തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോൾ നമ്മുടെ നാടിൻ്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (കെ–-ഡിസ്‌ക്‌) രൂപീകരിച്ച  വൈ ഐ പി അഥവാ യങ് ഇന്നവേറ്റീവ് പ്രോഗ്രാം. ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യം ഉയർത്തി വിദ്യാർത്ഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തി നാടിൻ്റെ  സർവ്വ മേഖലയിലും വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ഇതിനോടകം ഒട്ടനവധി വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, കൃഷി, ഊർജ സംരക്ഷണം, ആയുർവേദം, തുടങ്ങി നിത്യജീവിതത്തിൽ നമുക്ക് ഉപയോഗപ്രദമാകുന്ന പല കണ്ടുപിടിത്തങ്ങളുമാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾ  കാഴ്ചവെച്ചത്.

കേരളത്തിലെ കർഷകരുടെ വലിയ ഒരു പ്രശ്നമായിരുന്നു കുളവാഴ. എന്നാൽ ‘മാലിന്യത്തിൽ നിന്നും സമ്പത്ത്’ എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് ഈ കുളവാഴ പ്രശ്നത്തെ പണമുണ്ടാക്കാനുള്ള ഒരു മാർഗമാക്കി മാറ്റിയെടുത്തിരിക്കുകയാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ പങ്കെടുത്ത ഗവേഷക വിദ്യാർത്ഥി അനൂപ് കുമാർ . കുളവാഴയിൽ നിന്നും സമൂഹത്തിന് ഉപകാരപ്രദമാകുന്ന പല വസ്തുക്കളും ഉല്പാദിപ്പിച്ചും, അത് വില്പന നടത്തിയുമാണ് ആലപ്പുഴ സനാതന ധർമ്മ കോളജിലെ ഗവേഷക വിദ്യാർത്ഥി ഇത് സാധ്യമാക്കിയത്. വളരെയധികം കായികാധ്വാനം ആവശ്യമായുള്ള ഒരു തൊഴിൽ മേഖലയാണ് കൃഷി. ആ കാർഷിക മേഖലയെ കുറച്ചുകൂടി ലളിതമാക്കുവാൻ വേണ്ടിയാണ് ഒന്നിൽകൂടുതൽ ആവശ്യങ്ങൾക്കായി കർഷകർക്ക് ഉപയോഗിക്കുവാൻ കഴിയുന്ന Multipurpose Agricultural vehicle എന്ന ആശയവുമായി കോഴിക്കോട് ജില്ലയിലെ സികെജി മെമ്മോറിയൽ എച്ച്.എസ് എസിലെ പ്ലസ്ടു വിദ്യാർത്ഥി അദ്വൈത് വൈ.ഐ.പി പ്ലാറ്റ്ഫോമിലെത്തിയത്.

റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഹെർബൽ കൊതുക് നാശിനി എന്ന ആശയം അനുരൂപയിൽ ഉടലെടുത്തത് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ എത്തിയപ്പോഴായിരുന്നു. കേരള യൂണിവേഴ്സിറ്റിയിലെ കൊമിറ്റേഷൻ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക് വിഭാഗത്തിലെ റിസേർച്ച് സ്കോളർ കൂടിയായ അനുരൂപയുടെ ആശയം സാക്ഷാത്ക്കരിക്കാൻ സഹായമായത് വൈ.ഐ.പി പ്ലാറ്റ്ഫോമായിരുന്നു. വാഹന മോഷണത്തിന് അടിവരയിടുക എന്ന ലക്ഷ്യത്തോടെയാണ് റിജു തോമസും ടീമും വൈ.ഐ.പിയുടെ സഹായത്തോടെ ഫിംഗർപ്രിന്റ് ബൈക്ക് സ്റ്റാർട്ടർ എന്ന തങ്ങളുടെ ആശയത്തിന് ചിറക് നൽകിയത്.

ഇതുപോലെ ഒട്ടനവധി വിദ്യാർത്ഥികളാണ് വൈ ഐ പി പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ ആശയങ്ങൾക്ക് വെളിച്ചം നൽകിയത്.

“ദൈനംദിന ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളർത്താമെന്ന് കാണിച്ച് തരികയാണ് കെ ഡിസ്ക് ആവിഷ്കരിച്ച വൈഐപി. സ്വന്തമായി ആശയങ്ങളുള്ള 13 വയസുള്ള വിദ്യാർത്ഥികൾ മുതൽ 37 വയസ്സുവരെയുള്ളവർക്കാണ് കെ ഡിസ്ക് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ അവസരം ലഭിക്കുക ” – കെഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണൻ പറഞ്ഞു. 2018 ൽ കേരളത്തിൽ തുടക്കം കുറിച്ച പദ്ധതി മറ്റ് സംസ്ഥാനങ്ങൾക്കും ഇതിനോടകം മാതൃകയായി കഴിഞ്ഞുവെന്നും അഞ്ചുവർഷത്തിൽ 20 ലക്ഷം വിദ്യാസമ്പന്നർക്ക്‌ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയിലൂടെ വീട്ടിലിരുന്ന് ജോലി, വീടിനടുത്ത്‌‌ ജോലി തുടങ്ങിയ തൊഴിൽ സംസ്കാരങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയങ്ങൾ അവതരിപ്പിക്കുവാനും, നിർദ്ദേശകരെ തിരഞ്ഞെടുക്കാനുമൊക്കെ വൈ ഐ പി പ്ലാറ്റ്ഫോംമിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും. ഉന്നത യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരെയാണ് വിദ്യാർത്ഥികൾക്കുള്ള മെന്ററായി കെ- ഡിസ്ക് നൽകുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ കാലിടറാതെ വിദ്യാർത്ഥികളെ ഇവർ ചേർത്ത് നിർത്തുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച  പ്രോജെക്ടിന് ജില്ലാതലത്തിൽ 25000 രൂപയും സംസ്ഥാന തലത്തിൽ 50000 രൂപയുമാണ് സമ്മാനമായി നൽകുന്നത്.