Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

വരുമോ? എപ്പോ വരും? വരും, വരാതിരിക്കില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ചർച്ചകളൊക്കെ ഇങ്ങനെയാണ് പോകുന്നത്. സാമ്പത്തിക മാന്ദ്യം വരുമോ? വരുമെങ്കിൽ എപ്പോ വരും? എന്തായാലും അടുത്ത വർഷം ആദ്യം തന്നെ വരും. ഇങ്ങനെ നീളുന്നുണ്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളിലൊക്കെ ഇതിനോടകം, സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും അഭിപ്രായങ്ങളും ധാരാളം വന്നു കഴിഞ്ഞു. 2008 ലെ അനുഭവം മുൻനിർത്തി ഇനിയൊരു സാമ്പത്തിക മാന്ദ്യം വന്നാൽ അതിന്റെ തോത് എത്രത്തോളമായിരിക്കും? എങ്ങനെ ബാധിക്കും? ആരെയൊക്കെ ബാധിക്കും? രാജ്യങ്ങൾ ഇതിനെ അതിജീവിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യചിഹ്നങ്ങളാണ് എല്ലായിടത്തും ഉയരുന്നത്. 

economic crisis

എല്ലാ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ എല്ലാവരും എത്തിച്ചേരുന്നത് ഏതാണ്ട് ഒരേ അഭിപ്രായത്തിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം സംഭവിച്ചേക്കും. സാധ്യതകൾ അസ്ഥാനത്തല്ല. ഏറ്റവുമാദ്യം ബാധിക്കുക യുണൈറ്റഡ് സ്റ്റേറ്റ്സിനെ തന്നെ. അതും വളരെ രൂക്ഷമായി തന്നെ ബാധിക്കാം. 2008 ലേത് പോലെ പെട്ടന്നവസാനിക്കുന്ന ഒന്നാവില്ല ഇത്തവണ സംഭവിക്കാൻ പോകുന്നത്. ലോങ്ങ്, സിവിയർ, ആൻഡ് അഗ്ലി. പറഞ്ഞത് 2008 ലെ സാമ്പത്തിക മാന്ദ്യം ആദ്യമായി പ്രവചിച്ച എക്കണോമിസ്റ്റുകളിൽ ഒരാളായ, ഡോ. ഡൂം എന്നറിയപ്പെടുന്ന നോറിയൽ റുബീനിയാണ്. 2022 ന്റെ അവസാനത്തോടെ സാമ്പത്തിക മാന്ദ്യം യുണൈറ്റഡ് സ്റ്റേറ്റ്സിനെ ബാധിക്കും. 2023 ഓടെ അത് ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കും. വർഷം മുഴുവൻ മാന്ദ്യം തുടരുകയും ചെയ്യും. 

ബിറ്റ് കോയിനെ വെല്ലാൻ ഇന്ത്യയുടെ ഇ – റുപ്പി?

നെഡ് ഡേവിസ് റിസർച്ച് ടീം നടത്തിയ പ്രോബബിലിറ്റി മോഡൽ പ്രകാരം ആഗോള സാമ്പത്തികമാന്ദ്യമുണ്ടാവാൻ 98.1 % ചാൻസുണ്ടെന്നാണ് പറയുന്നത്. ഇതിനുമുൻപ് പ്രോബബിലിറ്റി മോഡൽ ഇത്രയും ഉയർന്നത്, സിവിയറായിട്ടുള്ള എക്കണോമിക് ക്രൈസിസ് ഉണ്ടായിട്ടുള്ള സമയങ്ങളിൽ മാത്രമായിരുന്നു. ഏറ്റവും ഒടുവിൽ 2020 ലും മുൻപ് സാമ്പത്തിക മാന്ദ്യമുണ്ടായ 2008 ലും ശേഷം 2009 ലും ആയിരുന്നു അത്. അതുകൊണ്ട് തന്നെ സമാനമായ തകർച്ചയിലേക്കാണ് സാമ്പത്തിക രംഗം കൂപ്പുകുത്താൻ പോകുന്നത് എന്നാണ് വിദഗ്ധരുടെ ഭാഷ്യം. 

