ബിറ്റ് കോയിൻ പോലൊരു ഡിജിറ്റൽ റുപ്പി. സി ബി ഡി സി എന്ന ഇന്ത്യയുടെ ഇ റുപ്പിയുടെ കൺസെപ്റ്റ് നോട്ട് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. 2022 അവസാനത്തോടെ ഡിജിറ്റൽ റുപ്പിയുടെ പൈലറ്റ് വേർഷൻ പുറത്തിറക്കാനാണ് ആർ ബി ഐയുടെ തീരുമാനം.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സി ബി ഡി സി എന്നാണ് ആർ ബി ഐ പുറത്തിറക്കാൻ പോകുന്ന ഇ-റുപ്പി അല്ലെങ്കിൽ ഡിജിറ്റൽ റുപ്പിയുടെ വിളിപ്പേര്. ആർ ബി ഐ യുടെ ഭാഷയിൽ പറഞ്ഞാൽ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന ലീഗൽ ടെൻഡർ ആണ് ഇത്. അതിന് നിലവിൽ അംഗീകാരമുള്ള കറൻസിയുടെ അതെ മൂല്യമുണ്ടാവുമെന്ന് മാത്രമല്ല, നമ്മുടെ കറൻസിയുമായി ഈ ഡിജിറ്റൽ റുപ്പി നമുക്ക് എക്‌സ്‌ചേഞ്ച് ചെയ്യാനും പറ്റും.

ബിറ്റ് കോയിനിൽ നിന്നും ഇൻസ്പയേർഡ് ആയി തന്നെയാണ് ആർ ബി ഐ, സി ബി ഡി സി എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. പൂർണമായും ലീഗലായ ഒരു ടെണ്ടർ മുന്നോട്ട് വെച്ചു എന്ന് മാത്രം. ഡിജിറ്റൽ റുപ്പി പ്രാബല്യത്തിൽ വരുന്നതോടെ, വ്യക്തികൾക്ക് വിദേശത്തേക്കും സ്വദേശത്തേക്കുമുള്ള ട്രാൻസാക്ഷൻസ് ഒക്കെയും ഒരു ബാങ്കിന്റെയോ അല്ലെങ്കിൽ ഏതെങ്കിലും തേർഡ് പാർട്ടി ഫിനാൻഷ്യൽ ബോഡിയുടെയോ സഹായമില്ലാതെ ചെയ്യാൻ കഴിയും. കൊമേർഷ്യൽ ബാങ്ക് മണിയോടും കാഷിനോടും വളരെ ഈസിയായി ഈ ഡിജിറ്റൽ റുപ്പി നമുക്ക് മാറ്റിയെടുക്കാൻ കഴിയും. പണം ഉപയോഗിച്ചുള്ള കൊടുക്കൽ വാങ്ങലുകൾ കുറയാൻ സി ബി ഡി സി കാരണമാകും.

സി ബി ഡി സി രണ്ട് തരമുണ്ട്. റീറ്റെയ്ൽ ആവിശ്യങ്ങൾക്കും മറ്റ് സാധാരണ ട്രാൻസാക്ഷൻസിനുമായി രൂപ കല്പന ചെയ്തിട്ടുള്ള ‘സി ബി ഡി സി – റീറ്റെയ്ൽ’. അതേപോലെ ഹോൾ സെയിൽ ആവിശ്യങ്ങൾക്കും, റെസ്ട്രിക്ടഡ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്ന ‘സി ബി ഡി സി – ഹോൾ സെയിൽ’ എന്നിങ്ങനെ. ഇന്റെർബാങ്ക് സെറ്റിൽമെന്റ് പോലുള്ള കാര്യങ്ങൾക്കായിരിക്കും ഹോൾ സെയിൽ സി ബി ഡി സി ഉപയോഗിക്കുക.

മറ്റ് ഡിജിറ്റൽ പണമിടപാടുകളിൽ നിന്നും സി ബി ഡി സി ക്ക് ഉള്ള വ്യത്യാസവും അതെ പോലെ തന്നെ പ്രത്യേകതയും എന്താണെന്നു വച്ചാൽ, സി ബി ഡി സി പൂർണമായും ആർ ബി ഐ യുടെ കീഴിലാണ് വരിക. അതായത് സി ബി ഡി സി യുടെ പൂർണ ഉത്തരവാദിത്തം ആർ ബി ഐ ക്ക് ആയിരിക്കും.

ഇടപാടുകാരുടെ പ്രൈവസി കുറയുമെന്നതാണ് ഇങ്ങനെ വരുമ്പോഴുള്ള ഒരു നെഗറ്റീവ്. ഇടപാടുകാരന്റെ സ്വകാര്യത പോലുള്ള വിഷയങ്ങളിൽ ആർ ബി ഐ കുറച്ചുകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, ഫുൾ കൺട്രോൾ ആർ ബി ഐ ക്ക് ആവുന്നതോടെ മറ്റ് കൊമേർഷ്യൽ ബാങ്കുകളുമായുള്ള മത്സരവും ഉണ്ടാവാനിടയുണ്ട്. സി ബി ഡി സി യുടെ കടന്നുവരവോടെ നിലവിലുള്ള പണ വിനിമയം പൂർണമായും ഇല്ലാതാവുമോ എന്ന പേടി പക്ഷെ ആർക്കും വേണ്ട. കാരണം ഇതൊരിക്കലും നിലവിലുള്ള സാമ്പത്തിക വിനിമയ സമ്പ്രദായത്തെ റീപ്ലേസ് ചെയ്യുന്നില്ല, മറിച്ച് പണമിടപാടുകൾ കുറച്ചുകൂടി എളുപ്പമാക്കുകയാണ് ചെയ്യുന്നത്.

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്ലാന്റിക് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ആഗോള ജി ഡി പി യുടെ 95 ശതമാനവും വഹിക്കുന്ന 105 രാജ്യങ്ങൾ ഇതിനോടകം സി ബി ഡി സി കൾ വികസിപ്പിക്കുകയും പൈലറ്റ് ചെയ്യുകയും ശേഷം ലോഞ്ച് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യുന്ന തിരക്കിലേർപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ബഹാമസ്, ജമൈക്ക പോലുള്ള പതിനൊന്നോളം ചെറിയ രാജ്യങ്ങൾ സി ബി ഡി സി കൾ ലോഞ്ച് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ചൈന, യു എ ഇ, സൗത്ത് കൊറിയ, സിംഗപ്പൂർ അടക്കമുള്ള 16 ഓളം രാജ്യങ്ങൾ നിലവിൽ സ്വന്തം സി ബി ഡി സി കൾ പൈലറ്റ് ചെയ്തുകൊണ്ടിരിക്കുകയുമാണ്.

ഇന്ത്യയും സി ബി ഡി സി യുടെ പൈലറ്റിങ് ഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണ്. നമ്മുടെ രാജ്യത്ത് ഈ ഡിജിറ്റൽ പണമിടപാട് രീതി എത്രത്തോളം ജനകീയമാകുമെന്നും എത്രകണ്ട് വിജയകരമാകുമെന്നും കാത്തിരുന്ന് കാണേണ്ട വിഷയമാണ്. ബഹാമസിലും ജമൈക്കയിലുമൊക്കെ വിജയം കണ്ട സി ബി ഡി സി ഇന്ത്യയിലും സ്വീകാര്യമാകുമെന്ന് തന്നെ പ്രത്യാശിക്കാം.