാവിറ്റി ഹിൽ’ എന്നിങ്ങനെ നിരവധി പേരുകളിലാണ് മാഗ്‌നെറ്റിക് ഹിൽ അറിയപ്പെടുന്നത്. കൗതുകകരമായ ഈ പ്രതിഭാസത്തിന് പല വിശദീകരണങ്ങളുണ്ടെങ്കിലും ലഡാക്കിലെ ഗ്രാമവാസികൾ ഇന്നും വിശ്വസിക്കുന്നത് പണ്ട് കാലത്ത് ഇവിടം സ്വർഗത്തിലേക്കുള്ള പാതയായിരുന്നു എന്നാണ്.

സമുദ്രനിരപ്പിൽ നിന്നും പതിനാലായിരം അടി മുകളിലാണ് മാഗ്നെറ്റിക് ഹില്ലിന്റെ സ്ഥാനം. അവിടെ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിനു സമീപം ന്യൂട്രൽ ഗിയറിൽ വാഹനം നിർത്തിയിട്ടാൽ അത് തനിയെ ചലിക്കാൻ തുടങ്ങും. 

Magnetic hill

ഈ പ്രതിഭാസത്തിൻ്റെ കാരണമെന്താണ്? 

ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുപോലുള്ള വിസ്മയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിലും, ഇന്ത്യയിൽ തന്നെ അഞ്ച് സംസ്ഥാനങ്ങളിലായി 6 ഇടങ്ങളിലും ഇതുപോലെ ഗ്രാവിറ്റി ഹിൽസ് ഉണ്ട്. ഒരു വിഭാഗം പറയുന്നത് ഈ പ്രദേശത്തെ ഉയർന്ന കാന്തികബലമാണ് ഇതിനു പുറകിലെ രഹസ്യമെന്നാണ്. തീവ്രമായ കാന്തിക ശക്തി കാരണം  ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ പോലും ഈ വഴി പറത്താറില്ല എന്നൊക്കെയാണ് പറയപ്പെടുന്നത്. കേൾക്കുമ്പോൾ ശാസ്ത്രീയമാണ് എന്ന് തോന്നുമെങ്കിലും ഇതിൽ വസ്തുതയില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

മറ്റൊരു വാദം മാഗ്‌നെറ്റിക് ഹില്ലിലെ  ഈ പ്രതിഭാസം വെറും ഒപ്റ്റിക്കൽ ഇല്യൂഷനാണെന്നാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നാൽ നമ്മൾ കണ്ണ് കൊണ്ട് കാണുന്നത് പോലെ ആയിരിക്കില്ല യാഥാർഥ്യം. കാണുന്ന കാഴ്ച തലച്ചോറിന് മനസിലാകുന്നതിന് നേരെ തിരിച്ചായിരിക്കും യാഥാർഥ്യം എന്ന് പറയാം. ഈ റോഡും അങ്ങനെയാണെന്നാണ് ചിലർ പറയുന്നത്. അതായത് റോഡിൽ ഒരു കുന്ന് ഉള്ളതായി നമുക്ക് തോന്നുമെങ്കിലും അതൊരു ഇറക്കമായിരിക്കും. അപ്പോൾ ഇറക്കത്തിൽ വണ്ടി നിർത്തിയിട്ടാൽ ഉറപ്പായും വാഹനം മുന്നോട്ട് പോകും. പക്ഷേ നമുക്കത് കുന്ന് കയറുന്നതായി അനുവഭപ്പെടും. ഇത്തരത്തിൽ ലോകത്ത് പലയിടത്തും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം മാഗ്നെറ്റിക് ഹില്ലുകൾ ഉണ്ട്. ഇനി നിങ്ങൾ ലേ – ലഡാക്ക് ഒക്കെ പോകുമ്പോൾ ഇവിടം പോയി നോക്കൂ. ഒരനുഭവം തന്നെ ആയിരിക്കും.