കോവിഡ് 19 ആഗോള തലത്തിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മുന്നേ സംഭവിച്ച റഷ്യ – ഉക്രൈൻ യുദ്ധവും, പിന്നാലെ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉപരോധമേർപ്പെടുത്തിയതുമൊക്കെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കും എന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ ഉപരോധമേർപ്പെടുത്തിയത് യൂറോപ്പ്യൻ രാജ്യങ്ങളെ ഭീകരമായി തന്നെ ബാധിച്ചിട്ടുണ്ട്. സപ്ലൈ ചെയിനെയും ആഗോള- പ്രാദേശിക കണെക്ടിവിറ്റിയെയും കോവിഡ് 19 ബാധിച്ചതും അതിരൂക്ഷമായാണ്. പിന്നാലെ വന്ന യുദ്ധവും സാമ്പത്തികപ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണുണ്ടായത്. 

2023 ൽ ആഗോള സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു എന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ന്റെയും അഭിപ്രായം. ആഗോള സാമ്പത്തിക വളർച്ച 2026 ആവുമ്പോഴേക്കും 4 ട്രില്യൺ ഡോളർ ഇടിയുമെന്നും അത് നേരിട്ട് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ഐ എം എഫ് വിലയിരുത്തുന്നു. ഭക്ഷണം, പെട്രോൾ- പാചകവാതകം തുടങ്ങിയവയുടെ വില കൂടുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുകയും ചെയ്യും. ഇന്ത്യയെ ആഗോള സാമ്പത്തിക മാന്ദ്യം ഏത് രീതിയിൽ ബാധിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരവും ഇത് തന്നെയാണ്. ഇന്ധന വിലയും ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും തന്നെയാവും ഇന്ത്യൻ ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന പ്രശ്നങ്ങൾ. 

recession

മാന്ദ്യം മുന്നിൽ കണ്ട് ലോക രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ഏർപ്പെടുത്തുന്ന നികുതി വർധനവും ജനങ്ങളെ നേരിട്ട് ബാധിക്കും. തൊഴിലില്ലായ്മ 4 % ൽ നിന്നും 4.5% ആയി വർധിക്കും. പണപ്പെരുപ്പം കൂടും. സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ ദുരിത പൂർണമാവും. 

ചെറുകിട സംരംഭകർക്ക് ഇൻസ്റ്റന്റായി ലോൺ ലഭിക്കാൻ ഇനി OCEN

ആഗോള മാന്ദ്യമാണെങ്കിൽ പോലും ഇന്ത്യൻ സാമ്പത്തിക രംഗത്തെ അത്രകണ്ട് ബാധിക്കില്ല എന്നും പറയപ്പെടുന്നുണ്ട്. ഇന്ത്യയിൽ പണപ്പെരുപ്പം 7 % മാത്രമാണെന്നും, യുണൈറ്റഡ് സ്റ്റേറ്റ്സിലും പല യൂറോപ്പ്യൻ രാജ്യങ്ങളിലും ഇത് ഇപ്പോൾ തന്നെ 8 % ആണെന്നുമാണ് കണക്കുകൾ കാണിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സേഫ് സോണിലാണെന്നും പറയപ്പെടുന്നു. പക്ഷെ, ഡോളറിനെതിരെ ഇന്ത്യൻ രൂപ കഴിഞ്ഞ ഒരു മാസത്തിനിടെ ഇടിഞ്ഞത് 82 ൽ നിന്നും 82 രൂപ 75 പൈസയായാണ്. അത്രകണ്ട് ആശ്വസിക്കാവുന്ന നിലയിലല്ല നമ്മളുമുള്ളത്. ഏതായാലും സാമ്പത്തിക രംഗത്തെ ഈ സൂചനകൾ ആശ്വസിക്കാവുന്ന വകകളൊന്നും തന്നെ നൽകുന്നില്ല. ആഗോള തലത്തിൽ മാന്ദ്യം സംഭവിക്കുമ്പോൾ ഇന്ത്യയെ അത് എത്രകണ്ട് ബാധിക്കുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല. 2008 ൽ ഒരുതവണ നമ്മൾ ഭവിഷ്യത്ത് നേരിട്ടതുമാണ്. ഏതായാലും കണ്ടറിയണം, എപ്പോൾ വരുമെന്നും, എങ്ങനെ പോകുമെന്നും.