Reshmi Thamban

Reshmi Thamban
Sub Editor, Nownext

ലോകത്ത് എത്ര മനുഷ്യരുണ്ടാകും? ഉത്തരം ഒരു സെൻസസ് എടുത്ത് നോക്കിയാൽ അറിയാൻ കഴിയും അല്ലേ? പക്ഷെ ചോദ്യം ലോകത്ത് എത്ര ഉറുമ്പുകൾ ഉണ്ടാകും എന്നായാലോ? എങ്ങനെ കണ്ടുപിടിക്കും? ഏതായാലും തലയെണ്ണലും സെൻസസ് എടുക്കലുമൊന്നും ഉറുമ്പുകളുടെ കാര്യത്തിൽ നടപ്പില്ല. അപ്പൊ പിന്നെ എന്ത് ചെയ്യും? സംഭവം അസാധ്യമാണല്ലേ? ഏതായാലും ഉറുമ്പുകളുടെ എണ്ണമെടുക്കണം എന്ന ആഗ്രഹം തലയിൽ കയറിയ ശാസ്ത്രജ്ഞമാർ എന്നാണൊന്നും പോയില്ല. പക്ഷെ എണ്ണം കണ്ട് പിടിച്ചു. ഉറുമ്പുകളെക്കുറിച്ച് ലോകത്ത് ഇതുവരെ 489 പഠനങ്ങൾ നടന്നിട്ടുണ്ടത്രെ. ആ പഠനങ്ങളിൽ നിന്നൊക്കെ കിട്ടിയ വിവരങ്ങൾ വെച്ച് അവർ എണ്ണം കണ്ട് പിടിച്ചു. 

ants in the world

 

 

എണ്ണം കേട്ട് ഞെട്ടരുത്. ഇത്തിരിക്കുഞ്ഞൻ ഉറുമ്പുകളുടെ ആ ചെറിയ വലിയ എണ്ണം ഏകദേശം 20 ക്വാഡ്രില്യൺ വരും. എന്നുവെച്ചാൽ 20000 ട്രില്യൺ. അതായത് 20 കഴിഞ്ഞ് ഒരു പതിനഞ്ച് പൂജ്യം കൂടി ഇട്ടാൽ കിട്ടുന്ന സംഘ്യ. റേഷ്യോ വെച്ച് നോക്കിക്കഴിഞ്ഞാൽ ഒരു മനുഷ്യന് 25 ലക്ഷം ഉറുമ്പുകൾ എന്നൊരു കണക്ക് കൂടി കിട്ടും. ഈ പറഞ്ഞ 20 ക്വാഡ്രില്യൺ ഉറുമ്പുകളുടെ ആകെ ഭാരം കണക്ക് കൂട്ടിക്കഴിഞ്ഞാൽ അത് 12 മെഗാടൺ ഡ്രൈ കാർബൺ വരും. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ലോകത്തിലെ മുഴുവൻ ഉറുമ്പുകളെയും പിടിച്ച് കൂട്ടി നമ്മൾ ഭാരം അളക്കുകയാണെങ്കിൽ അത് ലോകത്തെ മുഴുവൻ പക്ഷികളുടെയും സസ്തനികളുടെയും മൊത്തം ഭാരത്തിനേക്കാൾ കൂടുതലായിരിക്കുമത്രേ. ഇത്തിരി കുഞ്ഞന്മാരുടെ കണക്കുകൾ മൊത്തത്തിൽ ഞെട്ടൽ മാത്രമുണ്ടാകുന്ന ഒരു കണക്കായി പോയി അല്ലേ? യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ കുറച്ച് ശാസ്ത്രജ്ഞരാണ് ഈ ഒരു നിഗമനത്തിനു പിന്നിൽ. ‘പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ്‘ സെപ്റ്റംബർ പത്തൊൻപത്തിന് സംഭവം പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ants in the world

ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം ഗവേഷകരുടെ ഒരു നൂറ്റാണ്ട് കാലത്തെ പഠനവും ഗവേഷണവും ഒക്കെ വിലയിരുത്തി കൊണ്ടാണ് ഗവേഷകർ ഇങ്ങനെ ഒരു നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. ഉറുമ്പുകളുടെ എണ്ണം കണ്ടുപിടിക്കാനുള്ള ഒരു ഗ്ലോബൽ പ്രോസസ്. എവിടെയൊക്കെ മനുഷ്യരുണ്ടോ അവിടെയൊക്കെ ഉറുമ്പുമുണ്ട് എന്നാണ് ഗവേഷകരുടെ ഭാഷ്യം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചിലഭാഗത്ത് നിന്ന് മാത്രമാണത്രെ ഡാറ്റ കിട്ടാതിരുന്നിട്ടുള്ളത്. മനുഷ്യരെത്തിയ  പോലെ തന്നെ എല്ലായിടത്തും ഉറുമ്പും സഞ്ചരിച്ച് എത്തിയിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ. അതിശൈത്യ മേഖലകളിൽ മാത്രമാണ് ഒഴിഞ്ഞ് പോയിട്ടുള്ളതും. പ്രശസ്ത മിർമെക്കോളജിസ്റ്റ് അഥവാ ഉറുമ്പ് ഗവേഷകൻ ഇ.ഓ.വിത്സൺ പറഞ്ഞിട്ടുള്ളത്, ഞാൻ എവിടെയൊക്കെ ചെന്നാലും അവിടത്തെ മനുഷ്യരുടെയും പ്രകൃതിയുടെയും സ്വാഭാവം എത്രയൊക്കെ വ്യത്യസ്തമാണെങ്കിലും അവിടെയൊക്കെ ഉറുമ്പുകളുണ്ട് എന്നാണ്. 

മണ്ണ് തുരന്നും മണ്ണിൽ വായു സഞ്ചാരം കൂട്ടിയും അതുവഴി മണ്ണിൽ ജൈവാവശിഷ്ടങ്ങളെ കലർത്തി, വിത്തുകളെ മണ്ണിനടിയിലേക്ക് വലിച്ചുകൊണ്ടുപോയി മുളക്കാൻ സൗകര്യമൊരുക്കി കീടങ്ങൾക്കും ചെറുജീവികൾക്കും പക്ഷികൾക്കും സസ്തനികൾക്കും ആഹാരത്തിനുള്ള ഉറവിടമൊരുക്കി, ഈ കാണുന്ന ഭൂമിയെ ഭേദപ്പെട്ട ഒരു ഇടമാക്കുന്നതിൽ ഉറുമ്പിന് വലിയ പങ്കുണ്ട്. ഉറുമ്പുകളില്ലായിരുന്നെങ്കിൽ, നമ്മുടെ കാടുകളൊക്കെ ഉണങ്ങി വീണ മരങ്ങളുടെ വലിയ കൂമ്പാരങ്ങളായി കാണപ്പെട്ടേനെ. ഇൻസെക്റ്റുകളുടെ അപ്രത്യക്ഷമാകൽ എന്റമോളജിസ്റ്റുകൾ വളരെ ആശങ്കയോടെയാണ് കാണുന്നത്. ഉറുമ്പുകളുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഏതായാലും ലോകത്തെ മുഴുവൻ ഉറുമ്പുകളുടെയും എണ്ണമെടുക്കുക വഴി വളരെ വലിയ ഡാറ്റയാണ് പുറത്തുവന്നിരിക്കുന്നത്. ഉറുമ്പുകൾ നിസാരക്കാരല്ല. മനുഷ്യനെവിടെയുണ്ടോ അവിടെയൊക്കെ ഉറുമ്പുകളുമുണ്ട്. ആവാസവ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും ഭേദപ്പെട്ട നിലനിൽപിന് ഉറുമ്പുകളുണ്ടാവേണ്ടത് അത്യാവശ്യവുമാണ്. ഇമ്മിണി വലിയ ഉറുമ്പ് കണക്ക് തള്ളിക്കളയേണ്ട ഒന്നല്ല.